തിരുവനന്തപുരം: ജനപിന്തുണയില്ലാത്തവരെ വളർത്തുന്നതിൽ ചാനലുകൾക്ക് പ്രധാന പങ്കുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. ന്യൂനപക്ഷ സമൂഹത്തിന്റെ കണ്ണിൽ ഇപ്പോൾ കാണുന്നതു ഭയത്തിന്റെ ചിറകടിയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോടു പറഞ്ഞു.

മതവും ജാതിയുമല്ല മറിച്ച് മനുഷ്യനാണ് പ്രധാനം എന്ന സന്ദേശവുമായി മഞ്ചേശ്വരത്ത് നിന്ന് കുരീപ്പുഴ നയിച്ച മതാതീത സാംസ്‌കാരിക യാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. പാളയം കണ്ണിമാറ മാർക്കറ്റിന് സമീപം സംഘടിപ്പിച്ച സ്വീകരണം ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.

മതാതീത സമൂഹമെന്ന ആവശ്യകത കേരളം തിരിച്ചറിയുന്നുണ്ടെന്നും ന്യൂനപക്ഷ സമൂഹത്തിന്റെ കണ്ണുകളിൽ ഭയത്തിന്റെ ചിറകടിയാണ് യാത്രയിലുടനീളം കാണാനായതെന്നും യാത്രയിലെ തന്റെ അനുഭവങ്ങൾ വിശദീകരിച്ച് കുരീപ്പുഴ പറഞ്ഞു. ഇടത് പുരോഗമന സംഘടനകൾ, ശാസ്ത്ര സാഹിത്യ പരിഷത്ത്, യുക്തിവാദി സംഘം എന്നിവർ യാത്രയിലുടനീളം മികച്ച പിന്തുണ നൽകി.

കേരളം നേരിടാൻ പോകുന്ന വർഗീയ വിപത്തിനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെ നടത്തിയ ജാഥ എൺപതോളം കേന്ദ്രങ്ങളിലാണു മനുഷ്യസംഗമം സംഘടിപ്പിച്ചത്. ഇതിലുണ്ടായ ജനപങ്കാളിത്തം മതാതീത സമൂഹം എന്ന ആവശ്യകത കേരളം ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണെന്നും കുരീപ്പുഴ പറഞ്ഞു.

ജാഥയിലുടനീളം ചിത്രകാരന്മാരും കവികളും, ചില പ്രദേശങ്ങളിൽ ആർ എം പി, സി പി എം(എൽ), എസ് യു സി ഐ തുടങ്ങിയ സംഘടനകളും മികച്ച പിന്തുണ നൽകി. അതോടൊപ്പം തന്നെ എം വി ഗോവിന്ദൻ മാസ്റ്റർ, ഗീത ഗോപി, കെ രാജു, ടി വി രാജേഷ്, ചിറ്റയം ഗോപകുമാർ, കെ അജിത്ത്, ജോസ് തെറ്റയിൽ, കടകംപള്ളി സുരേന്ദ്രൻ, പെരുമ്പടവം ശ്രീധരൻ, സനൽകുമാർ ശശിധരൻ തുടങ്ങി നിരവധി പ്രമുഖർ ജാഥയുടെ വിവിധ ഘട്ടങ്ങളിലായി തങ്ങളെ പിന്തുണച്ച് രംഗത്ത് വന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്ത് സ്ഥിരാംഗങ്ങളാണ് ജാഥയിലുണ്ടായിരുന്നത്. മലപ്പുറം ജില്ലയിൽ വിവിധ സംഘടനകൾ ചേർന്ന് ദൈനംദിന ചെലവിനായി മുപ്പതിനായിരത്തോളം രൂപ പിരിച്ച് നൽകിയെന്നും അത് ന്യൂനപക്ഷ സമൂഹം യാത്രയുടെ പ്രാധാന്യം ഉൾക്കൊണ്ടതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥയിൽ സംഘടിപ്പിച്ച മനുഷ്യസംഗമങ്ങളിൽ എല്ലാ മതങ്ങളുടേയും മോശം പ്രവണതകൾ ചൂണ്ടിക്കാണിച്ചതായും ഏതു മതമായാലും നല്ല പാഠങ്ങൾ മനുഷ്യനിലേക്കെത്തിക്കുക എന്ന സന്ദേശമാണ് നൽകാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാളയം കണ്ണിമാറ മാർക്കറ്റിൽ മകന്റെ വിദ്യാഭ്യാസത്തിനായി പഴം വിൽക്കുന്ന അമ്മയെ സഹായിക്കാനായതിൽ സന്തോഷമുണ്ട്. തന്റെ മകനെ ഡോക്ടറാക്കാനാണ് ഈ അമ്മ പാളയം മാർക്കറ്റിൽ പഴം വിൽക്കുന്നത്. വയനാട് കൽപറ്റയിലെ ഹിന്ദു മുസ്ലിം ദമ്പതികളുടെ കുഞ്ഞിന് നാമകരണം ചെയ്യാനായതും ജാഥയിലെ സ്ഥിരാംഗമായിരുന്ന സതീഷ് കൊയ്‌ലത്ത് തന്റെ ശരീരം മരണാനന്തരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഗവേഷണത്തിന് നല്കുന്നതിനായി സമർപ്പിച്ച അപേക്ഷ പരിഗണിച്ചതും യാത്രയിലെ അപൂർവതകളായി കാണുന്നതായും കുരീപ്പുഴ വ്യക്തമാക്കി.

ജാഥയെ സ്വീകരിക്കാനെത്തിയവരിൽ ഭൂരിഭാഗവും പുസ്തകങ്ങൾ നൽകിയാണു കുരീപ്പുഴയെ വരവേറ്റത്. തിരുവനന്തപുരത്ത് ഗോത്രഗായകൻ മണികണ്ഠനും സംഘവും നാടൻപാട്ടോടെ യാത്രയ്ക്ക് സ്വീകരണം നൽകി. കോട്ടൺഹിൽ സ്‌കൂൾ വിദ്യാർത്ഥിനി ആഭ 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനം വയലിനിൽ വായിച്ചാണ് യാത്രയെ സ്വീകരിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ടി ജി വിജയകുമാറിനെയും ആദരിച്ചു. സ്വീകരണ ചടങ്ങിനെത്തിയവർക്ക് കപ്പയും ചമ്മന്തിയും ചുക്കുകാപ്പിയുമാണ് നൽകിയത്.

പാട്ടും കളിയും നാടകവും കഥപറച്ചിലും കവിതചൊല്ലലും എല്ലാമുണ്ടായിരുന്നു ജാഥയിൽ. വെറും വിനോദം ലക്ഷ്യമിട്ടായിരുന്നില്ല ജാഥ. ഇന്ത്യ തകരുക്കില്ലെന്ന വലിയ സത്യത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. സ്വാർത്ഥലക്ഷ്യങ്ങളില്ലാതെയായിരുന്നു കുരീപ്പുഴയുടെ മതാതീത സാംസ്‌കാരിക യാത്രയുടെ പ്രയാണം. സ്വതന്ത്രവും ധീരവുമായ മാദ്ധ്യമപ്രവർത്തനം പോലും അസാദ്ധ്യമാകുന്ന, ജീവൻ അപകടത്തിലാക്കുന്ന, ഇന്നത്തെ ദുരന്തസാഹചര്യത്തിലേക്ക് എത്തിച്ചതെന്തെന്നു തിരിച്ചറിയാൻ കൂടിയുള്ളതാണ് മതാതീത സാംസ്‌കാരിക യാത്രയെന്നു മാദ്ധ്യമപ്രവർത്തകരും വിലയിരുത്തിയിരുന്നു. മഹാവാർത്തകളായി, മഹാ സംഭവങ്ങളായി നാം ആഘോഷിച്ച 'വലിയ' കാര്യങ്ങൾ സമൂഹത്തിന് എന്തു നല്കി എന്നുകൂടി ചിന്തിക്കാനുള്ള അവസരം കൂടിയാണ് യാത്ര നൽകിയത്.