മലപ്പുറം: കുഞ്ഞാലിക്കുട്ടിക്കെതിരായി ഇടുതുപക്ഷവും ബിജെപിയും ആയുധമാക്കിയ നാമനിർദ്ദേശ പത്രികയിലെ പിഴവ് ഇരുപാർട്ടികളെയും തിരിഞ്ഞ് കുത്തുന്നു. ഇടതുപക്ഷ സ്ഥാനാർത്ഥി എംബി ഫൈസലിന്റേയും ബിജെപി സ്ഥാനാർത്ഥി ശ്രീപ്രകാശിന്റേയും നാമനിർദ്ദേശ പത്രികകളിലെ പിഴവ് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി പരാതി നല്കാൻ ഒരുങ്ങുന്നതായാണു റിപ്പോർട്ട്.

2008 എട്ടിലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നാമനിർദ്ദേശ പത്രികയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം. അല്ലാത്ത പത്രിക പരാതി ഉണ്ടെങ്കിൽ പരിശോധിച്ച് തള്ളാമെന്നാണ് വ്യവസ്ഥ. കോളം പൂരിപ്പിച്ചില്ലെന്ന പേരിൽ തനിക്കെതിരെ പരാതി ഉന്നയിച്ചവർക്കെതിരെ പരാതിയുമായി കോടിതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി.

നാമനിർദ്ദേശ പത്രികയിൽ ആശ്രിത സ്വത്ത് രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിച്ചില്ലെന്നായിരുന്നു പികെ കുഞ്ഞിലിക്കുട്ടിയുടെ പത്രിക തള്ളാൻ മറ്റ് പാർട്ടിക്കാർ ഉന്നയിച്ച വാദങ്ങൾ. അപൂർണമായ പത്രിക സ്വീകരിച്ചത് ചട്ടലംബനമാണെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. പരാതി ഉന്നയിച്ച പാർട്ടികളുടെ സ്ഥാനാർത്ഥികളും സമാനമായ പിഴവാണ് പത്രികയിൽ വരുത്തിയിട്ടുള്ളത്.

ബിജെപി സ്ഥാനാർത്ഥി ശ്രീപ്രകാശ് സമർപ്പിച്ച പത്രികയിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നിടത്ത് ക്രമനമ്പർ ഇട്ടിട്ടില്ല. ആറ് കോളങ്ങളാണ് ഒന്നുമെഴുതാതെ ഒഴിച്ചിട്ടിരിക്കുന്നത്. ഇടത് സ്ഥാനാർത്ഥി എം.ബി. ഫൈസലിന്റെ പത്രികയിലും സമാനമായ തെറ്റാണ് ആവർത്തിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നിടത്ത് ക്രമ നമ്പർ കോളം മാറിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കോളങ്ങളിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം ഒരു കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടത് പത്രിക തള്ളാൻ മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടിയുടെ പത്രിക കളക്ടർ സ്വീകരിച്ചത്. രണ്ടുപേർ കുഞ്ഞാലിക്കുട്ടിക്കെതിരേ പരാതി നൽകിയിരുന്നു. അവർക്കു കോടതിയെ സമീപിക്കാമെന്നും കലക്ടർ പറഞ്ഞു.

പത്രിക സമർപ്പിച്ചപ്പോൾ ഫോം നമ്പർ 26ൽ 14ാമത്തെ കോളത്തിൽ ആശ്രിതസ്വത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പി കെ കുഞ്ഞാലിക്കുട്ടി നൽകിയിരുന്നില്ല. സൂക്ഷ്മപരിശോധന നടക്കുന്നതിനിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കാൻ അനുവദിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാൽ, ബിജെപി പ്രതിനിധികളും സ്വതന്ത്രസ്ഥാനാർത്ഥികളും ഇത് അനുവദിക്കാനാവില്ലെന്നു പറഞ്ഞ് ഒരുമണിക്കൂറോളം തർക്കിക്കുകയായിരുന്നു.