- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുഞ്ഞിരാമായണത്തിൽ' ലാളിത്യത്തിന്റെ സുഖം; യാതൊരു ഗിമ്മിക്കുകളുമില്ലാതെ നേരിട്ട് കഥ പറഞ്ഞും സിനിമ ഹിറ്റാക്കാം! വിനീത് ഉയരങ്ങളിലേക്ക്; അത്ഭുതപ്പെടുത്തി ധ്യാൻ
പല തരത്തിലുള്ള രാമായാണങ്ങൾ കണ്ടവരാണ് നാം. കമ്പ രാമായണവും, ആധ്യാത്മ രാമായണവും തൊട്ട് മാപ്പിള രാമായണംവരെ നിലനിന്നുപോന്ന ബഹുസ്വരമായ നാടാണിത്. (ഇന്നായിരുന്നെങ്കിൽ മാപ്പിള രാമായണത്തിനെതിരെ ഹനുമാൻസേന രംഗത്തിറങ്ങുമായരുന്നു) പക്ഷേ ഫാസിസ്റ്റ് പേടി അബോധമായി നിലനിൽക്കുന്ന ഇക്കാലത്ത് രാമായണമെന്ന് തലക്കെട്ടിൽ വരത്തക്കരീതിയിൽ ഒരു കമേർഷ
പല തരത്തിലുള്ള രാമായാണങ്ങൾ കണ്ടവരാണ് നാം. കമ്പ രാമായണവും, ആധ്യാത്മ രാമായണവും തൊട്ട് മാപ്പിള രാമായണംവരെ നിലനിന്നുപോന്ന ബഹുസ്വരമായ നാടാണിത്. (ഇന്നായിരുന്നെങ്കിൽ മാപ്പിള രാമായണത്തിനെതിരെ ഹനുമാൻസേന രംഗത്തിറങ്ങുമായരുന്നു) പക്ഷേ ഫാസിസ്റ്റ് പേടി അബോധമായി നിലനിൽക്കുന്ന ഇക്കാലത്ത് രാമായണമെന്ന് തലക്കെട്ടിൽ വരത്തക്കരീതിയിൽ ഒരു കമേർഷ്യൽ പടമെടുക്കാൻ ആരും പത്തുവട്ടം ചിന്തിക്കും. പക്ഷേ നോക്കുക 'കുഞ്ഞിരാമായണം' ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടു ആ രീതിയിൽ വിവാദങ്ങൾ ഒന്നുമുണ്ടായില്ല എന്നതുതന്നെ ഒരുപക്ഷേ കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന സാംസ്കാരിക പാരമ്പര്യമാവാം.
ആദ്യമായി തന്നെ ഇത്തരമൊരു പേരിട്ട് വ്യത്യസ്തത നൽകിയതിന് 'കുഞ്ഞിരാമായണത്തിന്റെ' സംവിധായകൻ ബേസിൽജോസഫ് എന്ന വെറും 25 വയസ്സുള്ള കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. (പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഡോ.എം.എം ബഷീറിന്, മാതൃഭൂമി പത്രത്തിൽ കർക്കടികമാസത്തിൽ ചില രാമായണക്കുറിപ്പുകൾ എഴുതിയതിനാണ് സംഘികൾ പണികൊടുത്തത്. തെറിവിളിയും ഭീഷണിയും സഹിക്കവയ്യാതെ ഇപ്പോൾ ഫോണെടുക്കാൻപോലും വയ്യാത്ത അവസ്ഥയിലാണ്, ഫ്രോയിഡൻ ചിന്താധാരയൊക്കെ പറഞ്ഞ് വാത്മീകിരാമയണത്തെ ആഴത്തിൽ വിലയിരുത്താൻ ശ്രമിച്ച ഡോ.ബഷീർ. അതുപോലെ മദ്യത്തിന്റെ കഥപറഞ്ഞ് രാമായണത്തെ അപമാനിക്കുന്നുവെന്നൊന്നും അർക്കും കണ്ടത്തൊൻ കഴിയാഞ്ഞത് ഈ ചിത്രത്തിന്റെ അണിയറക്കാരുടെ ഭാഗ്യം!)
ഈ ഓണക്കാലം സിനിമപ്രേക്ഷകരെ സംബന്ധിച്ച് വലിയൊരു ദുരന്തകാലമാണ് എന്ന് കരുതിയപ്പോഴാണ് തീയേറ്ററുകളിൽ ഈ കൊച്ചു ചിത്രം നിറഞ്ഞോടുന്നത് കണ്ടത്.രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രം 'ലോഹം', ലിജോ ജോസ് പെല്ലിശ്ശേരിയിടെ പ്ര്വഥീരാജ് ചിത്രം 'ഡബിൾ ബാരൽ', കമലിന്റെ മമ്മൂട്ടി ചിത്രം 'ഉട്ടോപ്യയിലെ രാജാവ്' എന്നീ വൻ ബ്രാൻഡുകൾക്കിടയിലേക്കാണ്, ഓണത്തിനിടക്ക് പുട്ടുകച്ചവടമെന്നരീതിയിൽ 'കുഞ്ഞിരാമായണവുമായി' സംവിധായകൻ ബേസിൽ ജോസഫും എത്തിയത്. എന്നാൽ വമ്പൻ ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ കുഞ്ഞിച്ചിത്രം വിജയം നേടിയെന്നത് പലർക്കും ഒരു പാഠമാണ്. (16 കോടി മുടക്കിയെടുത്ത 'ഡബിൾ ബാരലൊക്കെ' ഒരാഴ്ചകൊണ്ട് ഹോൾഡ് ഓവർ ആയത് ഓർക്കണം)
കുഞ്ഞിരാമായണയത്തിന്റെ സാമ്പത്തിക സൂത്രം!
ഒരു കണക്കിന് നോക്കുമ്പോൾ മലയാള സിനിമയുടെ സുവർണ കാലഘട്ടമാണിത്. ബോറടിയില്ലായെ കണ്ടിരിക്കാമെന്ന ഒറ്റ ഗുണംമതി, പ്രേക്ഷകർ പടം ഹിറ്റാക്കിക്കൊള്ളും. കലാപരമായി നോക്കുമ്പോൾ മികച്ച സൃഷ്ടിയൊന്നുമല്ല ഈ പടം. നാം പലവട്ടം കേട്ട സത്യൻ അന്തിക്കാട് മോഡൽ കഥകളുടെ പതിവു പാറ്റേണാണിത്. തിരക്കഥയിൽ ഒരുപാട് ന്യൂനതകളും സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളുമുണ്ട്. പക്ഷേ എന്നിട്ടും ഈ പടത്തെ ജനം ഇഷ്ടപ്പെടുന്നു. അതിനുപിന്നിൽ പ്രധാനമായുള്ളത് ചിത്രത്തിന്റെ ലാളിത്യം തന്നെയാണ്. കാമറ തലകുത്തനെ മറഞ്ഞൊക്കെ ഷോട്ടുകളിട്ട് പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ഒരു കാലത്ത്, യാതൊരു ഗിമ്മിക്കുകളുമില്ലാതെ, ഗ്രാമങ്ങളിലേക്കുള്ള ഗൃഹാതുരമായ ഒരു യാത്രയാണ് ഈ പടം. നൊസ്റ്റാൾജിയ എന്നും മലയാളിയുടെ സെന്റിമെൻസും വീക്ക്‌നെസ്സുമാണ്. അതിൽ കിടന്നാണ് 'കുഞ്ഞിരാമയാണത്തിന്റെ' കളിമുഴുവൻ.
ഗ്രാമങ്ങൾ നഗരങ്ങളായി മാറുകയും ആധുനിക സാങ്കതേിക വിദ്യകൾ അനുദിനം പുരോഗമിക്കുകയും ചെയ്യുമ്പോഴും നന്മ നിറഞ്ഞ നാട്ടിൻ പുറത്തെക്കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന എന്നതാണ് 'കുഞ്ഞിരാമായണം' ഉൾപ്പെടെയുള്ള സിനിമകളുടെ വിജയം സൂചിപ്പിക്കുന്നത്. മലയാളിയുടെ ജീവിതം ആധുനികമായതിനൊപ്പമാണ്‌സിനിമയിലും ന്യൂജൻ തരംഗം ആഞ്ഞടിച്ചത്. പുതിയ രീതിയിലുള്ള കഥപറച്ചിലും ആഖ്യാനവുമായി ന്യൂജനറേഷൻ സിനിമകൾ ഇടക്കാലത്ത് തരംഗമായി. എന്നാൽ എപ്പോഴും നോൺലീനിയർമൾട്ടിസ്റ്റോറി കഥകളായാൽ പ്രേക്ഷകന് മടുക്കും.അപ്പോൾ അവൻ പഴയ ശീലങ്ങളിലേക്ക് തന്നെ തിരിഞ്ഞു പോവും. എന്നും കെന്റക്കിയും ഫ്രൈഡ് റൈസും കഴിക്കുന്നവർക്ക് നല്ല കുത്തരിച്ചോറിന്റെ സദ്യകിട്ടിയാലുള്ള സന്തോഷമാണ് ഒറ്റവാക്കിൽ കുഞ്ഞിരാമായണത്തിന്റെ സാമ്പത്തിക സൂത്രം. അടുത്ത കാലത്തിറങ്ങിയ വെള്ളിമൂങ്ങ, വടക്കൻ സെൽഫി, 1983, തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഇതേ നൊസ്റ്റാൾജിയകൊണ്ടുള്ള 'ബ്‌ളാക്ക്‌മെയിലിങ്' കാണാം.
നാട്ടിൻപുറവും പാടവും പുഴയും പെട്ടിക്കടകളുമെല്ലാം ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും നിറഞ്ഞു നിൽക്കുന്നു. മദ്യം വാങ്ങാൻ പോയ ആള് തിരിച്ചത്തെുന്നതിന് മുമ്പേ അച്ചാറും സോഡയും അകത്താക്കുന്നവനും , നീലച്ചിത്രത്തിന്റെ സീഡിക്കായി കെഞ്ചി നടക്കുന്നവനും,തകരയിലെ ചെല്ലപ്പനാശാരിയെ ഓർമ്മിപ്പിക്കുന്ന രീതയിൽ ആളുകളെ പരികേറ്റിവിടുന്ന അൽപ്പം നെഗറ്റീവ് ഷെയിഡുള്ള ടെയ്‌ലർ കുട്ടേട്ടനും ( അജുവർഗീസ്), സദാ ബഡായി അടിച്ചു വിടുന്ന എക്‌സ് ഗൾഫുകാരനുമൊക്കെയായി നാട്ടിൻ പുറങ്ങളിൽ നമ്മൾ കാണാറുള്ള കഥാപാത്രങ്ങളെ അതേരീതിയിൽ ഈ പടത്തിൽ പുനരാവിഷ്‌ക്കരിച്ചിരിക്കയാണ്.
ദേശം എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഈ നാട്ടിന്റെ പുറത്തേക്ക് എത്തിക്കാൻ കഴിയാത്ത സൾസ എന്ന മദ്യത്തെക്കുറിച്ചാണ് ചിത്രത്തിന്റെ ആദ്യ പകുതി. (കുറച്ചുവർഷങ്ങൾക്കുമുമ്പ്തന്നെ കേരളത്തിൽ നിരോധിച്ച വില കുറഞ്ഞ മദ്യമാണ് സൾസ. പണ്ടൊക്കെ ബിവറേജിനുമുന്നിൽ 'ജവാൻ' സ്റ്റോക്കില്ല, 'സൾസ' സ്റ്റോക്കില്ല എന്ന ബോർഡ് തൂങ്ങിക്കിടക്കുമായിരുന്നു.)ദേശത്ത് നടക്കാതെ പോവുന്ന കല്ല്യാണങ്ങളെക്കുറിച്ചാണ് രണ്ടാം പകുതി. ഇത് രണ്ടും സമർഥമായി യോജിപ്പിച്ചിരിക്കുന്നതുകൊണ്ട് തന്നെ ചിരിച്ചുകൊണ്ട് കണ്ടിറങ്ങാം കുഞ്ഞിരാമായണം.
ദേശത്ത് നിന്നും ആദ്യമായി ഗൾഫിൽ പോയ വ്യക്തിയാണ് കുഞ്ഞിരാമന്റെ അമ്മാവനായ വെൽഡൺ വാസു (മാമുക്കൊയ). വാസുവിന്റെ മകനാണ് അൽപ്പം കഥ കുറവുള്ള ലാലു (ധ്യാൻ ശ്രീനിവാസൻ). കാതര എന്ന എ പടത്തിന്റെ സീഡിയുടെ പേരിൽ കുഞ്ഞിരാമനും (വിനീത് ശ്രീനിവാസൻ) ലാലുവും തമ്മിൽ തെറ്റുന്നു. ബ്‌ളൂടൂത്തും ഇന്റനെറ്റുമൊന്നുമല്ലാത്തെ ഒരു കാലത്തെ കൗമാരക്കാരുടെ ലൈഗിക ദാരിദ്രം രസകരമായി ചിത്രം കാണിക്കുന്നുണ്ട്. ഈ തുണ്ടുപടം സൃഷ്ടിച്ച കുടംബവഴക്കിനെതുടർന്ന് അമ്മാവനും കുഞ്ഞിരാമനും ആജന്മശത്രുക്കളാവുന്നു. കുഞ്ഞിരാമന് പറഞ്ഞുവച്ച അമ്മാവന്റെ മകളെയും നഷ്ടമാവുന്നു. തുടർന്ന് ഇവർക്കിടയിലുണ്ടാവുന്ന ഉരസലുകളാണ് ചിത്രം. വിവാഹം ഉറപ്പിക്കുന്ന കുഞ്ഞിരാമൻ പ്രതിശ്രുത വധുവിന്റെ ( സ്രിന്ദ ഷബാബ്) നിർദ്ദേശപ്രകാരം മദ്യപാനം അവസാനിപ്പിക്കുന്നു. താൻ കുടിച്ചുതുടങ്ങിയ സൾസയെന്ന മദ്യം വാങ്ങി ഒരു മരത്തിൽ അടിച്ചുപൊട്ടിച്ചാണ് കുഞ്ഞിരാമൻ കുടി അവാസിപ്പിക്കുന്നത്. ഇതോടെ ആ നാട്ടിലേക്ക് നാട്ടുകാരുടെ പ്രിയപ്പെട്ട മദ്യമായ സൾസ എത്തുന്നില്ല. മദ്യവുമായി ഈ സ്ഥലത്തത്തുമ്പോൾ കുപ്പി എങ്ങിനെയോ പൊട്ടിപ്പോകും. ആ സ്ഥലത്തിന് അങ്ങിനെ സൾസ മുക്കെന്ന പേരും വീഴുന്നു. മദ്യവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ഇത്ര രസകരമായി പറയുന്ന ചിത്രങ്ങളും നമുക്കുണ്ടായിട്ടില്ല.
സൾസയുടെ പ്രശ്‌നം അവസാനിക്കുമ്പോൾ മറ്റൊരു പ്രശ്‌നം ദേശത്ത് ഉയർന്നുവരുന്നു. കുഞ്ഞിരാമന്റെ നിശ്ചയിച്ചുറപ്പിച്ച കല്ല്യാണം മുടങ്ങുന്നു. അതോടെ ദേശത്ത് നിശ്ചയിച്ച കല്ല്യാണങ്ങളെല്ലാം മുടങ്ങുകയാണ്. തുടർന്ന് കല്ല്യാണം മുടക്കലും നടത്തലും മാറിക്കെട്ടലും എല്ലാമായി മുന്നോട്ട് പോയി, മനോഹരനെന്ന ബിജുമേനോന്റെ വരവിലൂടെ ചിത്രം ശുഭമായി അവസാനിക്കുകയും ചെയ്യന്നു. ചിത്രത്തിന്റെ അവസാനഭാഗങ്ങൾക്ക് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രവുമായി സാമ്യം അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യം കഥാപാത്രമായ ബിജുമേനോൻ തന്നെ പുറത്തു പറഞ്ഞ് ആ സാമ്യത്തെയും തമാശയാക്കി മാറ്റുന്നുണ്ട്. കൈ്‌ളമാക്‌സിൽ റിമിടോമിയെ ഇറക്കിയും സംവിധായകൻ പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.
പക്ഷേ കെട്ടുറപ്പുള്ള തിരക്കഥയുണ്ടായിരുന്നെങ്കിൽ 'കുഞ്ഞിരാമായണം' ഇതിനേക്കാൾ എത്രയോ നല്ല സിനിമാറ്റിക്ക് അനുഭവമായേനെ. പലപ്പോഴും കുട്ടിക്കളി മാത്രമായി സിനിമ മാറുകയാണോ എന്ന സംശയം പോലും പ്രേക്ഷകർക്ക് ഉണ്ടാവും. സൾസയെക്കുറിച്ചുള്ള ആദ്യപകുതി കുറേയൊക്കെ പരത്തിപ്പറഞ്ഞതുകൊണ്ട് ഇടയ്ക്ക് വിരസമാകുന്നുമുണ്ട്. എങ്കിലും ഉടനീളം നല്ല തമാശകൾ നിറച്ചുവച്ചതുകൊണ്ട് തന്നെ ചിത്രത്തിന്റെ പോരായ്മകൾ പ്രേക്ഷകരെ അലോസരപ്പെടുത്തുന്നില്ല.
വിനീത് ഉയരങ്ങളിലേക്ക്; അത്ഭുദപ്പെടുത്തി ധ്യാൻ
സൂപ്പർ താരങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും കുഞ്ഞിരാമായണം പ്രേക്ഷകരെ വല്ലാതെ ആകർഷിക്കുന്നത്, വിനീത് ശ്രീനിവാസൻ, ധ്യാൻ, നീരജ് മാധവ്, അജു വർഗ്ഗീസ് തുടങ്ങിയവരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ്. ഇനിയുള്ള മലയാള സിനിമയുടെ കാലം ഇത്തരം കരുത്തുറ്റ യുവ നടന്മാർക്ക് ഒപ്പമായിരിക്കും. അവസാന നിമിഷങ്ങളിൽ ബിജു മേനോൻ അതിഥി കഥാപാത്രമായി കയറി വരുന്നതോടെ ഓളം പൂർത്തിയാവുന്നു.നേരത്തെ 'ഓർമ്മയുണ്ടോ ഈ മുഖം', 'ഒരു സെക്കൻഡ്ക്‌ളാസ് തീവണ്ടിയാത്ര' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിനീത് ശ്രീനിവാസൻ രൂക്ഷമായ വിമർശനം ഏറ്റുവാങ്ങിയിരുന്നു.എന്നാൽ ഈ ചിത്രത്തിലെ കുഞ്ഞിരാമനായി വീനീത് തിളങ്ങുകയാണ്. മുൻകാല ചിത്രങ്ങളിൽ പിതാവും അനുഗൃഹീത നടനുമായ ശ്രീനിവാസനെ അനുകരിക്കുന്നപോലെ തോന്നുതിൽനിന്ന് പൂർണമായും കുതറിച്ചാടി സ്വന്തമായി വ്യക്തിത്വമുണ്ടാക്കിയെടുക്കാൻ ഇത്തവണ വീനീതിന് ആയിട്ടുണ്ട്.
പക്ഷേ ഈ സിനിമയിലെ ശരിക്കുമുള്ള അദ്ഭുദം ധ്യാൻശ്രീനിവാസനാണ്. 'തിര' യെന്ന ആദ്യചിത്രത്തിലെ അഭിനയം കണ്ടവർ ധ്യാനിന്റെ മേക്കോവർ കണ്ട് അമ്പരന്നുപോവും. ചിത്ത്രിൽ അഞ്ചുപൈസ കുറവുള്ള ലാലുവിന്റെ റോൾ ധ്യാൻ ഗംഭീരമാക്കുന്നുണ്ട്. ഏതായാലും ശ്രീനിവാസന് തന്റെ രണ്ടുമക്കളെയുമോർത്ത് അഭിമാനിക്കാം. ഇക്കണക്കിന് ഇവർ മുന്നേറുകയാണെങ്കിൽ ശ്രീനിവാസൻ മക്കളുടെപേരിൽ അറിയപ്പെടാനും സാധ്യതയുണ്ട്്. നിവൻപോളിയെകൂടി ചേർത്ത് ചിന്തിക്കുമ്പോൾ ഇപ്പോൾതന്നെ മലയാളത്തിലെ ഏറ്റവും ശക്തമായ ടീമായി വിനീതിന്റെ വടക്കൻ ടീം മാറിക്കഴിഞ്ഞു. (ഷോർട്ടു ഫിലുമകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ ബേസിലിനെ 'തിരയിലെ' അസിസ്റ്റന്റ് ഡയറക്ടർ ആക്കുകയും തുടർന്ന് അയാൾക്ക് വെറും 25ാമത്തെ വയസ്സിൽ സിനിമയെടുക്കാൻ അവസവരും നൽകി വിനീത്. പണ്ടൊക്കെയാണെങ്കിൽ പത്തിരുപതുകൊല്ലം അസിസ്റ്റന്റായായലും ഒരു പടം എടുക്കാനാവില്ലായിരുന്നു.ആ വലിയമനസ്സിനും വിനീത് അഭിനന്ദനം അർഹിക്കുന്നു) ജസ്റ്റിൻ പ്രഭാകർ ഒരുക്കിയ പാട്ടുകൾ ചിത്രത്തെ ഏറെ സഹായിക്കുന്നുണ്ട്. അതുപോലെ വിഷ്ണുശർമ്മയുടെ ക്യാമറയും.
വാൽക്കഷ്ണം: മലയാള സിനിമക്കാർക്ക് പഠിക്കാനുള്ള വലിയൊരു ഗുണപാഠവും കുഞ്ഞിരാമായവണം നൽകുന്നുണ്ട്. നമ്മുടെ ബജറ്റും, പ്രേക്ഷകവൃന്ദവും,പരിമിതിയും മനസ്സിലാക്കിയുള്ള സിനിമകളാണ് ഈ വ്യവസായത്തിന് ആവശ്യമെന്ന്. ഇവിടെ ബാഹുബലിമാരത്തെുമ്പോൾ നമുക്ക് പാവം മഹാബലിയെ കൂട്ടുവിളിക്കാം.. രാമായണമെന്ന ഇതിഹാസ കാവ്യവുമായി അന്യഭാഷക്കാരത്തെുമ്പോൾ നമുക്ക് നമ്മുടെ കൊക്കിലൊതുങ്ങുന്ന 'കുഞ്ഞിരാമായണങ്ങളെ' തേടിപ്പോകാം.