കോഴിക്കോട്: കേരളത്തിൽ ഒരുരൂപ പോലും ഇനി നിക്ഷേപിക്കില്ലെന്നും ഇവിടെ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്നും കിറ്റക്‌സ് എംഡി തുറന്നടിച്ചതോടെ വിമർശനവുമായി ഭരണ-പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ഏതു നിക്ഷേപകരാണെങ്കിലും നിയമം പാലിക്കണമെന്നും പക്ഷെ നിയമങ്ങൾ ദുരുപയോഗം ചെയ്ത് സർക്കാർ നിക്ഷേപകരെ ഉപദ്രവിക്കരുതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ പ്രതികരിച്ചു.

രാഷ്ട്രീയക്കാർ നിക്ഷേപകരോട് രാഷ്ട്രീയം കാണിക്കരുത്. നിക്ഷേപകരും രാഷ്ട്രീയം കളിക്കരുത്. കിറ്റക്സിൽ ഇത് രണ്ടും സംഭവിച്ചു. ഇതോടെ കേരളം നിക്ഷേപസൗഹൃദമല്ലെന്ന സന്ദേശം പുറത്തേക്ക് പോയി പോകുന്നവർ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്തും വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് വ്യവസായ മന്ത്രി എന്ന നിലയിൽ താൻ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ പരാമർശങ്ങളിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവും രംഗത്തെത്തി. കേരളത്തിനെതിരായ പ്രചരണം ലോകം മുഴുവനുമെത്തിക്കാനാണ് കിറ്റെകസ് എംഡിയുടെ ശ്രമം. ഈ സംവാദം തുടർന്നു കൊണ്ടു പോവുന്നതിൽ സർക്കാരിന് താൽപര്യമില്ല. ഓരോരുത്തർക്കും അവരുടെ നിലവാരമനുസരിച്ച് എന്ത് വേണമെങ്കിലും പറയാമെന്നും പി രാജീവ് പ്രതികരിച്ചു.

'സാബു ജേക്കബിന്റെ ആരോപണങ്ങളിൽ വിശദമാക്കേണ്ടെത് സർക്കാർ വിശദമാക്കിയിട്ടുണ്ട്. ഞങ്ങൾ നാടിന്റെ ആകെ പ്രതിനിധികളാണ്. ഇരിക്കുന്ന കസേരയ്ക്കും നൽകിയിരിക്കുന്ന ഉത്തരവാദിത്വത്തിനും അനുസരിച്ചേ സർക്കാരിന് പ്രതികരിക്കാനാവൂ. ഇത്തരം സംവാദങ്ങൾ ഇങ്ങനെ തുടരണമെന്ന് ആഗ്രഹമുള്ളവരുണ്ടാവും. അത് നാടിന് നല്ലതല്ല. സർഗാത്മകമായ വിമർശനങ്ങളെയും ഞങ്ങൾ പൂർണ മനസ്സോടെ സ്വാഗതം ചെയ്യുന്നു.' നാടിനെ തകർക്കുന്ന നശീകരണ വിമർശനങ്ങൾ പൂർണമായും തള്ളിക്കളയുന്നെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.