കോഴിക്കോട്: പിണറായി വിജയൻ സർക്കാർ ഒമ്പത് മാസംകൊണ്ട് കേരളത്തെ നശിപ്പിച്ചെന്ന് നടിയും അഖിലേന്ത്യാ കോൺഗ്രസ് വക്താവുമായ ഖുശ്‌ബു. എൽഡിഎഫ് സർക്കാർ വന്നശേഷം സ്ത്രീകൾക്കു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായെന്നും അവർ ആരോപിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതിൽ ബിജെപിയും കുറ്റക്കാരാണ്. രാജ്യത്ത് മൂന്നുവർഷത്തിനിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പലമടങ്ങ് വർധിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനെതിരായ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുയായിരുന്നു ഖുശ്‌ബു.

പാതിരാത്രിക്ക് പോലും റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയെയാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. എന്നാൽ പിണറായി സർക്കാരിന്റെ ഭരണത്തിൽ നട്ടുച്ചയ്ക്ക് പോലും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.

സാധാരണക്കാർക്ക് സംരക്ഷണം നൽകാനല്ല പൊലീസ് ശ്രമിക്കുന്നത്. അതുകൊണ്ട് സാധാരണക്കാർക്ക് സ്വയം പ്രതിരോധിക്കാനേ സാധിക്കുന്നുള്ളു. ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ് പോകുമ്പോൾ 'അഡ്ജസ്റ്റ് ചെയ്യാൻ പഠിക്കണം' എന്നാണ് വീട്ടുകാർ പോലും പറയുന്നത്. എന്നാൽ ശാരീരികമായും മാനസികമായുമുള്ള പീഡനത്തിനെതിരെ, ഇല്ല എന്ന് പറയാൻ സ്ത്രീകൾ പഠിക്കണം. സമൂഹവും തങ്ങളുടെ മനസ് അത്തരത്തിൽ മാറ്റാൻ ശ്രമിക്കണമെന്നും ഖുശ്‌ബു പറഞ്ഞു.

ആക്രമണമുണ്ടായപ്പോൾ അതിനെതിരെ ശക്തമായി രംഗത്തുവരികയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്ത നടിയെ അഭിനന്ദിക്കുന്നു. തൊഴിലിലേക്ക് തിരിച്ചുവരാനുള്ള നടിയുടെ തീരുമാനം സ്വാഗതാർഹമാണെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു.