ദുബായ്: പ്രവാസജീവിതത്തിൽ താങ്ങും തണലുമായവർക്ക് നന്ദി പറഞ്ഞ് കുഞ്ഞിമൊയ്തീൻ നാട്ടിലേക്ക് മടങ്ങുന്നു. ചുമട്ട് തൊഴിലാളിയിൽ നിന്നു രാജ്യാന്തര കമ്പനിയിലെ ജോലിയിലേയ്ക്കുള്ള വിജയഗാഥ രചിച്ച മലയാളിയാണ് കുറ്റിപ്പുറം ചെമ്പിക്കൽ സ്വദേശി കുഞ്ഞിമൊയ്തീൻ പാറപ്പുറത്ത്. ഇനി നാട്ടിൽ വിശ്രമ ജീവിതം. 28 വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതമാണ് കുറ്റിപ്പുറത്തുകാരൻ അവസാനിപ്പിക്കുന്നത്.

ഇത്രയും വർഷം അവീറിലെ എഎകെ ഇന്റർനാഷനൽ ഗ്രുപ്പ് ഓഫ് കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്തത്. 1993-ൽ പാറപ്പുറത്ത് ബാവ ഹാജി അയച്ച വീസയിലാണ് കുഞ്ഞിമൊയ്തീൻ യുഎഇയിൽ എത്തുന്നത്. ദുബായ് ഫിഷ് മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായാണ് ജോലി ആരംഭിക്കുന്നത്. തുടർന്ന് ഒരേ കമ്പനിയിൽ മൂന്നുപതിറ്റാണ്ടിന് അടുത്ത് വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്തു.

കുടുംബത്തിൽ നിന്ന് അകന്നുള്ള ജീവിതത്തിന്റെ നൊമ്പരങ്ങൾ ഉള്ളിലൊതുക്കി രാപ്പകൽ പണിയെടുത്ത് നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തി. പുതിയ വീട് നിർമ്മിക്കുകയും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയും ചെയ്തതാണ് ഏറ്റവും വലിയ നേട്ടമായി കുഞ്ഞിമൊയ്തീൻ കരുതുന്നത്. മക്കളിൽ രണ്ടുപേരെ തന്റെ കമ്പനിയിൽ തന്നെ ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കോഴിക്കോട് നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് യു.എ.ഇയിൽ എത്തിയത്. ജീവിതമാർഗം തേടിയെത്തുന്നവരെ എന്നും മാറോടണച്ചിട്ടുള്ള യുഎഇയിൽ തനിക്ക് തണൽ ഒരുക്കിയവരോട് നന്ദി മാത്രമേ പറയാനുള്ളൂ എന്ന് കുഞ്ഞിമൊയ്തീൻ പറയുന്നു. പ്രത്യേകിച്ച് എഎകെ ഗ്രുപ്പിന്റെ പാറപ്പുറത്ത് ബാവ ഹാജി, മുഹമ്മദലി തയ്യിൽ, എ. എ. കെ. മുസ്തഫ എന്നിവരോട്. ഇവർ നൽകിയ പിന്തുണ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്നു കുഞ്ഞിമെയ്തീൻ പറഞ്ഞു. ആരോഗ്യ പ്രശ്‌നം മൂലമാണ് ഇദ്ദേഹം പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം സഹപ്രവർത്തകർ ചേർന്ന് കുഞ്ഞിമൊയ്തീന് സ്‌നേഹോഷ്മള യാത്രയയപ്പ് നൽകി. എ എ കെ ഗ്രുപ്പ് പ്രതിനിധികളായ മുസ്തഫ, നൗഷാദ് അലി, ഷെരീഫ്, ഉമ്മർ, അനീഷ് കുമാർ, സത്താർ, സലാം പാടൂർ, കെ. പി. മുഹമ്മദ്, ഷെഫീഖ്, നൗഷാദ്,കരീം, ഇഖ്ബാൽ, സുധീർ എന്നിവർ സംബന്ധിച്ചു. എ.എ.കെ. മുസ്തഫ മൊമെന്റോ സമ്മാനിച്ചു. ജോലി അവസാനിപ്പിക്കാൻ മനസ്സ് സമ്മതിക്കുന്നിെല്ലങ്കിലും ചില ആരോഗ്യപ്രശ്‌നംമൂലമാണ് ഇദ്ദേഹം പ്രവാസം അവസാനിപ്പിക്കുന്നത്.