കേരളത്തിൽ നടന്ന യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ മധുപാലിന്റെ കുപ്രസിദ്ധ പയ്യൻ മികച്ച പ്രതികരണവുമായി മൂന്നാം വാരത്തിലേക്ക്. ടൊവിനോയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് കുപ്രസിദ്ധ പയ്യനിലെ അജയൻ. ആക്ഷനും പ്രണയത്തിനും പ്രാധാന്യം നൽകി അണിയിച്ചൊരുക്കിയ ചിത്രത്തിൽ ടൊവിനോയുടെ മാസ്മരിക പ്രകടനം തന്നെയാണ് ഹൈലൈറ്റ്.

കോഴിക്കോട്ട് നടന്ന ഒരു കൊലപാതകത്തിന്റെ പിന്നിലെ നിഗൂഢതകളും അതിന്റെ അന്വേഷണ വഴികളിലൂടെയുള്ള സഞ്ചാരവുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാർഥ കുറ്റവാളിയെ പിടിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഒരു പാവം യുവാവ് കുറ്റാരോപിതനാകുകയും പിന്നീട് കോടതി അയാളെ കുറ്റവിമുക്തനാക്കുന്നതുമാണ് മധുപാൽ കുപ്രസിദ്ധ പയ്യനിലൂടെ വെള്ളിത്തിരയിൽ എത്തിച്ചിരിക്കുന്നത.

കേരളത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഏതു സംഭവം വേണമെങ്കിലും ഈ കഥയോടു ചേർത്തുവായിക്കാമെന്നാണ് മധുപാൽ പറയുന്നത്. അവാർഡുകൾ വാരിക്കൂട്ടിയ തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്കു ശേഷം മധുപാൽ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യൻ ഇതിനോടകം കുടുംബസദസുകൾ ഏറ്റെടുത്തു കഴിഞ്ഞു.

നിമിഷ സജയനും അനു സിത്താരയുമാണ് ചിത്രത്തിലെ നായികമാർ. നെടുമുടി വേണു, ശരണ്യ പൊൻവണ്ണൻ, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജീവൻ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം പകർന്നിരിക്കുന്നത്.