ജലന്ധർ: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ മരിച്ച നിലയിൽ. ജലന്ധറിന് സമീപം ജസ്‌വായിലാണ് വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാദർ കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്.

ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരൻ ജോസ് കാട്ടുതറ പറഞ്ഞു.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങൾ നൽകുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നൽകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.

മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണൽ ട്രെയിനർ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകൾ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രൂപതയുടെ കീഴിൽ കന്യാസ്ത്രീകൾക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുൻ ബിഷപ്പ് സിംഫോറിയൻ കീപ്പുറത്തിനൊപ്പം പ്രവർത്തിച്ച വൈദികൻ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്.