- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് പറഞ്ഞത് കോൺഗ്രസിൽ ന്യൂനപക്ഷമേ ഉള്ളൂ എന്ന്; ഇപ്പോൾ ന്യൂനപക്ഷ വിഭാഗം ഇല്ലെന്നും'; കോടിയേരി കാർഡ് മാറ്റി കളിക്കുന്നതുകൊള്ളാമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോടിയേരിയെ പോലൊരു നേതാവ് ഇങ്ങനെ പറയുന്നത് അത്ഭുപ്പെടുത്തുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യത്ത് കോൺഗ്രസിനെ അല്ലാതെ മറ്റാരെയാണ് ന്യൂനപക്ഷ ജനവിഭാഗം പിന്തുണക്കേണ്ടത്. ബിജെപിക്ക് പകരമാകാൻ കോൺഗ്രസ് ഇല്ലാതെ എങ്ങനെയാണ് കഴിയുക. സിപിഎമ്മിനകത്ത് തന്നെ ഇതിനോട് യോജിച്ച അഭിപ്രായം ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.
'മുമ്പ് യു.ഡി.എഫിൽ ന്യൂനപക്ഷങ്ങൾ മാത്രമായിരുന്നു എന്നായിരുന്നു ആരോപണം. കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി എന്നായിരു പണ്ട് പറഞ്ഞിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് ഹസൻ, അമീർ, കുഞ്ഞാലിക്കുട്ടി എന്നായിരുന്നു.
ഇപ്പൊ ന്യൂനപക്ഷം ഇല്ല എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓരോ തവണയും കാർഡ് മാറ്റിക്കളിക്കുകയാണ് സിപിഎം. കാർഡ് മാറ്റുന്നതൊക്കെ കൊള്ളാം. പക്ഷേ ഇത്ര പച്ചക്കാകുമ്പോൾ അത്ര ഗുണം ചെയ്യില്ല,' കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യത്തിനനുസരിച്ചാണ് കോടിയേരി നിലപാട് മാറ്റുന്നത്. ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഞങ്ങൾക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പാർലമെന്റിൽ സിപിഐ.എമ്മിന് നാമമാത്ര പ്രതിനിധികളുള്ളത് കോൺഗ്രസിന്റെ പിന്തുണയോടെയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സർക്കാരിന്റെ പരാജയങ്ങളിലെ ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാക്പോരിന് തുടക്കമിട്ടത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരി കണ്ണൂരിൽ മാധ്യമങ്ങളെ കാണുന്നതിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ചത്. ആർ എസ് എസിന് അനുകൂലമായ നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്.
മോഹൻ ഭാഗവതിന്റെ പ്രസംഗത്തിന് അനുസൃതമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന എന്നും കോടിയേരി ആരോപിച്ചു.കോൺഗ്രസിൽ ന്യൂനപക്ഷ നേതാക്കളെയൊക്കെ ഒതുക്കി വച്ചിരിക്കുകയാണെന്ന മുൻ ആരോപണവും കോടിയേരി ആരോപിച്ചു. ഗുലാം നബി ആസാദ്, സൽമാൻ ഖുർഷിദ് തുടങ്ങിയവർ എവിടെ എന്ന ചോദ്യം ഉന്നയിച്ച കോടിയേരി കോൺഗ്രസിന്റെ നിലപാടിന്റെ ഭാഗമാണ് ഈ നടപടിയെന്നും ദേശീയ തലത്തിൽ പോലും അത് കാണാനാകുമെന്നും കുറ്റപ്പെടുത്തി.
പാർട്ടിയുടെ നേതൃത്വത്തിൽ ആര് വരണമെന്ന് കോൺഗ്രസ് തന്നെയാണ് തീരുമാനിക്കേണ്ടത്. മതപരമായ സംവരണം രാഷ്ട്രീയ പാർട്ടികളിൽ വേണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.രാജ്യത്ത് ബിജെപിക്ക് ബദൽ ആവാൻ കോൺഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
മൂന്നാം മുന്നണി എന്ന ആശയം പാർട്ടി കോൺഗ്രസിലില്ല. മികച്ചൊരു പ്രതിപക്ഷമാകാൻ പോലും കോൺഗ്രസിന് സാധിച്ചിട്ടില്ല. കോൺഗ്രസ് ഇന്ത്യയിൽ എവിടെയാണ്. പിന്നെ എങ്ങനെയാണ് ബദൽ ആകുന്നത് എന്നും കോടിയേരി ചോദിക്കുന്നു. കേരളത്തിൽ 20 പാർലമെന്റ് സീറ്റിലും സിപിഎമ്മിന് വിജയിക്കാൻ സാധിച്ചാൽ ബിജെപിയെ താഴെയിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും കോടിയേരി പങ്കുവച്ചു.
എന്നാൽ, കോടിയേരിയുടെ ആക്ഷേപങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണൻ വർഗീയത പറയാൻ മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ് എന്നും കുറ്റപ്പെടുത്തി. കോടിയേരി പാഷാണം വർക്കിയെ പോലെ മൂന്നാം കിട വർത്തമാനം പറയുകയാണ്. പച്ചയ്ക്ക് വർഗീയത പറയുകയാണ് അദ്ദേഹം ചെയ്യുന്നത്. കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്ന അദ്ദേഹം സ്വയം കണ്ണാടി നോക്കട്ടെ.
തരാതരം പോലെ വർഗീയത പറയുകയാണ് കോടിയേരി. വർഗീയതയ്ക്ക് വെള്ളവും വളവും നൽകുകയാണ് ഇവർ ചെയ്യുന്നത്. ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഐഎം ശ്രമം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ന്യൂന പക്ഷ നേതാക്കളെ കോൺഗ്രസ് ഒതുക്കുകയാണ് എന്ന ആരോപണത്തിന് മറുപടി പറഞ്ഞ അദ്ദേഹം കോൺഗ്രസ് സന്തുലിതമാണെന്നും എല്ലാ മത വിഭാഗങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ആരോപണം ഉന്നയിക്കുന്ന കോടിയേരി സിപിഐഎമ്മിൽ പിണറായി സെക്രട്ടറിയും വി എസ് മുഖ്യമന്ത്രിയും ആയി ഇരുന്നിട്ടുണ്ടെന്ന കാര്യം മറക്കരുത്. അന്ന് കോൺഗ്രസ് വിമർശനം ഉയർത്തിയിട്ടില്ലെന്നും ഓർമ്മിപ്പിച്ചു.
വിഡി സതീശന് പിന്നാലെയാണ് കോൺഗ്രസിന് എതിരായ വിമർശനത്തിൽ കോടിയേരിക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും രംഗത്ത് എത്തിയത്. കോൺഗ്രസിൽ ന്യൂനപക്ഷ വിഭാഗം ഇല്ല എന്ന് ഇപ്പോൾ പറയുന്നവർ നേരത്തെ ന്യൂനപക്ഷമേ ഉള്ളൂ എന്നായിരുന്നു പറഞ്ഞിരുന്നത് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുകയാണ് എന്നും കുറ്റപ്പെടുത്തി. 'കാർഡ് മാറ്റി മാറ്റി കളിക്കുന്നതുകൊള്ളാം' എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു
കോവിഡ് നിയന്ത്രണത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ട്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതുകൊണ്ടാണോ എന്ന് സംശയിക്കുന്നു. സിപിഎം മാത്രം നിയന്ത്രണങ്ങൾ പാലിക്കുന്നില്ല. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പരിപാടികൾ മാറ്റി എന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ