കോട്ടയം: നിക്ഷേപക തട്ടിപ്പിന്റെ പേരിൽ അറസ്റ്റിലായിരുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥൻ (68) ആത്മഹത്യ ചെയ്യുന്നത് വിഷാദ രോഗത്തിനുള്ള ചികിൽസയ്ക്കിടെ. കേസിലെ കൂട്ടു പ്രതികൂടിയായ ഭാര്യയുടെ കണ്ണ് വെട്ടിച്ചാണ് വിശ്വനാഥൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതെന്നാണ് പൂറത്തുവരുന്ന സൂചന. മാനസിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ചികിത്സയിലായിരുന്ന കോട്ടയത്തെ മെഡിക്കൽ സെന്റർ ആശുപത്രിയുടെ ആറാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ 8.30 ന് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് നടക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. മാസങ്ങളുടെ ജയിൽ ജീവിതം വിശ്വനാഥനെ തളർത്തി. ജാമ്യം കിട്ടിയപ്പോൾ കുടുംബം ഇക്കാര്യം തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഡിപ്രഷന് ചികിൽസയ്ക്കായി കോട്ടയത്തെ ആശുപത്രിയിലെത്തിയത്. ആരോടും മിണ്ടാത്ത പ്രകൃതവും ജയിൽ വാസത്തോടെ വിശ്വനാഥൻ സ്വീകരിച്ചിരുന്നു.

വിശ്വനാഥൻ വീണത് കെട്ടിടത്തിന് അരികിലുള്ള ഷെഡ്ഡിന് മുകളിലേയ്ക്കാണ്. ഷെഡ്ഡിന്റെ മുകൾ ഭാഗം തകർന്ന് അദ്ദേഹം താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശ്വനാഥനെ ഉടൻ ചികിത്സയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ഭാര്യയും വിശ്വനാഥന്റെ ഒപ്പമുണ്ടായിരുന്നു. രാവിലെ ഡോക്ടർമാർ വിശ്വനാഥനെ പരിശോധിച്ചിരുന്നു. ഇതിനിടെ ഭാര്യയ്ക്ക് ഒരു ഫോൺ വന്നു. ഇതിൽ സംസാരിക്കാനായി അവർ അടുത്തു നിന്ന് മാറി. ഇതിനിടെയാണ് വിശ്വനാഥൻ സ്ഥലത്ത് നിന്നും മുങ്ങുന്നത്. ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് പോയി വിശ്വനാഥൻ താഴേക്ക് ചാടുകയായിരുന്നു. ഷെഡിൽ വീണ വിശ്വനാഥന് മാരക പരിക്കേറ്റു. ഉടൻ മരണം സംങവിക്കുകയും ചെയ്തു. കോട്ടയത്തെ അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു വിശ്വനാഥൻ. കോടികളുടെ ആസ്തിയുണ്ടായിരുന്ന സ്ഥാപനത്തിൽ മക്കളും മരുക്കമളും ഇടപെടാൻ തുടങ്ങിയതോടെയാണ് പ്രശ്‌നം കൈവിട്ടു പോയത്.

ജയിൽ വാസം വിശ്വനാഥനെ മാനസികമായി തളർത്തി. പാപ്പർ ഹർജി നൽകി എല്ലാത്തിലും നിന്ന് രക്ഷപ്പെടാമെന്ന മരുമക്കളുടെ വാക്കുകളും ഫലം കണ്ടില്ല. ഇതോടെയാണ് വിശ്വനാഥൻ തകർന്നത്. ആരേയും നേരിടാൻ കരുത്തില്ലാതെ വിശ്വനാഥൻ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കാനാണ് സാധ്യത. കോടികളുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ പാപ്പർ ഹർജി സമർപ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകൾക്കും മരുമകനുമെതിരെ പിന്നീട് പൊലീസ് 14 കേസുകൾ ചുമത്തിയിരുന്നു. കുന്നത്തുകളത്തിലിന്റെ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ 'കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷൻ' എന്ന പേരിൽ ജൂണിൽ നടത്തിയ പ്രതിഷേധങ്ങൾക്കു ശേഷമാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്.

കെ വി വിശ്വാനാഥനെ കൂടാതെ ഭാര്യ രമണി (66), മക്കളായ ജീത്തു (39), നീതു (35), മരുമക്കൾ ഡോ. സുനിൽബാബു, ഡോ. ജയചന്ദ്രൻ എന്നിവർക്കെതിരെയാണ് അന്വേഷണവും അറസ്റ്റും നടന്നത്. ജൂൺ 18നു പാപ്പർ ഹർജി ഫയൽ ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവിൽ പോയിരുന്നു. 150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ രണ്ടായിരത്തിലധികം പേർ ചതിക്കപ്പെട്ടുവെന്നാണ് പൊതു വിലയിരുത്തൽ. ഇവരിൽ പലരും ഇപ്പോഴും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിശ്വനാഥനും കുടുംബവും തട്ടിച്ചെടുത്തത് 200 കോടി കവിയുമെന്നാണ് വിലയിരുത്തൽ. ഈ പണമെല്ലാം ബിനാമി പേരിൽ ഇവർ നിക്ഷേപിച്ച ശേഷമാണ് സ്ഥാപനം പൊളിഞ്ഞെന്ന് പ്രേരിപ്പിച്ചതെന്നാണ് നിക്ഷേപകരുടെ പക്ഷം.

തൃശൂരിലെ ഒളിത്താവളത്തിൽ നിന്നാണു ഡോ.ജയചന്ദ്രനും നീതുവും ആണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഒളിത്താവളത്തിൽ നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജൂവലറികളും അടച്ചത്. ചിട്ടിയിലും മറ്റുമായി പണം നിക്ഷേപിച്ചവർ ഇതോടെ നെട്ടോട്ടമായി. സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രക്ഷോഭവും തുടങ്ങി. നാളെ ഹൈക്കോടതി ആറുപേരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് വിശ്വനാഥന് ജാമ്യം കിട്ടിയത്. കടുത്ത മാനസിക സംഘർഷത്തിലായിരുന്നു വിശ്വനാഥൻ. ഒപ്പം അപമാനവും നാണക്കേടും. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.