കൊല്ലം: 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് നൽകാത്തതിനെ തുടർന്നാണ് ആർഎസ്‌പി ഇടതു മുന്നണി വിട്ടത്. പാർട്ടിയുടെ എംഎൽഎമാരായ കോവൂർ കുഞ്ഞുമോനും ഇരവിപുരം എംഎൽഎ എ.എ അസീസും യുഡിഎഫിന്റെ ഭാഗമായി. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എംഎൽഎ സ്ഥാനം രാജിവെച്ച് സിപിഎഎമ്മിന്റെ ആശീർവാദത്തോടെ ആർഎസ്‌പി ( ലെനിനിസ്റ്റ് ) രൂപീകരിച്ചു. ഇടത് മുന്നണി എംഎൽഎ ആണേലും കോവൂർ കുഞ്ഞുമോനും അദ്ദേഹത്തിന്റെ പാർട്ടിയും ഇടത് മുന്നണിക്ക് പുറത്താണ്.

ഇടതുപക്ഷത്തിന് വളക്കൂറുള്ള കുന്നത്തൂരിൽ സ്ഥാനാർത്ഥിയെ മാറ്റിയുള്ള പരീക്ഷണത്തിന് എൽഡിഎഫ് തയ്യാറാകില്ല. എൽഡിഎഫ് സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്നും വിജയ സാധ്യതയും നിലവിലെ സാഹചര്യവും കണക്കിലെടുത്ത് കുന്നത്തൂരിൽ ഇത്തവണയും നിലവിലെ സ്ഥിതി തുടരനായിരിക്കും എൽഡിഎഫ് തീരുമാനമെന്ന് കോവൂർ കുഞ്ഞുമോൻ മറുനാടനോട് പറഞ്ഞു. സിപിഐ മത്സരിക്കുന്ന കാത്തിരപ്പള്ളി സീറ്റ് കേരളകോൺഗ്രസ് ഏറ്റെടുത്താൽ സിപിഐക്ക് കൊല്ലം ജില്ലയിൽ കുന്നത്തൂർ നൽകി കോവൂർ കുഞ്ഞുമോനെ സിപിഐ സ്ഥാനാർത്ഥിയാക്കാൻ ആലോചനയുണ്ടെങ്കിലും കോവൂർ കുഞ്ഞുമോൻ അതിന് സമ്മതം മൂളിയിട്ടില്ല.
സിപിഎം സീറ്റെടുക്കുകയാണങ്കിൽ രാജ്യസഭ എംപി കെ. സോമപ്രസാദിനെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചന.

1957-ൽ മണ്ഡലം രൂപികൃതമായതിന് ശേഷം നടന്ന പതിനഞ്ച് തിരഞ്ഞെടുപ്പിൽ പത്ത് തവണയും ആർഎസ്‌പി സ്ഥാനാർത്ഥികളാണ് വിജയിച്ചിട്ടുള്ളത്. അഞ്ചാമങ്കത്തിനിറങ്ങുന്ന കോവൂർ കുഞ്ഞുമോനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇത്തവണയും ഉല്ലാസ് കോവൂരാണ് മത്സര രംഗത്ത്. കുഞ്ഞുമോൻ 3 തവണ പരാജയപ്പെടുത്തിയ പന്തളം സുധാകരൻ, പി. രാമഭദ്രൻ, പി.കെ രവി എന്നിവരിൽ നിന്നും വ്യത്യസ്ഥനാണ് ഉല്ലാസ് കോവൂർ. മൂന്ന് തവണ പരാജയപ്പെട്ട ഈ സ്ഥാനാർത്ഥികൾ ആരും തന്നെ പിന്നീട് മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല എന്നതാണ് വാസ്തവം.

പരാജയപ്പെട്ടതിന് ശേഷം കുന്നത്തൂർ മണ്ഡലത്തിൽ സജീവ സാനിദ്ധ്യമായിരുന്നു ഉല്ലാസ് കോവൂർ. ഇത്തവണ അട്ടിമറി വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും ആർ.എസ്‌പിയും. ആർ.എസ്‌പി ലെനിനിസ്റ്റിലെ സംഘടന പ്രശ്നങ്ങളും കുന്നത്തൂർ മണ്ഡലത്തിലെ വികസന മുരടിപ്പും യുഡിഎഫിന് അനുകൂലമാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ മറുനാടനോട് പറഞ്ഞു.

കോവൂർ കുഞ്ഞുമോൻ എംഎൽഎ പ്രതിനിധാനം ചെയ്യുന്ന കുന്നത്തൂർ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും, ചവറ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിച്ച കുഞ്ഞുമോന്റെ പാർട്ടിക്ക് ഒരു പഞ്ചായത്തംഗത്തിനെ മാത്രമാണ് വിജയിപ്പിക്കാൻ കഴിഞ്ഞത്.