കോട്ടയം: കുറുവ സംഘം മധ്യകേരളത്തിലെത്തുമ്പോൾ കവർച്ച ഭീതിയിലേക്ക് കേരളം. മഴക്കെടുത്തിക്കിടെയാണ് ഭയപ്പെടുത്താൻ കവർച്ചക്കാരും അതിർത്തി കടന്ന് എത്തുന്നത്. ഏറ്റുമാനൂർ അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളിൽ മോഷണ ശ്രമം. ആയുധധാരികളായ മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നു കണ്ടെത്തി. ഇവർ കുറുവ സംഘമാണെന്നു സംശയിക്കുന്നതായും പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു.

വടിവാൾ, കോടാലി ഉൾപ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് ഇവർ പോയത്. അതുകൊണ്ട് ഇവർ ഇതരസംസ്ഥാനത്ത് നിന്ന് എത്തിക കൊള്ളക്കാരാണെന്ന് വ്യക്തമാണ്. അക്രമകാരികളായ കുറുവ സംഘം സംസ്ഥാനാതിർത്തിയിൽ താവളമാക്കിയിട്ടുണ്ടെന്ന സൂചനകൾ നേരത്തെ പാലക്കാടിനെ ഭീതിയിലാക്കിയിരുന്നു. വർഷങ്ങൾക്കു മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കുപ്രസിദ്ധരായ തമിഴ് കുറുവ സംഘാംഗങ്ങളാണ് കവർച്ചകൾക്ക് വീണ്ടും എത്തിയത്. ഇവർ മധ്യകേരളത്തിൽ എത്തിയെന്ന സൂചനയാണ് പുതിയ സംഭവങ്ങൾ നൽകുന്ന സൂചന.

അതിരുമ്പുഴ യിലെ അഞ്ചാം വാർഡ് മനയ്ക്കപ്പാടം നീർമലക്കുന്നേൽ മുജീബ്, കളപ്പുരത്തട്ടേൽ ജോർജ്, ആറാം വാർഡ് തൃക്കേൽ ക്ഷേത്രത്തിന്റെ സമീപം നലീഫ മൻസിൽ യാസിർ, പൈമറ്റത്തിൽ ഇക്‌ബാൽ, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാർ, ഏഴാം വാർഡിലെ യാസ്മിൻ എന്നിവരുടെ വീടുകളിൽ ഇന്നലെ പുലർച്ചെ ഒന്നിനും 3.30നും ഇടയിലാണു മോഷണശ്രമം. യാസിറിന്റെ ഭാര്യയുടെ മെറ്റൽ പാദസരം സ്വർണത്തിന്റേതെന്നു കരുതി അപഹരിച്ചു. യാസ്മിന്റെ വീടിന്റെ വാതിൽ മോഷ്ടാക്കൾ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. ശബ്ദം വച്ചതോടെ സംഘം കടന്നു. വാർഡ് അംഗം ബേബിനാസ് അജാസിനെ ഫോണിലൂടെ വിവരമറിയിച്ചു. ഏറ്റുമാനൂർ പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.

പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും. ഇതിനിടെ തിരഞ്ഞെടുക്കുന്ന വീടുകൾ രാത്രി കുത്തിത്തുറന്നു കുടുംബാംഗങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തി കവർച്ച നടത്തലായിരുന്നു രീതിയാണ് കുറവ സംഘത്തിന്റേത്. ഈ ടീം വീണ്ടും പാലക്കാട് എത്തിയെന്നാണ് ആശങ്ക. കുറുവ കവർച്ച സംഘങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന തിരുട്ടുഗ്രാമങ്ങളും തമിഴ്‌നാട്ടിലും ഇതര സംസ്ഥാനങ്ങളിലുമുണ്ടെന്നും പൊലീസ് പറയുന്നു. കമ്പിവടിയും വാളുമായി നീങ്ങുന്ന ഇവർ ആയുധ പരിശീലനം നേടിയവരാണ്. ഏതു സമയത്തും ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷിയുണ്ട്. നൂറോളം വരുന്ന കവർച്ചക്കാരാണു കുറുവ സംഘം. ശരീരത്തിൽ മുഴുവൻ എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയിൽ മാരകായുധങ്ങളുമായി വീടുകളിലെത്തും. എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധം വച്ച് കീഴ്പ്പെടുത്തി കവർച്ച നടത്തി മടങ്ങുന്നതാണ് ഇവരുടെ ശൈലി.

ഒരു വ്യാഴവട്ടക്കാലം മുൻപ് അറസ്റ്റിലായ പരുത്തിവീരനും സംഘവും വീണ്ടും കേരളത്തിൽ എത്തിയോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. 2008 ലും 2010ലുമായാണ് പതിനഞ്ചോളം മോഷ്ടാക്കളെ പിടികൂടിയത്. ഇവർക്കെതിരായ കേസുകളെല്ലാം ഇപ്പോഴും കോടതിയിലാണ്. ഒറ്റപ്പാലം അമ്പലപ്പാറയിൽ നിന്ന് 2008ൽ പത്തിലേറെ പേരും, മറ്റൊരു സംഘം 2010ൽ മലപ്പുറം മക്കരപറമ്പിൽ നിന്നുമാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വിഴിപ്പുറം, കല്ലക്കുറുച്ചി സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കളിൽ പരുത്തിവീരനു പുറമേ കൃഷ്ണൻ, വീരൻ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു. ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ അൻപതോളം കേസുകൾ ഉണ്ടെന്നായിരുന്നു. സംസ്ഥാനത്താകെ നൂറോളം കേസുകളും. എഡിജിപിയായ വിജയ് സാഖറെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന കാലത്താണ് ഈ കള്ളന്മാരെ പിടികൂടിയത്. അന്നും കുറുവ സംഘത്തലവനായിരുന്ന മലയാളത്താനെ പോലുള്ള കുപ്രസിദ്ധരെ പിടികൂടാനായിരുന്നില്ല. ഈ സംഘമാണ് വീണ്ടും എത്തിയതെന്നാണ് നിഗമനം.

അതിരമ്പുഴ തൃക്കേൽ ക്ഷേത്രം, മറ്റം കവല ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിപ്പെടുത്തി മോഷണസംഘങ്ങൾ ഒരേ സമയം എത്തുകയായിരുന്നു കഴിഞ്ഞ ദിവസം. മൂന്നുവീടുകളിൽ മോഷണത്തിന് ശ്രമിച്ച ഇവർ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടുകാർ ഉണർന്ന് ബഹളംവെച്ചു. തുടർന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശങ്ങളിൽനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ മൂന്നംഗസംഘമാണ് മോഷണശ്രമത്തിന് പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ചെരിപ്പുകളും വസ്ത്രങ്ങളും അവർ എടുത്തുകൊണ്ടുപോയി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധി അടക്കമുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ചില നിർദ്ദേശങ്ങൾ പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള് പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കാൻ വാർഡുകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുക. അടഞ്ഞുകിടക്കുന്ന വാതിലിനു പിറകിൽ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങൾ അടുക്കിവയ്ക്കുക. (വാതിലുകൾ കുത്തിത്തുറന്നാൽ ഈ പാത്രം മറിഞ്ഞുവീണുണ്ടാകുന്ന ശബ്ദം കേട്ട് ഉണരാൻ സാധിക്കും). വാർഡുകളിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞ് സ്‌ക്വാഡ് പ്രവർത്തനം നടത്തുക എന്നതാണ് ഇതിൽ പ്രധാനം.

അനാവശ്യമായി വീടുകളിൽ എത്തിച്ചേരുന്ന യാചകർ, ചൂല് വില്പനക്കാർ, കത്തി കാച്ചി കൊടുക്കുന്നവർ, തുടങ്ങി വിവിധ രൂപത്തിൽ വരുന്ന ആളുകളെ കർശനമായി അകറ്റി നിർത്തുക. അസമയത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്ന് വെളിയിൽ ഇറങ്ങാതിരിക്കുക. അയൽപക്കത്തെ ആളുകളുടെ ഫോൺ നമ്പരും അടുത്തുള്ള പൊലീസ് സ്റ്റേഷൻ നമ്പരും കൃത്യമായി ഫോണിൽ സേവ് ചെയുക-എന്നിവയാണ് അവ.