കാടാമ്പുഴ: സമൂഹത്തെ ബാധിക്കുന്ന പൊതു പ്രശ്‌നങ്ങളിൽ ഭിന്നതകൾ മാറ്റി വച്ച് യോജിച്ച് പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി .ജീവകാരുണ്യ - സേവന പ്രവർത്തനങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനകളും ഊന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

മാറാക്കര പഞ്ചായത്തിലെ കെ.എം സി.സിയുടെ വിവിധ ഘടകങ്ങളുടെയും സേവന സന്നദ്ധരായ കൂട്ടായ്മയുടെയും നേതൃത്വത്തിൽ ആരംഭിച്ച സി.എച്ച് ചാരിറ്റബിൾ ട്രസ്റ്റ്(സി.എച്ച് സെന്റർ) സമർപ്പണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ. അധ്യക്ഷത വഹിച്ചു.

ബൈത്തുറഹ് മ ഭവന പദ്ധതിയും സി.എച്ച് സെന്ററുകളും മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ കാരുണ്യത്തിന്റെയും കനിവിന്റെയും മികച്ച അടയാളങ്ങളാണെന്നും സിപിഐ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു. സി.എച്ച് സെന്റർ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.വി.ടി.ബൽറാം എംഎ‍ൽഎ രക്തദാന സന്നദ്ധ സേന ഉദ്ഘാടനം ചെയ്തു.

തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ചെയർമാൻ അബ്ദുറഹ് മാൻ രണ്ടത്താണി മരുന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു.കെ.എം.സി.സി ഭാരവാഹികൾ സി.എച്ച് സെന്ററിനുള്ള ഫ്രീസറും കാടാമ്പുഴ ഡ്രൈവേഴ്‌സ് യൂണിയൻ (STU) വീൽചെയറും ചടങ്ങിൽ കൈമാറി.കെ.എം.സി.സി ഭാരവാഹികളായ ബക്കർ ഹാജി കരക്കാട് ,സി.വി.കുഞ്ഞു, ഒ.കെ.സുബൈർ,ടി.എം.ബഷീർ, പി.പി.ഹംസക്കുട്ടി ഹാജി, ഒ.കെ.കുഞ്ഞിപ്പ, സി.അബ്ദു റഹ് മാൻ മാസ്റ്റർ, കല്ലൻ നാസർ എന്നിവർ പ്രസംഗിച്ചു.