മലപ്പുറം: പ്രാദേശിക നേതാക്കളുടെ എതിർപ്പ് മറികടന്ന് പി.കെ കുഞ്ഞാലിക്കുട്ടിയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിനെതിരെ കൊണ്ടോട്ടിയിൽ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാൻ പ്രവർത്തകർ എത്തിയില്ല. ഒരു മണിക്കൂറിലധികം നേതാക്കൾ കാത്തിരുന്നിട്ടും പ്രവർത്തകർ ആരും സ്ഥലത്ത് എത്തിയില്ല. തുടർന്ന് സ്വീകരണ പരിപാടി അലങ്കോലമായതോടെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.

മലപ്പുറം ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള സ്വീകരണ പരിപാടിയാണ് പ്രവർത്തകർ ബഹിഷ്‌ക്കരിച്ചതിനെ തുടർന്ന് അലങ്കോലമായി. മുസ്‌ളിം ലീഗിന്റെ ശക്തി കേന്ദ്രമായ കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട്ട് ആണ് ലീഗ് സ്ഥാനാർത്ഥി കുഞ്ഞാലികുട്ടിക്ക് ഒരുക്കിയ സ്വീകരണത്തിൽ ആളില്ലാതായത്. ഇതോടെ കുഞ്ഞാലികുട്ടി സീകരണം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

സംസ്ഥാന നേതൃത്വത്തിൽ ഉള്ളപ്പോഴും കുഞ്ഞാലികുട്ടിക്കെതിരെ ഇവിടെ പ്രതിഷേധം വ്യാപകമായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലികുട്ടിയെ സ്ഥാനാർത്ഥി ആക്കരുതെന്ന് ഇവിടെ നിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് വക വെയ്ക്കാതെ സ്ഥാനാർത്ഥിയാക്കിയതിനാലാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയാക്കരുതെന്ന് നേതാക്കളടക്കം നേരത്തെ ജില്ലാ, സംസ്ഥാന നേതൃത്വത്തോട് പറഞ്ഞിരുന്നു. ഇത് വകവയ്ക്കാതെ സ്ഥാനാർത്ഥിയാക്കിയതിനാലാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു ചീക്കോട് അങ്ങാടിയിൽ സ്വീകരണം പ്രഖ്യാപിച്ചിരുന്നത്. രണ്ട് മണിയായിട്ടും പരിപാടി നിശ്ചയിച്ച കേന്ദ്രത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. ഇതേ തുടർന്ന് ചീക്കോട് ഉപേക്ഷിച്ച് അടുക്ക സ്വീകരണ കേന്ദ്രമായ ചെറിയപറമ്പ് സ്വീകരണകേന്ദ്രത്തിലേക്ക് പോകാൻ സ്ഥാനാർത്ഥിക്ക് നിർദ്ദേശം നൽകി. ചീക്കോടെത്തിയ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായാണ് അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക് മടങ്ങിയത്.

ചീക്കോട് പഞ്ചായത്തിൽ ലീഗിനുള്ളിൽ വർഷങ്ങളായി വിഭാഗീയത രൂക്ഷമാണ്. ലീഗിനുള്ളിലെ രണ്ട് വിഭാഗവും ശക്തമായി തന്നെ പരസ്പരം പോരടിച്ചു പോരുന്ന കാഴ്ചയായിരുന്നു. ചീക്കോടുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്തില്ലെന്നാണ് ഇരു വിഭാഗത്തിന്റെയും ആക്ഷേപം. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ പര്യടനത്തിൽ രണ്ട് ഗ്രൂപ്പുകളും സ്ഥാനാർത്ഥിക്കെതിരെ തിരിഞ്ഞ സാഹചര്യമാണ്. ലീഗിന് സ്വാധീനമുള്ള ചീക്കോട് അങ്ങാടിയിൽ കാലുകുത്താൻ കുഞ്ഞാലിക്കുട്ടിയെ അനുവദിക്കില്ലെന്ന് നേരത്തെതന്നെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

ചീക്കോട് അങ്ങാടിയിൽ ഒരുക്കിയ സ്വീകരണത്തിന് ഒരു പ്രതികരണവും ലീഗ് പ്രാദേശിക നേതൃത്വം നൽകിയില്ല. ലീഗിനുള്ളിലെ പ്രശ്‌നം മുതലെടുക്കാനാണ് ഇടതു മുന്നണിയുടെ പദ്ധതി. അതേ സമയം കുഞ്ഞാലിക്കുട്ടിയുടെ നിർദേശപ്രകാരം അനുരജ്ഞന ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിനുള്ള തിരക്കിട്ട നീക്കവും നടന്നു വരുന്നുണ്ട്.