- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്ദമംഗലത്ത് നിന്നും പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയത് വയനാട്ടിലേക്ക്; രണ്ട് ദിവസം വയനാട്ടിൽ താമസിപ്പിച്ചതിന് ശേഷം വാർത്ത പുറത്തായതോടെ താമരശ്ശേരിക്കടുത്ത് അമ്പായത്തോടിൽ ഇറക്കി വിട്ടു; അബ്ദുൽ കരീമിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ചരട് വലികൾ
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം പടനിലത്ത് നിന്നും പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന. പടനിലം സ്വദേശി അബ്ദുൽ കരീമിനെയാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഒരു സംഘം കോഴിക്കോട് കുന്ദമംഗലത്ത് നിന്നും തട്ടിക്കൊണ്ട് പോയത്. ഇന്ന് ഉച്ചക്ക് 3 മണിയോടെ അബ്ദുൽ കരീം വീട്ടിൽ തിരച്ചെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വയനാട്ടിലേക്കാണ് തട്ടിക്കൊണ്ട് പോയതെന്നും സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും വ്യക്തമായത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് പ്രവാസി വ്യവസായിയും കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശിയുമായ ആമ്പത്തൊടികയിൽ അബ്ദുൽ കരീമിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം കാരന്തൂരിൽ വെച്ച് അബ്ദുൽകരീമിന്റെ കാർ പൊലീസ് കണ്ടെത്തുകയും ചെയ്തു. പിന്നീട് അബ്ദുൽ കരീമിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് തിരോധാനത്തിൽ അന്വേഷണം ശക്തമാകുന്നതും മാധ്യമങ്ങളിൽ വാർത്ത വരുന്നതും. ഇതോടെ തട്ടിക്കൊണ്ടുപോയ സംഘം തന്നെ അബ്ദുൽ കരീമിനെ താമരശ്ശേരിക്കടുത്ത് അമ്പായത്തോട് എന്ന പ്രദേശത്ത് ഇറക്കിവിടുകയായിരുന്നു.
വിവി ബിസിനസുകളുമായി ബന്ധപ്പെട്ട് അബ്ദുൽ കരീം പലർക്കും പണം നൽകാനുണ്ട്. ഇത്തരത്തിൽ പണം നൽകാനുള്ള ഒരു വ്യക്തിയുടെ നിർദ്ദേശാനുസരണം ക്വട്ടേഷൻ അംഗങ്ങളാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. അബ്ദുൽ കരീമിൻെ ഭാര്യ ജസ്ന പൊലീസിൽ നൽകിയ പരാതിയിൽ നരിക്കുനി സ്വദേശിയായ ഒരു വ്യക്തിയുടെ പേര് പരമർശിച്ചിരുന്നു. ഈ വ്യക്തിയുമായും അബ്ദുൽ കരീമിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രസ്തുത വ്യക്തിയുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും തട്ടിക്കൊണ്ട് പോകലിന് പിന്നിൽ അയാൾക്ക് ബന്ധമില്ലെന്ന് കണ്ടെത്തി.
എന്നാൽ തട്ടിക്കൊണ്ട് പോയ ക്വട്ടേഷൻ സംഘം തന്നെ ബന്ധപ്പെട്ടിരുന്നതായും ഈ വ്യക്തി പറഞ്ഞു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ക്വട്ടേഷൻ സംഘത്തിനടുത്തേക്ക് പോകുമ്പോഴാണ് അബ്ദുൽ കരീം വീട്ടിൽ തിരിച്ചെത്തിയെന്ന വിവരം പൊലീസിനെ വീട്ടുകാർ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് അബ്ദുൽ കരീമിന്റെ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിന്ന് വയനാട്ടിലേക്കാണ് തട്ടിക്കൊണ്ട് പോയത് എന്നും രണ്ട് ദിവസം വയനാട്ടിൽ താമസിപ്പിക്കുകയും പിന്നീട് ഭാര്യ പരാതി നൽകുകയും മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തതോടെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം തന്നെ ഇയാളെ അമ്പായത്തോട് എന്ന പ്രദേശത്ത് ഇറക്കിവിടുകയായിരുന്നു.
അതേ സമയം ഇയാളുടെ തട്ടിക്കൊണ്ടുപോകലിന് കാരണമായ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രവർത്തിച്ച ക്വട്ടേഷൻ സംഘത്തിന്റെ വിവരങ്ങലും പൊലീസ് അന്വേഷിച്ച് വരികയാണ്. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ എസ് എച് ഒ ആർ സുജിത്ത്കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ അബ്ദുറഹ്മാനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അബ്ദുൽ കരീമിനെ കാണാതാകുന്നത്. എന്നാൽ ഇന്നാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി ലഭിച്ചിട്ടുള്ളത്. പരാതി ലഭിച്ചതിന് പിന്നാലെ അബ്ദുൽ കരീം വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. അബ്ദുൽ കരീമിന്റെ ഭാര്യ ജസ്നയാണ് പരാതി നൽകിയത്. പരാതിയിൽ കോഴിക്കോട് നരിക്കുനി സ്വദേശിയായ ഒരു വ്യക്തിയെയാണ് പ്രതിസ്ഥാനത്ത് നിർത്തിയിട്ടുള്ളത്.
ഇരുവരും തമ്മിൽ വിദേശത്ത് വെച്ചും നാട്ടിൽ വെച്ചും ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കൂടാതെ മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെ ഭാഗമായി ബാംഗ്ലൂരിൽ ഇവർക്ക് കമ്പനി ഉള്ളതായും 50 ലക്ഷം രൂപ മോചനദ്രവ്യം നൽകിയാൽ ഇയാളെ വിട്ട് നൽകാം എന്ന ഫോൺ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചിരുന്നതായും പരാതിയിലുണ്ടായിരുന്നു. അതേ സമയം കാണാതായ അബ്ദുൽ കരീമിന്റെ കാർ കാരന്തൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ഇന്നലെ തന്നെ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.