- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതു വേണ്ട... കത്തിയെടുത്തുള്ള കയ്യാങ്കളി വേണ്ട! കുറുക്കന്മല സംഘർഷത്തിൽ കത്തിയൂരി കുത്താൻ ഓങ്ങിയ വനപാലകനെതിരെ കേസ്; ആദിവാസി യുവാവിന്റെ പരാതിയിൽ കേസെടുത്തത് തടഞ്ഞുവെച്ച് മർദ്ദിച്ചതിനും ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചു എന്നീ വകുപ്പുകൾ ചുമത്തി
കൽപ്പറ്റ: കുറുക്കന്മൂലയിൽ വനപാലകരും നാട്ടുകാരും തമ്മിലുണ്ടായ സംഘർത്തെ തുടർന്ന് വനപാലകനെതിരെ കേസെടുത്തു. കത്തിയെടുത്തു കുത്താൻ ഓങ്ങിയ വനപാലകനെതിരാണ് കേസെടുത്തത്. സംഘർഷത്തിൽ ഉണ്ടായിരുന്ന പ്രദേശവാസിയായ യുവാവിന്റെ പരാതിയിലാണ് മാനന്തവാടി പൊലീസ് കേസെടുത്തിരിക്കുന്നത്. പുതിയിടം പുളിക്കൽ പണിയ കോളനിയിലെ അഖിൽ കൃഷ്ണയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയുന്ന ഒരു വനപാലകനെതിരെ കേസെടുത്തിരിക്കുന്നത്.
തടഞ്ഞുവെച്ച് മർദ്ദിച്ചു, ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചു എന്നീ വകുപ്പുകളിൽ എസ്.സി.എസ്.ടി നിയമ പ്രകാരമാണ് മാനന്തവാടി പൊലീസ് കേസെടുത്തിരിക്കുന്നത്. വനപാലകരുടെ തെരച്ചിൽ ഫലപ്രദമല്ലെന്നും കടുവയെകണ്ട സമയത്ത് നാട്ടുകാർ അറിയിച്ചുട്ടും വനപാലകർ സ്ഥലത്തെത്തിയില്ലെന്നും ആരോപിച്ചായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ വനം വകുപ്പുദ്യോഗസ്ഥരിലൊരാൾ ജനക്കൂട്ടത്തിനെതിരെ കത്തിയെടുക്കാനും ശ്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭാ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ നേരത്തേ കേസെടുത്തിരുന്നു. വൈൽഡ് ലൈഫ് വാർഡന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. ഇന്നലെ കടുവക്കായി വ്യാപകമായി തെരച്ചിൽ നടത്തിയിട്ടും ഇതുവരെ വലയിലാക്കാൻ സാധിച്ചിരുന്നില്ല. അതിനിടെ, വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ പ്രദേശവാസിയെ കുത്താൻ ഉദ്യോഗസ്ഥൻ കത്തി എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
കടുവയെ കണ്ടെന്ന വിവരം ലഭിച്ചിട്ടും അതിനെ പിടികൂടാൻ വനപാലകർ കാര്യമായി ഒന്നും ചെയ്തില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി ഒരുമണിയോടെ പുതിയേടം പ്രദേശത്ത് കടുവ ഇങ്ങിയത് ഒരു കുടുംബം കാണുകയും അവർ കൗൺസിലറെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വനംവകുപ്പുകാർ സ്ഥലത്തെത്തുകയും ചെയ്തു.
എന്നാൽ അവർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും കൈയിൽ തിരച്ചിൽ നടത്താൻ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിന്റെ പേരിലായിരുന്നു രാവിലെ പ്രദേശത്ത് ഉദ്യോഗസ്ഥരുമായി സംഘർഷമുണ്ടായത്. വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു.
സംഘർഷത്തിനിടെയാണ് ഉദ്യോഗസ്ഥൻ കത്തിയെടുത്ത് പ്രദേശവാസിയെ കുത്താൻ ശ്രമിച്ചത്. അടുത്തുണ്ടായിരുന്നു മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞതുകൊണ്ടുമാത്രം അത്യാഹിതം സംഭവിച്ചില്ല. ഉദ്യോഗസ്ഥനെതിരെ കർശന നടപടി എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജനങ്ങളോട് ഇടപെടുന്നതിനിടയിൽ കത്തി ഊരി വീശുന്നതിനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് കൗൺസിലറും നാട്ടുകാരും ചോദിക്കുന്നത്. ഒരു ഉദ്യോഗസ്ഥനോട് ഒച്ചവച്ച് സംസാരിച്ചു എന്നതിന്റെ പേരിലാണ് സംഘത്തിലെ മുഴുവൻ അംഗങ്ങളും എല്ലാവരേയും കൈയേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായതെന്നാണ് കൗൺസിലർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ