- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ മൂത്രസമരം നടത്തിയപ്പോൾ സിപിഎം നടത്തിയത് താത്വിക അവലോകനം; മുതലാളിമാരെ പേടിച്ച് തൊഴിലാളികളുടെ അടിസ്ഥാന ആവശ്യത്തിന് നേരെ കണ്ണടച്ചു; ഇത് പരിഹസിച്ച് പ്രകോപനമായി; വനിതാ ഫെസ്റ്റിവലിൽ നിന്ന് കുഞ്ഞിലയുടെ 'അസംഘടിതർ' പുറത്തായത് രാഷ്ട്രീയക്കളികളിലൂടെ
കോഴിക്കോട്: ഒരു സ്ത്രീയെ കൈയും കാലും തൂക്കിയെടുത്ത് പൊലീസുകാർ ഒരു പൊതുവേദിയിൽനിന്ന് കൊണ്ടുപോവുക. ആ പെൺകുട്ടി പിണറായി വിജയനും സർക്കാറിനും എതിരെ നിരന്തരം മുദ്രാവാക്യങ്ങൾ വിളിക്കുക. കേട്ടുകേൾവിയില്ലാത്ത പ്രതിഷേധത്തിനാണ്, ഇന്നലെ കോഴിക്കോട് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവം വേദിയായത്. യുവ സംവിധായിക കുഞ്ഞില മാസിലാമണി ആയിരുന്നു ഈ പ്രതിഷേധം നടത്തിയത്.
ജിയോബേബി സംവിധാനം ചെയ്ത, ഫ്രീഡം ഫൈറ്റ് എന്ന അന്തോളജി സിനിമയിലെ 'അസംഘടിതർ' എന്ന ചിത്രം സംവിധാനം ചെയ്തത്, കോഴിക്കോട്ടെ യുവ സംവിധായികയായ കുഞ്ഞിലയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം വലിയ തോതിൽ നിരൂപക ശ്രദ്ധയും, നല്ല ചിത്രമെന്ന പ്രേക്ഷക പ്രീതിയും പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഈ സിനിമ കോഴിക്കോട് നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിലും രത്തീനയുടെ 'പുഴു' എന്ന സിനിമയെ അവഗണിച്ചതിനും, കെ കെ രമ അടക്കമുള്ളവരെ അപമാനിക്കുന്ന അധികൃതരുടെ നിലപാടിലുമാണ് കുഞ്ഞില പ്രതിഷേധിച്ചത്.
നേരത്തെ 'അസംഘടിതർ' മേളയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് പ്രതിഷേധം രേഖപ്പെടുത്തുമെന്ന് കുഞ്ഞില ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. രഞ്ജിത്തിനോട് തന്റെ ചിത്രം ഒഴിവാക്കിയതിനെ കുറിച്ച് വാട്‌സാപ്പിൽ ചോദിച്ച മെസേജും ഇവർ പുറത്തുവിട്ടു. തനിക്ക് വേദിയിൽ പ്രസംഗിക്കാൻ അവസരം തരണമെന്നും മേളയുടെ പാസ് അനുവദിക്കണമെന്നും മെസേജിൽ ആവശ്യപ്പെട്ടിരുന്നു.
ശേഷം, മേള വേദിയിലെത്തിയ ഇവർ, തന്റെ മെസേജ് കണ്ടോയെന്നും അതേപ്പറ്റി എന്താണ് പറയാനുള്ളതെന്നും രഞ്ജിത്തിനോട് ചോദിച്ചു. എന്നാൽ താൻ മെസേജ് കണ്ടില്ലെന്നും ഫേസ്‌ബുക്ക് ലൈവ് അവസാനിപ്പിച്ചു വന്നാൽ വിഷയം ചർച്ച ചെയ്യാമെന്നും രഞ്ജിത്ത് മറുപടി നൽകി. ഇതിന് ശേഷം ഇവർ വേദിയിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന് ഒഴിച്ചിട്ട കസേരയിൽ കയറി ഇരുന്നാണ് അവർ പ്രതിഷേധിച്ചത്. 'കെ.കെ.രമ സിന്ദാബാദ്, ടി.പി.ചന്ദ്രശേഖരൻ സിന്ദാബാദ്, പിണറായി വിജയൻ എന്നെ അറസ്റ്റ് ചെയ്തു മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഞാനാണ് യോഗ്യ' എന്നിങ്ങനെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ഇവർ മുദ്രാവാക്യം മുഴക്കി. പൊലീസ് സ്റ്റേഷനിൽ എസ്‌ഐയുടെ തൊപ്പി വച്ച് ഇവർ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
സിപിഎം നാണംകെട്ട മൂത്രസമരം
കുഞ്ഞിലയുടെ 'അസംഘടിതർ' എന്ന ചിത്രം ഔട്ട് സ്റ്റാൻഡിങ്ങ് സിനിമയൊന്നുമല്ല. പലയിടത്തും ഡോക്യുമെന്റി സ്വഭാവം കടന്നു വരുന്നുമുണ്ട്. പക്ഷേ നിലവിൽ ചലച്ചിത്രമേളയിൽ കാണിച്ച ചിത്രങ്ങളേക്കാൾ എത്രയോ ഭേദമാണത് എന്നാണ് മേളയിൽ പങ്കെടുത്ത പ്രതിനിധികൾ പറയുന്നത്. മാത്രമല്ല സ്ത്രീ ശാക്തീകരണത്തിനായി നിലകൊള്ളുന്ന വനിതാ ചലച്ചിത്രമേളയിൽ എന്തുകൊണ്ടും യോജിക്കുന്ന പ്രമേയമായിരുന്നു 'അസംഘടിതർ' എന്ന ചിത്രത്തിന് പക്ഷേ അതിൽ സിപിഎമ്മിനെ പരിഹസിക്കുന്ന ചില ഭാഗങ്ങൾ ഉള്ളതാണ് വിനയായതെന്നാണ അറിയുന്നത്.
വിജി പെൺകൂട്ട് എന്ന സാമൂഹിക പ്രവർത്തകയുടെ നേതൃത്വത്തിൽ കോഴിക്കോട് മിഠായി തെരുവിൽ നടന്ന ഐതിഹാസികമായ, മൂത്രമൊഴിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള, സ്ത്രീ തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്. നന്മകളുടെ നഗരം എന്ന പറയുന്ന കോഴിക്കോട് തുച്ഛവരുമാനക്കാരായ ടെക്സ്റ്റെൽ ജീവനക്കാരായ സ്ത്രീകളോട് കാട്ടിയ ക്രൂരതയുടെ നേർചിത്രമാണ് ഈ സിനിമ. 11 മണിക്കുർ നിന്ന നിൽപ്പിൽ ജോലി ചെയ്തിരുന്ന ടെക്‌സ്റ്റെൽ ഷോപ്പിലെ സ്ത്രീകൾക്ക്, 2017 വരെയും ജോലിക്കിടെ ഇരിക്കാനോ, ടോയ്ലറ്റിൽ പോവാനോ കഴിഞ്ഞിരുന്നില്ല. ടോയ്ലറ്റുകൾ അവിടെ ഉണ്ടായിരുന്നിമില്ല. ചിലർ ടെക്സ്റ്റെൽ ഷോപ്പിലെ ഡ്രസ്സിങ്ങ് റൂമിൽ കുപ്പിയിൽ മൂത്രം ഒഴിച്ച് ബാഗിൽ സൂക്ഷിച്ച കഥയൊക്കെ, ചിത്രത്തിൽ പറയുന്നത് അതിശയോക്തിയല്ല.
പക്ഷേ ഈ അവസ്ഥക്ക് മാറ്റം വരുത്തിയത്, എസ്എസ്എൽസി വിദ്യാഭ്യാസം മാത്രം കിട്ടിയ, തയ്യൽക്കാരിയായ പള്ളിത്തൊടി വിജിയെന്ന വിജി പെൺകൂട്ട് എന്ന സാമൂഹിക പ്രവർത്തകയായ തൊഴിലാളിയാണ്. ഇരിക്കാനും മൂത്രമൊഴിക്കാനുമുള്ള അവകാശത്തിനായി വിജിയുടെ നേതൃത്വത്തിൽ സ്ത്രീകൾ നടത്തിയ സമരം ലോക ശ്രദ്ധയാകർഷിച്ചു. അതുപാലെ തോന്നിയ പോലുള്ള പിരിച്ചുവിടലുകൾ അവസാനിപ്പിച്ചതും വിജിയുടെ സംഘടനയുടെ നേട്ടങ്ങളാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും കൈയൊഴിഞ്ഞതോടെ, അസംഘടിത തൊഴിലാളികളുടെയും, അശരണായ സ്ത്രീകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ തുടങ്ങിയ 'പെൺകൂട്ട്' എന്ന വനിതാപ്രസ്ഥാനം നിരവധിപേർക്ക് അത്താണിയായി. 2018ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുവ്യക്തികളിൽ ഒരാളെയായി ബി.ബി.സി തെരഞ്ഞെടുത്തത് വിജിയെ ആയിരുന്നു.
ഈ കഥയാണ് കുഞ്ഞിലയുടെ ചിത്രം പറഞ്ഞത്. കോഴിക്കോട് നഗരം എന്നത് സിപിഎമ്മിന്റെയും സിഐടിയുവിന്റെയുമൊക്കെ ശക്തികേന്ദ്രമാണ്. പക്ഷേ മുതലാളിമാരെ പേടിച്ച് അവർ ആരും തന്നെ ഈ മൂത്രസമരത്തിൽ ഇടപെട്ടിട്ടില്ല. ഞങ്ങൾ വിഷയം പഠിക്കയാണെന്ന പതിവ് പല്ലവിയാണ് അവർ ഉന്നയിച്ചത്. വിജിയും കൂട്ടരും സിപിഎം ഓഫീസിൽ പോകുന്നത് അവിടെ ഒരു പാർട്ടി ബുദ്ധിജീവിയെ കാണുന്നതുമൊക്കെ അസംഘടിതർ എന്ന ചിത്രത്തിൽ ഹാസ്യാത്മകമായി പറയുന്നുണ്ട്. ഇതാണ് കുഞ്ഞിലയുടെ ചിത്രത്തിന്റെ ഫിലിംഫെസ്റ്റിവൽ പ്രമേയത്തിന് സത്യത്തിൽ പാരയായത്. സിപിഎം ശരിക്കും നാണംകെട്ടുപോയ സമരമായിരുന്നു ഇത്. പാർട്ടി പിന്തുണയില്ലാതെ അവർ വിജയം വരിച്ചു. ഈ ഓർമ്മ പുതുക്കിയതാണ് കുഞ്ഞില ചെയ്ത തെറ്റ്്. പാർട്ടിയോട് കൂറുള്ള അക്കാദമി ചെയർമാൻ രഞ്ജിത്ത് 'അസംഘടിതർക്കുനേരെ' കടുംവെട്ട് വെട്ടുകയായിരുന്നുവെന്നുമാണ് കോഴിക്കോട്ടെ വനിതാ ആക്റ്റീവിസ്റ്റുകൾ ആരോപിക്കുന്നത്.
വനിതാ സംവിധായകരെ ആദരിച്ചില്ല
വനിതാ ഫെസ്റ്റിവലിൽ വനിതാ സിനിമാ പ്രവർത്തകരെ ആദരിക്കാൻ തീരുമാനിച്ചതിലും കുഞ്ഞില ഉൾപ്പെട്ടിരുന്നില്ല. കേരളത്തിലെ ഒരു വനിതാ സംവിധായിക എന്ന നിലയ്ക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലയ്ക്കും കുഞ്ഞിലയെയും ഈ ആദരിക്കൽ ചടങ്ങിൽ ക്ഷണിക്കേണ്ടതായിരുന്നു. പുഴു എന്ന ചിത്രത്തിന്റെ സംവിധായികയും കോഴിക്കോട്ടുകാരിയാമായ രത്തീനയെയും ചടങ്ങിൽ ഉൾപ്പെടുത്തിയില്ല. അക്കാദമി ഇതിന് നൽകുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും. ഇത് ബാലിശമാണെന്നാണ് ചലച്ചിത്ര പ്രവർത്തകർ പറയുന്നത്.
കേരളത്തിലെ വനിതാ സംവിധായകർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ചോർത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് വനിതാ ആക്റ്റീവിസ്റ്റുകൾ വിമർശിക്കുന്നത്.
ചലച്ചിത്ര സംവിധായകയും മാധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: 'കുഞ്ഞിലയുടെ ചിത്രം ഉൾപ്പെടുത്താഞ്ഞതിനുള്ള വിശദീകരണം അവരുടെ ചിത്രം ആന്തോളജിയുടെ ഭാഗമായുള്ള ഷോട്ട് ഫിലിം ആണെന്നതാണ്. അങ്ങനെയെങ്കിൽ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷോട്ട് ഫിക്ഷൻ വിഭാഗത്തിൽ അത് പ്രദർശിപ്പിക്കാമായിരുന്നില്ലേ? അക്കാദമിയുടെ മറ്റൊരു വിശദീകരണം റിലീസ് ചെയ്യാത്ത ചിത്രങ്ങൾക്കാണ് പ്രാധാന്യം നൽകിയത് എന്നാണ്. അതേസമയം ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഒടിടി യിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.''- വിധു വിൻസന്റ് ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ