- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും അനവസരത്തിലുള്ളതെന്നും മുസ്ലിംലീഗ്; തിരുവനന്തപുരത്ത് നിന്നും ലിസ്റ്റ് തയ്യാറാക്കിയാണ് അറസ്റ്റുകൾ നടക്കുന്നതെന്ന് ആരോപിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗ് നേതാവും കളമശ്ശേരി എംഎൽഎയുമായ മുൻപൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും അനവസരത്തിൽ ഉള്ളതുമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എൽഡിഎഫ് കൺവീനർ തയ്യാറാക്കി കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചുള്ള അറസ്റ്റാണിത്. അദ്ദേഹം നേരത്തെ ഒരു ഡസണിലധികം യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നിന്നും ലിസ്റ്റ് ഇട്ട് കൊടുക്കുകയാണ്. അല്ലാതെ അന്വേഷണം നടന്ന് ഇത്ര കാലത്തിന് ശേഷം ഈ കേസിൽ അറസ്റ്റ് ചെയ്യേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. അതു കൊണ്ടാണ് ഈ അറസ്റ്റ് അനവസരത്തിലാണെന്ന് പറയുന്നത്. നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തിയതിന് ശേഷം അറസ്റ്റ് ആവശ്യമില്ലെന്ന് കണ്ട് വിട്ടയച്ച കേസാണിത്.
എന്നാൽ ഇപ്പോൾ അറസ്റ്റ് ആവശ്യമായി വന്നത് രാഷ്ട്രീയ പ്രേരിതമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സംസ്ഥാന സർക്കാറിനെതിരെ ഉയർന്നിരിക്കുന്ന ഗൗരവകരമായ കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ ബാലൻസ് ചെയ്യാനാണ് ഇപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏത് കേസിലും അറസ്റ്റ് ചെയ്യേണ്ട ഒരു ഘട്ടമുണ്ട്. ഈ കേസിൽ ആ ഘട്ടം കഴിഞ്ഞതാണ്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് യോഗം ചേർന്ന് തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് ഇപ്പോൾ ഈ അറസ്റ്റുണ്ടായിരിക്കുന്നത് എന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ