- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറാൻ ശ്രമിക്കുന്നവരല്ല; ഏകീകൃത കുർബാന തർക്കത്തിൽ സംഘർഷം ഒഴിവാക്കാൻ സെന്റ് തോമസ് മൗണ്ടിൽ കുർബാന അർപ്പിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്നും ബിഷപ്; ജനാഭിമുഖ കുർബാന ആവശ്യപ്പെട്ട് വൈദികരുടെ ഉപവാസവും ഇന്ന്
കൊച്ചി: സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സമാധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പാതിരാ കുർബാനയ്ക്കിടെയായിരുന്നു പരാമർശം.
എന്നാൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനാൽ സംഘർഷം ഒഴിവാക്കാനായി കർദിനാൾ സെന്റ് തോമസ് മൗണ്ടിൽ കുർബാന അർപ്പിക്കുകയായിരുന്നു. എകീകൃത കുർബാന ക്രമം അനുസരിച്ചാണ് കർദിനാൾ ദിവ്യ ബലി അർപ്പിച്ചത്.സാധാരണ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കാറുള്ളത്.
സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന നടന്നു. പള്ളി വികാരി ഫാദർ ഡേവിഡ് മാടവന കാർമികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തിരുപ്പിറവി ദിവ്യബലി അർപ്പിച്ചു. പുത്തൻകുരിശ് സെന്റ് അത്താനാസിയോസ് കത്തീഡ്രലിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്കു ശ്രേഷ്ഠ കാതോലിക്ക ബാവ പ്രധാന കാർമികത്വം വഹിച്ചു. കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് കാണിച്ച് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ സിറോ മലബാർ സഭ അധ്യക്ഷൻ മാർ കർദിനാൾ ജോർജ് ആലഞ്ചേരിയടക്കമുള്ള സിനഡ് മെത്രാന്മാർക്ക് അദ്ദേഹം കത്തയച്ചിരുന്നു. പുതിയ രീതിയിലുള്ള കുർബാന നടത്തണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശം നടപ്പാക്കാനാകില്ലെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു.
തീരുമാനം അടിച്ചേൽപ്പിച്ചാൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ട്. കാനോൻ നിയമപ്രകാര മുള്ള ഇളവ് നിലനിൽക്കുന്നതിനാൽ പഴയ രീതി തന്നെ തുടരുമെന്നും കത്തിൽ പറയുന്നു. ക്രിസ്മസ് കുർബാനകൾ പുതിയ രീതിയിൽ നടത്തണം എന്നാവശ്യപ്പെട്ട് കർദിനാൾ നൽകിയ കത്തിനുള്ള മറുപടിയിലാണ് മാർ കരിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ജനാഭിമുഖ കുർബാന തുടരണമെന്നും അത് അവകാശമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ വെള്ളിയാഴ്ച ഉപവസിക്കും. അതിരൂപത ആർച്ച്ബിഷപ്പ് ഹൗസിനു മുന്നിൽ രാവിലെ 10 മുതൽ മൂന്നു വരെയാണ് ഉപവാസം
മറുനാടന് മലയാളി ബ്യൂറോ