ന്യൂഡൽഹി: ലോക്‌സഭയിലെ കന്നിപ്രസംഗത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യമെങ്ങും ന്യൂനപക്ഷങ്ങളും ദലിതരും അക്രമത്തിനിരയാകുന്നത് അപമാനമാണെന്നും നാടിന്റെ സൽപേരു കാക്കാൻ അടിയന്തര നടപടി വേണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള അക്രമങ്ങൾ രാജ്യത്ത് ഇത്രയേറെ ശക്തിപ്പെടുന്നത് ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചു ലോകയാത്രയ്ക്കിടെ വാചാലനാകുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയോട് താങ്കളുടെ രാജ്യത്ത് ആൾക്കൂട്ടക്കൊല വ്യാപകമാകുന്നതെന്ത് എന്ന ചോദ്യമുയർന്നാൽ അദ്ദേഹം എന്തു മറുപടി പറയുമെന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിനു ശേഷവും ഇവിടെ ആൾക്കൂട്ടക്കൊല നടക്കുന്നതു തികച്ചും ദുഃഖകരമാണ്. നാം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കെതിരായ കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ചില ആഫ്രിക്കൻ രാജ്യങ്ങളിലേതിനു സമാന സാഹചര്യമാണ് ഇന്നു രാജ്യത്തുള്ളത്. ഭരണകക്ഷിയോട് അടുത്തു നിൽക്കുന്ന സംഘടനകളാണ് അക്രമങ്ങൾക്കു പിന്നിൽ.

ഈ രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെയും ബിജെപിയുടെയും യുപിഎ കക്ഷികളുടെയും സർക്കാരുകൾ ഭരിച്ചിട്ടുണ്ട്. ഇതുപോലെ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. ഒരുവിഭാഗം ജനങ്ങൾ ഈ രാജ്യത്ത് അരക്ഷിതരായാണു കഴിയുന്നത്. മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ പൊരുതുന്ന സൈനികന്റെ അച്ഛനാണ് അദ്ദേഹം. ജുനൈദ് കൊല്ലപ്പെട്ടു. ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കമാണു മരണത്തിനു കാരണമെന്ന ബാലിശ വ്യാഖ്യാനമാണു ചില കേന്ദ്രങ്ങളിൽ നിന്നുയരുന്നത്.

ജുനൈദിന്റെ വേഷം, താടി, തൊപ്പി ഇതൊക്കെ കണ്ടാണ് ആക്രമിച്ചത്. ആദ്യം നോട്ട് നിരോധനം, ഇപ്പോൾ കാലി നിരോധനം. നമ്മുടെ കൃഷിയെയും കയറ്റുമതിയെയും തൊഴിലിനെയും എല്ലാം ഇതു ബാധിക്കുകയാണ്. തൊഴിൽ നഷ്ടപ്പെട്ടവർക്കു പകരം തൊഴിൽ നൽകാൻ സർക്കാരിനു കഴിയുന്നില്ല. തുഗ്ലക്കിന്റെ പരിഷ്‌കാരങ്ങളാണ് ഇവിടെ നടപ്പാക്കുന്നത് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വികസനത്തെക്കുറിച്ചും സാങ്കേതിക പുരോഗതിയെക്കുറിച്ചും ചർച്ച ചെയ്യേണ്ട സമയത്താണ് നാം ആൾക്കൂട്ടക്കൊലയെക്കുറിച്ചു ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ 2014ലെ കണക്കെടുത്താൽ വർഗീയ സംഘർഷങ്ങളിൽ കേരളമാണു മുന്നിലെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു ആൾക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചു ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കു മറുപടി നൽകി. ആൾക്കൂട്ടക്കൊലപാതകങ്ങൾ ഏറ്റവും ഹീനമാണ്. അവ നിയന്ത്രിക്കുന്നതിനു നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കു കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അക്രമസംഭവങ്ങളിൽ കേരളം രാജ്യത്തു മുൻനിരയിലാണ്. പ്രതിപക്ഷം രാജ്യത്തു നടക്കുന്ന അക്രമങ്ങളെ പെരുപ്പിച്ചു കാട്ടുകയാണ്. ആദ്യം അസഹിഷ്ണുതയുടെ പേരിലും പിന്നീട് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലും സർക്കാരിനെ വിമർശിച്ച പ്രതിപക്ഷത്തിന്റെ പുതിയ ആയുധമാണ് ആൾക്കൂട്ടക്കൊലപാതകം. സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി ഇടപെടണമെന്നാണോ പ്രതിപക്ഷം വാദിക്കുന്നതെന്നു മന്ത്രി ആരാഞ്ഞു.

ആൾക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചു ലോക്‌സഭയിൽ നടന്ന ചർച്ചയിൽ നിറഞ്ഞതു കേരളം. കേരളത്തിലെ സി.പി.എംആർഎസ്എസ് സംഘട്ടനത്തിലേക്കു മിക്കവാറും പ്രസംഗകരെല്ലാം വിരൽചൂണ്ടി. ഭരണ, പ്രതിപക്ഷാംഗങ്ങൾ അവരവരുടെ താൽപര്യത്തിനിണങ്ങിയ വ്യാഖ്യാനമാണു നൽകിയതെന്നു മാത്രം.

ഹുക്കുംസിങ് നാരായൺ യാദവ് (ബിജെപി) ആകട്ടെ, കേരളത്തിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം അക്രമരാഷ്ട്രീയത്തിന് ഉദാഹരണമായി ഉയർത്തിക്കാട്ടി. പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാറും ചർച്ചയ്ക്കു മറുപടി പറഞ്ഞ ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവും കേരളത്തിലേക്കു പലവട്ടം സഭയുടെ ശ്രദ്ധയാകർഷിച്ചു.