കുഞ്ഞിരാമായണം എന്ന സിനിമ പേര് സൂചിപ്പിക്കുന്നതുപോലെ കുഞ്ഞിരാമന്റെ കഥയാണ്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരുടെ കാര്യത്തിലും ഈ 'കുഞ്ഞ'ത്തരം സൂക്ഷിക്കുന്നുണ്ട് എന്നതും അണിയറപ്രവർത്തകരുടെ ചെറുപ്പം സിനിമയിലഭിനയിക്കാനെത്തിയ മുതിർന്ന താരങ്ങളെ കുഴപ്പത്തിലാക്കിയെന്നതും ചിത്രീകരണ സമയത്തെ കൗതുകമാണെന്ന് ചിത്രീകരണകാലത്തെ വിശേഷങ്ങൾ വ്യക്തമാക്കുന്നു.

അഭിനേതാക്കളിൽ രണ്ട് തലമുറകളാണ് ഒന്നിച്ചത്. മാമുക്കോയയും കെടിഎസ് പടന്നയിലും സീമ ജി നായരും ഉൾപ്പെടുന്ന മുതിർന്ന തലമുറയും വിനീത് ശ്രീനിവാസവും അജുവർഗ്ഗീസും ഉൾപ്പെടുന്ന ഇങ്ങേപ്പുറത്തെ കൂട്ടികളും. എന്നാൽ സംവിധായകന്റെ പ്രായം കേട്ട് ആദ്യം അഭിനയിക്കാനെത്തിയ പലരും അന്തിച്ചുപോയത്രെ. ബേസിൽ ജോസഫ് എന്ന സംവിധായകന്റെ പ്രായം 25. സിനിമയിലഭിനയിക്കാനെത്തിയപ്പോൾ സംവിധായകനെ തിരിച്ചറിയാത്തതുകൊണ്ട് കുഴപ്പത്തിലായിട്ടുണ്ടെന്ന് സീമ ജി നായർ മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ഫോണിലൂടെയായിരുന്നു ആദ്യം എല്ലാകാര്യങ്ങളും സംസാരിച്ചിരുന്നത്. നിരവധി അമ്മ വേഷങ്ങൾ ചെയ്തിട്ടുള്ളതിനാൽ അമ്മ വേഷമെന്ന് പറയുമ്പോൾ കൗതുകമൊന്നും തോന്നേണ്ട കാര്യമില്ല.

എന്നാൽ കുഞ്ഞിരാമായണത്തിൽ വിശേഷപ്പെട്ട ഒരു അമ്മയാണെന്ന് മനസ്സിലായതോടെ ആകാംക്ഷയോടെയാണ് അഭിനയിക്കാൻ എത്തിയത്. എന്നാൽ ചിത്രീകരണസ്ഥലത്തെത്തിയപ്പോൾ സംവിധായകനെ കണ്ടിട്ടും തിരിച്ചറിഞ്ഞില്ല. പിന്നീടാണ് കുട്ടികളുടെ കൂട്ടത്തിൽ ബർമുഡയും ഇട്ട് നിൽക്കുന്ന ബേസിൽ ജോസഫ് എന്ന 25കാരനാണ സംവിധായകനെന്ന് മനസ്സിലായത്. ഷൂട്ടിംഗിലേക്ക് കടന്നാൽ ബേസിൽ അത്ര ചെറുപ്പമല്ലെന്നും സിനിമയേക്കുറിച്ച് നല്ല ധാരണയുള്ള ആളാണെന്നും സീമ ജി നായർ വിശദീകരിക്കുന്നു. മാത്രമല്ല സംവിധായകൻ എന്ന നിലയിൽ പ്രായം നോക്കാതെ സർ എന്ന അഭിസംബോധന തന്നെയാണ് നടത്തിയിട്ടുള്ളത്. അല്ലാതെ ചെറുപ്പമാണ് എന്ന വിചാരിച്ച് മറ്റൊരു രീതി താൻ പിന്തുടർന്നിട്ടില്ല. എന്തായാലും കുഞ്ഞിരാമായണത്തിന്റെ ഏറ്റവും വലിയ കൗതുകം അണിയറയിൽ പ്രവർത്തിക്കന്ന ഈ കുട്ടികളുടെ ഊർജ്ജസ്വലത തന്നെയെന്ന് സീമ ജി നായർ പറയുന്നു.

സീമ ജി നായരുൾപ്പെടെ ചിലർ തന്നെ ആദ്യം തിരിച്ചറിയാതെ പോയതിലെ കൗതുകം ബേസിൽ ജോസഫും ചാനൽചർച്ചയിൽ പങ്കുവച്ചു. ഒരുവടക്കൻ സെൽഫിയുൾപ്പെടെ വിനീത് ചിത്രങ്ങളിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള പരിചയവും സാധാരണക്കാരുടെ ജീവിതാനുഭവങ്ങൾ നേരിട്ടറിയാവുന്നതും ഈ സിനിമയ്ക്ക ഏറെ സഹായകമായിട്ടുണ്ട്. മുതിർന്ന താരങ്ങളുടെ സാന്നിധ്യവും സിനിമയ്ക്ക് ഗുണംചെയ്തു. നാട്ടിലെ സാധാരണക്കാരുടെ ഓർമകളെ കൃത്യമായി വിന്യസിക്കാൻ ചിത്രത്തിൽ ശ്രമിച്ചിട്ടുണ്ട്. സൽസയെന്ന് പേരുള്ള എട്ട് വർഷം മുമ്പ് നിർത്തലാക്കിയ മദ്യം പല ഗ്രാമീണരുടെയും ഓർമകളിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ്. സിനിമയുടെ പാതിഭാഗവും ഈ മദ്യവുമായി ബന്ധപ്പെട്ട കഥയായാണ് കുഞ്ഞിരാമന്റെ ജീവിതം വികസിക്കുന്നത്. മദ്യം മുതൽ മീൻപുടിത്തം വരെയുള്ള നൊസ്റ്റാൾജിയകളെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ബേസിൽ ജോസഫ് പറഞ്ഞു. ഒരർത്ഥത്തിൽ കുഞ്ഞിരാമായണം നൊസ്റ്റാൾജിയകളുടെ ആറാട്ടാണ് നടത്തിയിട്ടുള്ളത്. എ പടം കാണുന്നതിനിടെ കരണ്ട് പോയി സിഡി കുരുങ്ങിപ്പോകുന്ന ആദ്യ രംഗം മുതൽ തുടങ്ങുകയാണ് ഈ ആറാട്ട്. പിന്നീടത് ഗ്രാമത്തിന്റെ പ്രഖ്യാതമായ അനുഭവങ്ങളിലൂടെ മുന്നേറി ഏറ്റവും ഒടുവിൽ കല്യാണപന്തലിലെ നാട്ടുക്കൂട്ടം വരെ എത്തി നിൽക്കുന്നു.

അതേ സമയം ഹോംലി മീൽസ് എന്ന ചിത്രത്തിൽ മുമ്പ് അഭിനയിച്ചിട്ടുണെങ്കിലും സംവിധാനത്തിൽ സജീവമായി നിൽക്കണമെന്ന ആഗ്രഹവും അദ്ദേഹം തുറന്നുപറഞ്ഞു. അഭിനയം യാദൃച്ഛികമായി സംഭവിച്ചതാണ്. എന്നാൽ സംവിധായകനാകണമെന്നത് എപ്പോഴും ഉള്ളിലുള്ള മോഹമാണ്. ഇനിയും അതിന് തന്നെയായിരിക്കും പ്രാധാന്യമന്നും ബേസിൽ വ്യക്തമാക്കുന്നു. അതേ സമയം കുഞ്ഞിരാമായണം കാണാനെത്തുന്നവർക്ക് സർപ്രൈസ് ഗിഫ്റ്റാവുകയാണ് കുഞ്ഞിരാമന്റെ നായികയായി എത്തുന്ന റിമി ടോമിയും സിനിമയുടെ കഥയെ ആകെ നിയന്ത്രിക്കുന്ന ബിജുമേനോനും.

പൊന്മുട്ടിയിടുന്ന താറാവിലെ പാർവ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഓർമിപ്പിച്ചുകൊണ്ടാണ് റിമി ടോമി സിനിമയിലെത്തുന്നത്. തിങ്കൾ മുതൽ വെള്ളിവരെയെന്ന സിനിമയ്ക്ക് മുമ്പ് തന്നെ റിമിടോമി കുഞ്ഞിരാമായണത്തിൽ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ആദ്യസിനിമയായി തിങ്കൾ മുതൽ വെള്ളിവരെ റിലീസ് ചെയ്യപ്പെടുകയാണുണ്ടായതെന്ന് റിമി ടോമി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു. റിമിയുടെ കഥാപാത്രത്തിന്റെ സാന്നിധ്യം കുഞ്ഞിരാമായണത്തിന്റെ അണിയറപ്രവർത്തകർ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. വാർത്തകളിൽ ആ വിവരം നിറഞ്ഞുനിന്നാൽ സിനിമയുടെ ശ്രദ്ധമാറിപ്പോകുമെന്നതായിരുന്നു പ്രധാന തടസ്സം. അതുപോലെ പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹൻലാലിനെ ഓർമിപ്പിച്ച് ബിജുമോനോനും കല്യാണനടത്തിപ്പുകാരനായി മാറുന്ന ഹീറോയായി അവസാനഘട്ടത്തിൽ രംഗത്തെത്തുന്നതും കൗതുകമാണ്. ആദ്യം മുതൽ പശ്ചാത്തല ശബ്ദം കൊണ്ട് നിറഞ്ഞുനിൽക്കുന്ന ബിജുമേനോന്റെ വരവ് തിയേറ്ററുകൾ കൈയടികളോടെയാണ് സ്വീകരിക്കപ്പെടുന്നത്.