ച്ചടിച്ച പുസ്തകമാകുന്നതിനു മുൻപുതന്നെ ആയിരക്കണക്കിനു വായനക്കാരെ നേടിയ സജീവ് എടത്താടന്റെ 'കൊടകരപുരാണം' മുതലിങ്ങോട്ട് മലയാളത്തിൽ സൈബർസാഹിത്യത്തിന്റെ സജീവവും സചേതനവുമായ ഒരു ധാരയുണ്ട്. പ്രധാനമായും മൂന്നു മാറ്റങ്ങളാണ് സൈബർ സാങ്കേതികതയും മാദ്ധ്യമങ്ങളും ഭാവനയും ചേർന്ന് മലയാളസാഹിത്യമണ്ഡലത്തിൽ ഇക്കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലംകൊണ്ടുണ്ടാക്കിയിട്ടുള്ളത്.

അച്ചടിസാഹിത്യത്തിൽ നിന്നു തികച്ചും ഭിന്നമായ ഒരു സാഹിത്യമണ്ഡലത്തിനു രൂപം കൊടുത്തതാണ് ഒന്നാമത്തെ മാറ്റം. കടലാസോ പ്രസാധകരോ പത്രാധിപരോ പ്രധാനമല്ലാത്ത ഒരു ധീരനൂതനലോകത്തെ സൃഷ്ടിച്ചു, ആദ്യം ബ്ലോഗും പിന്നെ ഫേസ്‌ബുക് ഉൾപ്പെടെയുള്ള സാമൂഹ്യമാദ്ധ്യമങ്ങളും. സമാന്തരമായി പുസ്തകപ്രസാധനം, വിപണനം, വായന എന്നീ രംഗങ്ങളിലൊക്കെ സൈബർ സാങ്കേതികത പ്രാമാണ്യം നേടി.

രാഷ്ട്രീയ, സാമൂഹ്യ, മാദ്ധ്യമ വിചാരങ്ങൾക്കും സംവാദങ്ങൾക്കുമൊപ്പം നോവൽ, കഥ, കവിത, നിരൂപണം തുടങ്ങിയ സാഹിതീയഗണങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന ഓൺലൈൻ ജേണലുകളുടെ ഒരു വൻനിരതന്നെ രൂപംകൊണ്ടതാണ് രണ്ടാമത്തെ മാറ്റം. മറുനാടൻ മലയാളിപോലുള്ള വാർത്താപോർട്ടലുകൾ മുതൽ നവമലയാളിപോലുള്ള സാംസ്‌കാരിക മാഗസിനുകൾ വരെയുള്ളവ ഇന്നു സജീവമാണല്ലോ.

അച്ചടിമാദ്ധ്യമങ്ങളിൽ ഒരുകാലത്തും പ്രകടമല്ലാതിരുന്നവിധം സ്ത്രീകളുടെ ആത്മപ്രകാശനപരമായ എഴുത്തിന്റെ ലോകം സൈബർമാദ്ധ്യമങ്ങൾ തുറന്നിട്ടു എന്നതാണ് മൂന്നാമത്തെ മാറ്റം. 'സാമൂഹ്യ'മാദ്ധ്യമങ്ങൾ എന്നാണു പേരെങ്കിലും യഥാർഥത്തിൽ 'സ്വകാര്യ'മാദ്ധ്യമങ്ങളായിത്തന്നെ അനുഭവപ്പെടുന്ന ഇവയിൽ അങ്ങേയറ്റം ബൗദ്ധികവും രാഷ്ട്രീയവും സാമൂഹികവുമായ രചനകളെന്നപോലെ ആത്മനിഷ്ഠവും വൈയക്തികവും വൈകാരികവുമായ ആവിഷ്‌ക്കാരങ്ങളുമുണ്ട്.

എങ്കിലും പരക്കെ ഉന്നയിക്കപ്പെടുന്ന ചില വിമർശനങ്ങളും സംശയങ്ങളുമുണ്ട്. അച്ചടിമാദ്ധ്യമരംഗത്തെന്നപോലെ സൈബർമാദ്ധ്യമരംഗത്ത് ശ്രദ്ധേയവും മൂല്യവത്തുമായ രചനകൾ ഉണ്ടാകുന്നുണ്ടോ, സ്വന്തമായി ഏതെങ്കിലും സാഹിത്യഗണം സൈബർമാദ്ധ്യമങ്ങൾ സൃഷ്ടിച്ചുവോ, എഴുത്തും വായനയും ഗൗരവമായി കാണുന്നവരാണോ ഈ രംഗത്തു സജീവമായി നിൽക്കുന്നത് എന്നിങ്ങനെ. ഇത്തരം വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടി യഥാർഥത്തിൽ മേല്പറഞ്ഞ മാറ്റങ്ങളിൽതന്നെയുണ്ട്. അച്ചടിസാഹിത്യത്തിൽ നോവൽ ഒഴികെയുള്ള മിക്ക പരമ്പരാഗതസാഹിത്യരൂപങ്ങളെയും വായനക്കാർ കൈവിട്ടുകഴിഞ്ഞു. അച്ചടിച്ച വാരികകളോ മാസികകളോ ഇന്ന് മലയാളിയുടെ സാംസ്‌കാരികജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നില്ല, സാഹിത്യമാസികകളുടെ കാര്യം പറയാനുമില്ല. വായനശാലകൾ ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെയായി. അതേസമയംതന്നെ പരമ്പരാഗതസാഹിത്യരൂപങ്ങൾക്കു പകരം നിൽക്കുന്ന രൂപങ്ങൾ വായനയെന്ന സാംസ്‌കാരികാവശ്യത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ നവമാദ്ധ്യമങ്ങളിൽ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ വായനക്കാർ 'ഇഷ്ടപ്പെടുക'യും 'പിന്തുടരുക'യും ചെയ്യുന്ന എഴുത്തുകാർ നവമാദ്ധ്യമങ്ങളിലുണ്ട്. ദീപാനിശാന്ത് അങ്ങനെയൊരാളാണ്.

ഒരൊറ്റ ഫേസ്‌ബുക് പോസ്റ്റിലൂടെ, തൃശൂർ കേരളവർമകോളേജിൽ അടുത്തിടെയുണ്ടായ രാഷ്ട്രീയവിവാദത്തിന്റെ കേന്ദ്രസ്ഥാനത്തു ചെന്നുപെട്ട, ആ കോളേജിലെ തന്നെ മലയാളം അദ്ധ്യാപികകൂടിയായ ദീപയുടെ 'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ' എന്ന പുസ്തകം കഴിഞ്ഞ രണ്ടുവർഷം സ്വന്തം ഫേസ്‌ബുക് പേജിൽ അവരെഴുതിയ ആത്മകഥാപരമായ ഇരുപത്തഞ്ചു കുറിപ്പുകളുടെ സമാഹാരമാണ്. (ബീഫ് ഫെസ്റ്റിവലിനു മുൻപ് ദീപയെ 'പിന്തുടർന്നി'രുന്നത് 65,000 പേരാണെങ്കിൽ ഫെസ്റ്റിവലിനു ശേഷം അവരുടെ എണ്ണം ഒന്നേകാൽ ലക്ഷമായി.)

മൂന്നാഴ്ച മുൻപ്, ഇതേ പംക്തിയിൽ അവതരിപ്പിച്ച ബഷീർ വള്ളിക്കുന്നിന്റെ 'നിനക്കു തട്ടമിട്ടൂടെ പെണ്ണേ' എന്ന പുസ്തകം വായനക്കാർ ഓർക്കുന്നുണ്ടാവുമല്ലോ. മലയാളത്തിലെ സൈബർസാഹിത്യം അച്ചടിയെയും കടലാസിനെയും ആധുനികതയെയും മറികടന്ന് മുന്നോട്ടുപോയി ഒരേസമയം സംവാദപരതയും സൗന്ദര്യപരതയും വെളിപ്പെടുത്തി ജനപ്രീതിയും സാമൂഹ്യപ്രസക്തിയും ഒന്നിച്ചുനേടുന്നതിന്റെ ഉദാഹരണമായിരുന്നു, ആ രചന. ദീപയുടെ രചനകളും സമാനമാണ്. എന്നുതന്നെയുമല്ല, അടുത്തിടെ നടന്ന ഷാർജ ബുക്‌ഫെയറിൽ ബഷീറിന്റെയും ദീപയുടെയും പുസ്തകങ്ങൾക്കുണ്ടായ വിസ്മയകരമായ വില്പനയെക്കുറിച്ച് ഈ രണ്ടു ഗ്രന്ഥങ്ങളുടെയും പ്രസാധകരായ കണ്ണൂർ കൈരളിബുക്‌സിന്റെ എഡിറ്ററായ അശോക്കുമാർ പറയുന്ന കാര്യങ്ങൾകൂടി ചേർത്തുവായിച്ചാൽ, മലയാളിയുടെ പുസ്തക, സാഹിത്യവായനക്കുമേൽ സൈബർസംസ്‌കാരം ചെലുത്തുന്ന പ്രഭാവം വ്യക്തമാകും.

വിദ്യാർത്ഥിയായ അരുന്ധതി മുതൽ അദ്ധ്യാപികയും ഗവേഷകയുമായ ജെ. ദേവികവരെ; മാദ്ധ്യമപ്രവർത്തകരായ വി.പി. റജീനയും ഷാഹിനയും സുനിതയും മുതൽ സാംസ്‌കാരിക നിരൂപകയായ ശ്രുതിനമ്പൂതിരി വരെ; ജനപ്രിയഫെമിനിസത്തിന്റെ വക്താവും പ്രയോക്താവുമായ ശാരദക്കുട്ടി മുതൽ സാമൂഹ്യപ്രവർത്തകയായ സോണിസോളമൻവരെ-എത്രയെങ്കിലും മലയാളിസ്ത്രീകൾ ലോകത്തെവിടെയും നിന്ന് തങ്ങളുടെ ദൈനംദിനമെന്നോണമുള്ള സാമൂഹ്യവിശകലനങ്ങളും ജീവിതസന്ദേഹങ്ങളും ഫേസ്‌ബുക്കിൽ അവതരിപ്പിക്കുന്നുണ്ട്. കുറച്ചുകാലം മുൻപുവരെ അച്ചടിമാദ്ധ്യമങ്ങൾ മുഖംതിരിച്ചു നിന്നിരുന്ന സ്ത്രീയുടെ ആത്മാവിഷ്‌ക്കാരങ്ങൾക്ക് അവർ കണ്ടെത്തിയ സ്വന്തം, തുറന്ന, ഇടമായി മാറിയിരിക്കുന്നു, ഇന്ന് ഫേസ്‌ബുക്ക്. നിശ്ചയമായും 'അനുഭവ'സാഹിത്യം മുതൽ 'സെൽഫി' വരെയുള്ളവ സൃഷ്ടിക്കുന്ന ആത്മാനന്ദസംസ്‌കാരത്തിന്റെ മാതൃകകളിലൊന്നുകൂടിയാണ് ഈ മാദ്ധ്യമം. പക്ഷെ അവരവരിലേക്കും അപരരിലേക്കും നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടസുഖത്തിന്റെ സ്പന്ദമാപിനികളാകുമ്പോഴും, അനുഭവിച്ചത് ആവിഷ്‌ക്കരിക്കാനുള്ള ധൈര്യവും ആർജ്ജവവും ഒപ്പം, എഴുത്തിനെയെന്നപോലെ വായനയെയും അനുഭവമാക്കാനുള്ള ഭാഷയും ഭാവനയുമുണ്ടെങ്കിൽ ഈ മാദ്ധ്യമം തങ്ങളുടേതാണ് എന്നു തിരിച്ചറിഞ്ഞ സ്ത്രീകളുടെ കാലമാണിത്. ദീപാനിശാന്തിന്റെ മാദ്ധ്യമവും മേഖലയും മറ്റൊന്നല്ല എന്നു തെളിയിക്കുന്നു അവരുടെ ഈ ഫേസ്‌ബുക്ക് രചനകൾ.

വ്യക്തികേന്ദ്രിതമായി ചിട്ടപ്പെടുത്തുന്ന അനുഭവങ്ങളുടെ ആത്മനിഷ്ഠവും അനുഭൂതിപരവുമായ ഓർത്തെടുക്കലുകളാണ് ഈ കുറിപ്പുകൾ ഒന്നടങ്കം. ഓർമകളുടെ കഥപ്പുസ്തകം. ദീപതന്നെയാണ് ആഖ്യാനത്തിന്റെ അച്ചുതണ്ട്. പേരാമംഗലം മുതൽ കേരളവർമ കോളേജ് വരെയാണ് ലോകം. വീട്, സ്‌കൂൾ, കോളേജ് എന്നിവിടങ്ങളാണ് സ്ഥലം. കുശുമ്പും കുന്നായ്മയും വീറും വാശിയും വഴക്കും വക്കാണവും പ്രണയവും ആതുരതയും വാത്സല്യവും സങ്കടവും ദയയും ആത്മനിന്ദയും പങ്കിട്ടെടുത്ത ജീവിതാസക്തികളുടെ പൂരപ്പറമ്പാണ് ദീപയുടെ ഓർമകൾ.

മാതാപിതാക്കളും ബന്ധുമിത്രാദികളും സഹപാഠികളും സഹപ്രവർത്തകരും വിദ്യാർത്ഥികളും മക്കളുമൊക്കെ ആ ഓർമക്കഥകളിലെ കഥാപാത്രങ്ങളാകുന്നു. അവർക്കെല്ലാമൊപ്പം തകർത്തഭിനയിക്കുന്ന ജീവിതനായികയാണ് ദീപ.

മുഖക്കുറിപ്പിൽ ശാരദക്കുട്ടിയെഴുതുംപോലെ, സ്ത്രീക്കുമാത്രം കഴിയുന്ന, നിർവ്യാജമായ ആത്മാർഥത അനുഭവപ്പെടുത്തുന്ന ഭാഷയും സാമൂഹ്യബോധവും വായനാസുഖവുമുള്ള കുറിപ്പുകളാണ് ദീപയുടേത്. നിശ്ചയമായും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബരസ്മരണ' പോലുള്ള മലയാളത്തിലെ 'അനുഭവ'സാഹിത്യത്തിലെ മികച്ച മാതൃകകളുടെ സ്വാധീനം ഈ രചനകളിലുണ്ട്. ജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യർ-പരിചിതരോ അപരിചിതരോ ആയവർ, ആത്മസുഹൃത്തുക്കൾ, കൈവിട്ടുപോയവർ, ഇട്ടെറിഞ്ഞു പോയവർ, പ്രണയികൾ, പരാജിതർ, മുറിവേറ്റവർ, തിരസ്‌കൃതർ, പാപികൾ... ദീപയുടെ പ്രാണനും പ്രജ്ഞയും പൂരിപ്പിച്ച നിമിഷങ്ങളുടെ ആവിഷ്‌ക്കാരങ്ങളാണ് ഈ പുസ്തകത്തിലെ മിക്ക കുറിപ്പുകളും.

കൗമാരത്തിൽ, ഒരു മഴനിറഞ്ഞ സന്ധ്യയുടെ ഭീതിപ്പടർപ്പിൽതന്നെ കാത്തുരക്ഷിച്ച അജ്ഞാതനായ സ്വകാര്യബസ്ജീവനക്കാരനും പഠനംനിർത്തി കൂലിപ്പണിക്കുപോയിട്ടും വിധിവിഹിതം ലംഘിക്കാനാവാതെ ജീവിതം തലകീഴ്മറിഞ്ഞുപോയ ഉണ്ണിമോനും ചോറും കുടയുമില്ലാത്ത ഉച്ചബാല്യത്തെ തണുത്ത ചിരികൊണ്ടു മറച്ചുവച്ച്, ജാതിക്കോയ്മയുടെ അന്ധനീതിയിൽ വെന്തുനീറിയ ഉമയെന്ന കളിക്കൂട്ടുകാരിയും മറ്റുള്ളവർക്കായ് ജീവിതം ഉരുക്കിത്തീർത്ത ഭാനുമതിടീച്ചറും സ്വവർഗരതിയുടെ പേരിൽ സമൂഹവും സഹപാഠികളും വേട്ടയാടിയപ്പോൾ ആത്മഹത്യചെയ്ത കായികപ്രതിഭയും വിവാഹമോചനം പോലെതന്നെ വിവാഹവും പേടിസ്വപ്നമായി നിലനിൽക്കുന്ന കാലത്ത്, പൂർണ ഗർഭിണിയായിരിക്കെ ഭർത്താവിനാൽ ആക്രമിക്കപ്പെട്ടിട്ടും തകർന്നുപോകാതെ പിടിച്ചുനിന്ന പെൺകുട്ടിയും പോളിയോ വന്നു തളർന്ന കാലുകളുമായി പഠിക്കാനെത്തിയിട്ടും പ്രസന്നതയുടെ നിറകുടമായിരുന്ന നാസിയയും അച്ഛനുമമ്മയുമില്ലാത്ത കൗമാരത്തിൽ പെങ്ങൾക്കുവേണ്ടി ജീവിച്ച്, പഠിക്കാൻ മറന്നുപോയ വിദ്യാർത്ഥിയും... ദീപയുടെ ഓർമകളിൽ ഒരു പങ്ക് ഈവിധം ചോരയും കണ്ണീരുമിറ്റുനിൽക്കുന്ന പച്ചമനുഷ്യരെക്കുറിച്ചാണ്. മറ്റൊരു പങ്ക്, ചിരിയും കരച്ചിലും മഴവില്ലുപോലെ വിടർന്നുനിൽക്കുന്ന ജീവിതാഹ്ലാദങ്ങളുടേതാണ്. ആദ്യം പ്രണയവും പിന്നെ പൂരപ്പാട്ടുമായി കൗമാരസ്വപ്നങ്ങളിൽ പേടിനിറച്ച സഹപാഠിയെ ഓട്ടോറിക്ഷാഡ്രൈവറായി കണ്ടുമുട്ടുന്നതും 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന സിനിമയിൽ രണ്ടാനച്ഛൻ ആക്രമിച്ച പെണ്ണിനെ കാമുകിയും ഭാര്യയുമാക്കി ആണത്തം തെളിയിക്കുന്ന മോഹൻലാലിനോടു തോന്നുന്ന പ്രണയവും നൃത്തവും ഡ്രൈവിംഗും പഠിക്കാൻ തുനിഞ്ഞിറങ്ങി, മതിവന്ന കാലങ്ങളെക്കുറിച്ചുള്ള നർമഭരിതമായ ഓർമകളും മാത്യുമറ്റത്തിന്റെ നോവലിൽ നിന്നു കിട്ടിയ 'തേവിടിശ്ശി'യെന്ന സംബോധനകൊണ്ട് മുറ്റമടിക്കാൻ നിർബ്ബന്ധിച്ച ചേച്ചിയെ കുളിപ്പിച്ചതിന്റെ നാടകങ്ങളും പത്താംക്ലാസിൽ കാക്കപ്പുള്ളിയുണ്ടാക്കാൻ കൈമുറിച്ച് ബാൻഡേജിട്ട് അദ്ധ്യാപകനെ കബളിപ്പിച്ച സാഹസങ്ങളും.... ദീപയുടെ കഥകൾക്ക് അസാമാന്യമായ ഓജസും ചൈതന്യവുമുണ്ട്.

'കൊടകരപുരാണ'ത്തിലാരംഭിച്ച മലയാളത്തിലെ സൈബർസാഹിത്യത്തിന്റെ രണ്ടുതനതു ശൈലികളും (വാമൊഴിയും നർമവും) ദീപക്കു കൈമുതലായുണ്ട്. നാട്ടുഭാഷയുടെയും ദേശത്തനിമകളുടെയും ചൂരും ചുണയുമുണ്ട് ഈ കുറിപ്പുകളിലുടനീളം. വിഷയത്തിന്റെ സാമൂഹിക ഗൗരവവും സമീപനനിലപാടുകളും മുൻനിർത്തി വിലയിരുത്തിയാലും കാലികവും രാഷ്ട്രീയപ്രസക്തവുമാണ് പല രചനകളും. ജാതി, ലിംഗവിവേചനങ്ങളുടെ കൂത്തരങ്ങായി മാറുന്ന അക്കാദമിക സമൂഹത്തെയും സ്ഥാപനങ്ങളെയും നിശിതമായി വിചാരണചെയ്യുന്നവ. സന്ദർഭവും സംഭവവും എന്തുമാകട്ടെ, അവതരണത്തിലും ആവിഷ്‌ക്കാരത്തിലും നിറഞ്ഞുതൂവുന്ന ജീവിതവ്യഗ്രതയും മാനവികജാഗ്രതയും കൊണ്ട് ദീപ തന്റെ ഓരോ രചനയെയും വായനാക്ഷമവും അനുഭൂതിസമ്പന്നവുമാക്കുന്നു. ('ഒരു പുഴയിൽ രണ്ടാമതൊന്നിറങ്ങാൻ ആർക്കും കഴിയില്ല' എന്ന വാക്യം ഹെറാക്ലിറ്റസിന്റേതാണ്, കസാൻദ്‌സാക്കീസിന്റേതല്ല എന്ന് ദീപയെ ഓർമിപ്പിക്കുന്നു. തമ്പിയല്ല, അണ്ണൻ പറഞ്ഞാലും അതങ്ങനെയല്ല.)

പുസ്തകത്തിൽനിന്ന്

ന്റെ സ്വപ്നമേച്ചിൽപ്പുറം
പണ്ടൊക്കെ ഞാനേറ്റവുമധികം സ്വപ്നം കണ്ടിരുന്നത് കണക്കു പിരീഡുകളിലായിരുന്നു. 'ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്‌സിലാണെന്ന്' ഏതൊക്കെ ചാക്കോ മാഷുമ്മാര് എത്ര വട്ടം പറഞ്ഞാലും എനിക്ക് മനസ്സിലാകില്ലായിരുന്നു.
എട്ടാം ക്ലാസ്സിലാണെന്നാണ് ഓർമ. ക്ലാസ്സ് ടീച്ചർ സുഭാഷിണി ടീച്ചറായിരുന്നു. കണക്കു ടീച്ചറാണ്. ഉ.സാ.ഘ യുടേയും ലാ.സാ.ഗു വിന്റേയും വഴിക്കണക്കുകളിൽ വഴിയറിയാതെ തട്ടി വീണ ഞാൻ ഗത്യന്തരമില്ലാതെ എന്റെ സ്വപ്നവനസ്ഥലികളിലേക്ക് ഊളിയിട്ട ഒരു ദിവസം.
''ദീപയെന്താ സ്വപ്നം കാണാ?''
ആ ഒരൊറ്റ ചോദ്യത്തിൽ എന്റെ എല്ലാ ദിവാസ്വപ്നങ്ങളും ഏഴു കടലിനുമപ്പുറത്തേക്ക് നാടുകടത്തപ്പെടുകയും ടി.എസ്.ദീപ എന്ന ഞാൻ ആ ക്ലാസ്സ്മുറിച്ചതുരത്തിലേക്ക് മൂക്കും കുത്തി വീഴ്‌ത്തപ്പെടുകയും ചെയ്തു!
തലകുനിച്ച് ഞാനാ ക്ലാസ്സിലിരുന്നു. ടീച്ചർ സ്പീഡിൽ നടന്ന് എന്റെയടുത്തെത്തി. ഞാനെഴുനേറ്റു നിന്നു. ക്ലാസ്സ് ലീഡർ സ്ഥാനത്തേക്കുള്ള ഇലക്ഷനിൽ അഞ്ചാം ക്ലാസ്സിൽ വച്ച് എന്നോട് ദയനീയമായി പരാജയപ്പെട്ട ദീപ കെ.ബി., സുഭാഷിണി ടീച്ചറെ പ്രതീക്ഷയോടെ നോക്കുന്നത് ഞാൻ കണ്ടു. എന്റെ അവസ്ഥയിൽ വേദനിച്ച് സിനി ഫ്രാൻസിസും സുമി കെ.സിയും തല കുനിച്ചിരുന്നു. ഞാൻ മൗനത്തിലേക്ക് മുങ്ങാങ്കുഴിയിട്ടു. ടീച്ചറുടെ മുഖത്തേക്കു നോക്കാൻ ധൈര്യം വന്നില്ല.
ഡസ്‌കിൽ നിവർത്തി വച്ചിരുന്ന കണക്കു നോട്ട്ബുക്ക് ടീച്ചർ കയ്യിലെടുത്തു. തൊണ്ടിമുതൽ പിടിക്കപ്പെട്ട കള്ളനെപ്പോലെ ഞാൻ നിന്നു.
ടീച്ചർ ബുക്ക് മറിച്ചുനോക്കി. ഒരു പേജിൽ കണ്ണുടക്കി ടീച്ചർ നിന്നു. അതിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട്. എന്താണെന്നോർമ കിട്ടയില്ല. എത്തി നോക്കാനും പേടിയായി.
ഈശ്വരാ! എന്തായിരിക്കും ഞാനതിൽ എഴുതിയിട്ടുണ്ടാവുക? കീറിക്കളയാൻ സൗകര്യത്തിന് നടുപ്പേജിലാണ് എല്ലാ സർഗ വൈഭവവും കുടഞ്ഞിടാറുള്ളത്. കീറാൻ മറന്നതാണ്. ഇത്തരമൊരു പ്രതിസന്ധി പ്രതീക്ഷിച്ചുമില്ല.
അപ്പോഴേക്കും ബെല്ലടിച്ചു. ടീച്ചർ ആ പുസ്തകം അടച്ചു. എന്നെ തറപ്പിച്ചൊന്നു നോക്കി.
''ഉച്ചയ്ക്ക് സ്റ്റാഫ് റൂമിലേക്കു വാ' എന്നും പറഞ്ഞ് വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് ഒറ്റ നടത്തം. ഞാൻ നിസ്സഹായതയുടെ ആൾരൂപമായി നിന്നു.
'നീയെന്താ അതിലെഴുതിയിട്ടുള്ളത്?'
സിനി ഫ്രാൻസിസിന്റെ ആകാംക്ഷയുടെ ഉത്തരം എന്റെ കയ്യിലില്ലായിരുന്നു.
സ്റ്റാഫ് റൂമിലേക്കു ചെന്നപ്പോൾ അവിടെ അംബുജാക്ഷി ടീച്ചറും ഉഷ ടീച്ചറും ലീലാവതി ടീച്ചറും ലളിത ടീച്ചറുമൊക്കെയുണ്ട്. സ്റ്റാഫ് റൂമിലെ ഇരുട്ട് ക്രമാതീതമാംവിധം വർധിച്ചതായി എനിക്കു തോന്നി.
ഞാൻ സുഭാഷിണി ടീച്ചറുടെ മുന്നിൽ ചെന്നുനിന്നു. ടീച്ചർ എന്നെ തലയുയർത്തി നോക്കി. കണ്ണടയ്ക്കുള്ളിൽ ടീച്ചറുടെ കണ്ണുകൾ ജ്വലിക്കുന്നുണ്ടെന്നു തോന്നി. ചുണ്ടു കൂട്ടിപ്പിടിച്ച് ഞാൻ നിന്നു.
ടീച്ചർ എന്റെ കണക്കുപുസ്തകം നിവർത്തി. ഒരു പേജിൽ അടയാളമായി സ്‌കെയിലു വച്ചിരിക്കുന്നു. ടീച്ചർ പുസ്തകം എനിക്കു നേരെ തിരിച്ചുകൊണ്ട് ചോദിച്ചു.
'എന്താദ്?
ടീച്ചറുടെ ഉറക്കെയുള്ള ചോദ്യംകേട്ട് അപ്പുറത്തിരുന്നിരുന്ന മലയാളത്തിലെ ലളിതടീച്ചർ പുസ്തകത്തിൽനിന്ന് തലയുയർത്തി രംഗം വീക്ഷിച്ചു. നിവർത്തി എന്റെ മുന്നിലേക്കു നീക്കിവച്ച നോട്ടുപുസ്തകത്തിലേക്കു ഞാൻ നോക്കി. ചുവപ്പു മഷികൊണ്ട് അടയാളപ്പെടുത്തിയ വാക്കുകളിലാണ് കണ്ണുടക്കിയത്.
'നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം,
അതികാലത്തെഴുന്നേറ്റ്,
മുന്തിരിത്തോട്ടങ്ങളിൽ പോയി,
മുന്തിരിവള്ളി തളിർത്തു പൂവിടുകയും
മാതളനാരകം പൂക്കുകയും ചെയ്‌തോ എന്ന് നോക്കാം...
അവിടെ വച്ച്..... ഞാൻ നിനക്കെന്റെ പ്രേമം നൽകാം'.
ചുവപ്പുമഷികൊണ്ട് ടീച്ചർ അടയാളപ്പെടുത്തിയ ആ 'അതിഭീകര'വരികളെ ഞാനാ സ്റ്റാഫ് റൂമിലെ അരണ്ട വെളിച്ചത്തിൽ ഭീതിയോടെ നോക്കി. പ്രതിസന്ധിഘട്ടം വരുമ്പോൾ തല അകത്തേക്കു വലിക്കാൻ കഴിയുന്ന ആമയായിരുന്നെങ്കിലെന്ന് ആശിച്ചു.
'ഇതിനൊക്കെയുള്ള പ്രായായോടോ തനിക്ക്?'
ഞാൻ അപമാനച്ചുഴിയിൽ അകപ്പെട്ടു. ലളിത ടീച്ചർ കാര്യമന്വേഷിച്ചപ്പോൾ സുഭാഷിണി ടീച്ചർ തൊണ്ടിമുതൽ ടീച്ചർക്കു നേരെ നീട്ടി. ടീച്ചറത് വാങ്ങി വായിച്ചു. ടീച്ചറുടെ ചുണ്ടിലൊരു പുഞ്ചിരി...
'ഇത് ബൈബിളിലെ വരികളല്ലേ?'
അതെനിക്ക് പുത്തനറിവായിരുന്നു. ഞാനാ വരികൾ ഹൃദിസ്ഥമാക്കിയത് ഒരു സിനിമയിൽ നിന്നാണ്. എന്തായാലും ടീച്ചറുടെ വാക്കുകൾ എനിക്ക് പുതുജീവനായി. ലോകത്ത് 'നിഷ്‌കളങ്കത' എന്ന വാക്കു സൃഷ്ടിച്ചതുതന്നെ എനിക്കു വേണ്ടിയാണെന്ന മട്ടിൽ ഞാൻ പറഞ്ഞു.
'അതെ ടീച്ചർ, ബൈബിളിലെയാണ്'.
സുഭാഷിണി ടീച്ചറുടെ മുഖം വിളറി : 'പ്രേമം' എന്ന അശ്ലീലവാക്ക് ബൈബിളിലെയാണെന്ന് വിശ്വസിക്കാനാവാതെ ടീച്ചറിരുന്നു. അസഹിഷ്ണുതയോടെ ലളിതടീച്ചറെ നോക്കി.
'എന്തായാലും കൊള്ളാം... ഇമ്മാതിരി വൃത്തികേടുകളൊന്നും കണക്കുപുസ്തകത്തിൽ എഴുതിവെക്കണ്ട'.
അസന്ദിഗ്ധമായി അങ്ങനെ പ്രഖ്യാപിച്ച് സുഭാഷിണി ടീച്ചർ സ്റ്റാഫ് റൂമിനു വെളിയിലേക്കു പോയപ്പോൾ ഞാൻ നന്ദിയോടെ ലളിതടീച്ചറെ നോക്കി. ടീച്ചർ പുഞ്ചിരിച്ചു. ആ പുസ്തകം എനിക്കു നേരെ നീട്ടി.
'ഇനി വല്ലോം എഴുതാൻ തോന്നുന്നുണ്ടെങ്കി മലയാളം പുസ്തകത്തിൽ എഴുത്യാ മതീട്ടോ' - ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാനും ചിരിച്ചു. ആശ്വാസത്തോടെ.
ക്ലാസ്സിൽ മടങ്ങിയെത്തിയപ്പോൾ സുമി ആകാംക്ഷയോടെ ഓടിവന്നു.
'എന്തായെടീ? ചീത്ത കേട്ടാ?'
ഞാൻ ചുമലു മുകളിലേക്കുയർത്തി നിഷേധാർഥത്തിൽ തലയാട്ടി.
'പിന്നെ?'
'ബൈബിളിലെ വരികളെഴുത്യേന് ചീത്ത പറേണതെന്തിനാ?'
ഞാനൊരു ക്രിസ്ത്യൻ മിഷണറിയെപ്പോലെ പറഞ്ഞു.
'ബൈബിളിലെ വര്യോളോ?' സുമി അന്തംവിട്ടു.
'ആ'
'നീയതിനു ക്രിസ്ത്യാന്യാ?'
'ക്രിസ്ത്യാന്യോൾക്കു മാത്രേ ബൈബിളിലെ വര്യോളെഴുതാൻ പാടൂ?'
എന്റെയാ ചരിത്രപ്രസിദ്ധമായ ചോദ്യത്തിൽ സുമി നിശ്ശബ്ദയായി. എന്റെ ബൈബിൾ പരിജ്ഞാനത്തിൽ കണ്ണുതള്ളി അവൾ നിന്നു.
ഞാനാ കണക്കു പുസ്തകം നിവർത്തി.
നടുപ്പേജ് എടുത്തു അതിലെ ചുവപ്പു വരയിൽ അടയാളപ്പെടുത്തിയ വരികളിലേക്കൊന്നു നോക്കി. ആ നടുപ്പേജ് ഞാൻ കീറിയെടുത്തു. നെഞ്ചിലെ നടുപ്പേജിൽ ആ പ്രണയാക്ഷരങ്ങൾ എഴുതിയിട്ടുകൊണ്ട് ആ കടലാസ് കുനകുനെ കീറി വലത്തേ കൈവെള്ളയിൽ വച്ച് ഒരൊറ്റ ഊതൽ. സോളമന്റെ പ്രണയാക്ഷരങ്ങൾ സ്‌കൂൾമുറ്റത്തെ കാറ്റിൽ വെള്ളപ്പൂമ്പാറ്റകളായി ദൂരേക്കു പറക്കുന്നതും നോക്കി ഞാനും സുമിയും നിന്നു.
******
പത്മരാജന്റെ 'നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ' ടി.വി. യിൽ കണ്ടപ്പോൾ ഓർമയിൽ അള്ളിപ്പിടിച്ചതാണ് ആ വരികൾ. ആ വരികൾ മാത്രമല്ല സിനിമയിൽ അതുരുവിട്ട ആളും നെഞ്ചിലൊട്ടിപ്പിടിച്ചിരുന്നു.
അതുവരെ എനിക്കിഷ്ടം റഹ്മാനെയായിരുന്നു. അന്നത്തെ ഒരു ശരാശരി കൗമാരക്കാരിയുടെ സ്വപ്നനായകനാവാനുള്ള യോഗ്യതകൾ റഹ്മാന് ധാരാളമായിരുന്നു. എന്നാൽ 'മുന്തിരിത്തോപ്പുകൾ' കണ്ടതോടെ കഥ മാറി. പാതിരാത്രിയിൽ ഒരു ടാങ്കർ ലോറിയോടിച്ച് സോളമൻ കടന്നുവന്നതോടെ റഹ്മാൻ തിരസ്‌കൃത കാമുകനായി. സോളമൻ ലോറിയിൽ നിന്നും ചാടിയിറങ്ങിയത് എന്റെ നെഞ്ചിലേക്കായിരുന്നു. എന്റെ നെഞ്ചു വേദനിക്കാൻ തുടങ്ങി, പ്രണയംകൊണ്ട്.
ടാങ്കർ ലോറിക്ക് ഇത്ര ഭംഗിയുണ്ടെന്ന് മനസ്സിലായത് 'മുന്തിരിത്തോപ്പുകൾ' കണ്ടപ്പോഴാണ്. അതുവരെ വഴിനീളെ മൂത്രമൊഴിച്ചുകൊണ്ട് ആടിയുമുലഞ്ഞും കടന്നുപോയിരുന്ന ആ വാഹനം എത്ര പെട്ടെന്നാണ് എന്റെ കാല്പനിക സ്വപ്നങ്ങളിലെ സ്വർണരഥമായി മാറിയത്!
സോളമനും സോഫിയയും തമ്മിലുള്ള പ്രണയം എന്നെ ഭ്രമിപ്പിച്ചുകളഞ്ഞു. സോളമന്റെ കണ്ണുകളിലെ പ്രണയവും ചിത്രത്തിന്റെ കാല്പനിക ഭാഷയും എന്നെ അടിമയാക്കിക്കളഞ്ഞു. അത്രമേൽ മധുരമായ മറ്റൊരു പ്രണയവും അന്നുമിന്നും എന്റെ ഓർമയിലില്ല. എന്റെ പുരുഷനുമൊത്തുള്ള ടാങ്കർ ലോറി യാത്രകൾ സ്വപ്നം കണ്ട് ഞാൻ രാത്രികളിൽ ഞെട്ടിയുണർന്നു.
സോഫിയായിരുന്നെങ്കിലെന്ന് ഞാൻ മോഹിച്ചു. സോഫിയയെ ഇരുകൈകളാലും കോരിയെടുത്ത് ടാങ്കർ ലോറിയിലേക്കു കയറ്റുന്ന സോളമൻ എന്റെ പുരുഷസങ്കല്പങ്ങളുടെ ആൾരൂപമായി. കരുത്തുകൊണ്ട് കീഴടക്കാൻ കഴിയുന്നത് വെറുമൊരു ശരീരം മാത്രമാണെന്നും പെണ്ണെന്നാൽ വെറുമൊരു ശരീരം മാത്രമല്ലെന്നും സോളമനിലൂടെ പത്മരാജൻ ബോധ്യപ്പെടുത്തുക തന്നെയായിരുന്നു. പോൾ പൈലോക്കാരനെ സോളമൻ തല്ലുന്നതു കണ്ടപ്പോൾ എന്റെ കൈയിലെ ഓരോ രോമകൂപവും 'ശൂ'ന്നും പറഞ്ഞെഴുന്നേറ്റ് സോളമനു സല്യൂട്ടടിച്ചു. മോഹൻലാൽ പിന്നീട് 'കാസനോവ'യും 'കൂതറ'യും 'പെരുച്ചാഴി'യുമൊക്കെയായി വന്ന എന്റെ സോളമനോർമകളെ തല്ലിക്കെടുത്താൻ നോക്കിയെങ്കിലും സോളമനെന്ന ജീവപര്യന്തത്തടങ്കലിൽ ഞാനപ്പോഴേക്കും അകപ്പെട്ടു കഴിഞ്ഞിരുന്നു. 'ഫാൾ ഇൻ ലവ്' അതെ! അതുതന്നെ! പ്രണയത്തിൽ ഞാൻ എന്നേ വീണു കഴിഞ്ഞു! പ്രണയത്താൽ ഞാൻ എന്നേ 'ഉയർത്തപ്പെട്ടു' കഴിഞ്ഞു. റൈസ് ഇൻ ലവ്!
പെരുമഴയത്ത് കാതുകൾ പൊത്തിപ്പിടിക്കുമ്പോൾ മഴ ദൂരെയാകുന്നതുപോലെ ചില നിമിഷങ്ങളിൽ മാത്രമേ എനിക്ക് സോളമൻ നഷ്ടമാകുന്നുള്ളൂ. ജീവിതത്തിന്റെ പ്രായോഗിക പാഠങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ മാത്രമാണത്. കാതിൽ നിന്ന് കൈയൽപ്പമൊന്നയച്ചാൽ വീണ്ടും മഴയാണ്... മുന്തിരിത്തോപ്പാണ്.... സോളമനാണ്. 'പവിഴം പോൽ... പവിഴാധരംപോൽ' എന്ന പാട്ടിലെ വരികളാണ്.
'പുലർവേളകളിൽ വയലേലകളിൽ
കണികണ്ടുണരാം, കുളിർ ചൂടിവരാം...'
വർഷങ്ങൾക്കിപ്പുറം ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പ്രിയപ്പെട്ട പുരുഷനെക്കുറിച്ച് എഴുതാനിരുന്നപ്പോൾ ആദ്യം മനസ്സിലേക്ക് കടന്നുവന്നത് സോളമനാണ്. ജീവിതത്തിൽ നേർക്കുനേർ കണ്ടുമുട്ടിയിട്ടുള്ള ഒരാളെക്കുറിച്ചും എനിക്കെഴുതാൻ തോന്നുന്നില്ല. പെയ്തകന്നു കടന്നുപോയ എല്ലാ പുരുഷകാലവർഷത്തിനുമപ്പുറം എന്റെ രാത്രികളെ പൊലിപ്പിക്കാൻ ഞാൻ കൂട്ടുപിടിച്ച എന്റെ സങ്കല്പപുരുഷൻ നെഞ്ചും വിരിച്ചിപ്പോഴും നിൽക്കുന്നു. തന്റേതാണെന്ന് കരുതിയവൾ മറ്റൊരു പുരുഷന്റെ ശരീരത്തിനു കാഴെ ഞെരുങ്ങിയുടഞ്ഞപ്പോൾ വെന്ത കാലുകളുമായി അവൻ തകർന്നുനിന്നില്ല. അവനവളെ നെഞ്ചേറ്റി മുന്തിരിത്തോപ്പുകളിലേക്കു കൊണ്ടുപോയി. അവനെയല്ലാതെ ആരെയാണ് ഞാൻ നെഞ്ചിൽ ചുമക്കേണ്ടത്? പ്രണയത്തിന്റെ തരിശുഭൂമിയിൽ എന്നെ തനിച്ചാക്കി സോളമനെ കൊണ്ടുപോയ സോഫിയയോടെനിക്ക് കുശുമ്പുതന്നെയാണ്.
ജീവിതത്തിലെ എല്ലാ 'നിയമംനിറവേറ്റലുകൾ'ക്കും 'നയ'ങ്ങൾക്കും അഭിനയങ്ങൾക്കുമപ്പുറം സോളമനെ ഞാനിന്നും നിഗൂഢമായി പ്രണയിക്കുന്നു. ആത്യന്തികമായി പ്രണയം ഒരേകാന്ത ധ്യാനം തന്നെയാണല്ലോ. ചില ജീവപര്യന്തത്തടവുകളിൽ നിന്ന് രക്ഷനേടാൻ ഇത്തരം ഏകാന്തധ്യാനങ്ങൾ സഹായകമാണ്. ചില സ്വപ്നമേച്ചിൽപ്പുറങ്ങൾ ആവശ്യമാണ് ജീവിതത്തിൽ. സോളമൻ എന്റെ സ്വപ്നമേച്ചിൽപ്പുറം തന്നെയാണ്.
ആയുധക്കടത്തുപോലെ രഹസ്യമായിരിക്കണം എല്ലാ സ്വപ്നസ്ഥലികളും. ആരും കാണരുത്.... ആരോടും പറയരുത്.... എ.ടി.എം. കാർഡിന്റെ പിൻനമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം.

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ
ദീപാനിശാന്ത്
കൈരളിബുക്‌സ്, കണ്ണൂർ
2015, വില:140 രൂപ