- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രയൽ റൺ നടത്താതെ തന്നെ മണ്ണിടിച്ചിൽ സാധ്യത ഇല്ലെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസി; ഓഗസ്റ്റിൽ പാത തുറക്കുന്നതിന് പാരയുമായി ദേശീയ പാത അഥോറിറ്റി എത്താൻ ഇടയില്ല; ഉടൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ പൊതുമരാമത്ത് വകുപ്പ്; കുതിരാൻ ഓഗസ്റ്റിൽ തുറന്നേക്കും
തൃശൂർ: കുതിരാനിൽ പണികൾ അതിവേഗമാണ് നടക്കുന്നത്. എന്നാൽ ഉടൻ തുറക്കാനും ഇടയില്ല. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിൽ ട്രയൽ റൺ നടന്നില്ല. തുരങ്കമുഖത്തെ മണ്ണിടിച്ചിൽ പ്രതിസന്ധിയായി തുടരുകയാണ്. ട്രയൽ റൺ ഇന്നലെ നടത്തുമെന്നു ദേശീയപാത അഥോറിറ്റി തിരുവനന്തപുരത്തെ ഉന്നതതല യോഗത്തിൽ പറഞ്ഞിരുന്നു. മണ്ണിടിച്ചലിൽ അത് മുടങ്ങി. ഇത് ഇനി എന്നു നടക്കുമെന്നു വ്യക്തമല്ല.
22 മുതൽ 3 ദിവസം നടന്ന പരിശോധന മാത്രം പരിഗണിച്ചു ട്രയൽ റൺ വേണ്ടെന്നു വയ്ക്കാനും സാധ്യതയുണ്ട്. ഇതേക്കുറിച്ചു ദേശീയ പാത അഥോറിറ്റി തീരുമാനം എടുക്കും. തുരങ്കത്തിലൂടെ വാഹനങ്ങൾ പല തവണയായി കടന്നു പോയിട്ടുണ്ട്. ഇതു ട്രയൽ റണ്ണിനു സമാനമായി കണക്കാക്കും. എന്നാൽ തുരങ്കത്തിൽ ഭാവിയിൽ എന്തെങ്കിലും ദുരന്തമുണ്ടായാൽ ഇത്തരം തീരുമാനമെല്ലാം വിവാദത്തിലാകും. എന്നാൽ അതിവേഗ തീരുമാനത്തിനായി സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദവും ഉണ്ട്. ഇതെല്ലാം പരിശോധിച്ച് തീരുമാനം എടുക്കും.
കുതിരാൻ തുരങ്കം തുറക്കാൻ ദേശീയ പാത അഥോറിറ്റി അനൗദ്യോഗിക അനുമതി നൽകിയെന്നും റിപ്പോർട്ടുണ്ട്. തുരങ്കത്തിൽ മണ്ണിടിച്ചിൽ സാധ്യതയില്ലെന്ന് പരിശോധനക്ക് ശേഷം ദേശീയപാത അഥോറിറ്റി അധികൃതർ വ്യക്തമാക്കിയെന്നാണ് സൂചന. തുരങ്കത്തിലൂടെ ഗതാഗതത്തിന് തടസ്സമില്ലെന്നും അവർ അറിയിച്ചു. കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്തിൽ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് വിലയിരുത്തുന്നു.
നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ഒരു ടണൽ തുറക്കുന്നതിന് വേണ്ടിയുള്ള മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നതെന്ന് ദേശീയപാതാ അഥോറിറ്റി അധികൃതർ യോഗത്തിൽ അറിയിച്ചു. ജോലികൾ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ട്രയൽ റൺ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതിനായി ഒരുക്കങ്ങൾ നടത്തേണ്ട കമ്പനിക്കു ഇതുവരെ നൽകിയിട്ടില്ല. ട്രയൽ റൺ ഇല്ലാതെ തുറക്കാനാണ് സാധ്യയെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളും നൽകുന്ന സൂചന.
തുരങ്കമുഖത്തെ മണ്ണിടിച്ചിൽ മാത്രമാണ് ഇപ്പോഴുള്ള പ്രശ്‌നം. കനത്ത മഴയുള്ളതിനാൽ മണ്ണിടിച്ചിൽ വീണ്ടും ഉണ്ടാകും. മഴ ഒതുങ്ങിയ ശേഷമേ ട്രയൽ റണ്ണിന് സാധ്യതയുള്ളൂ. അതുകൊണ്ട് ഓഗസ്റ്റ് 15നു ശേഷമേ തുരങ്കം തുറക്കാനാകൂ എന്നാണു വിലയിരുത്തൽ. മഴ തന്നെയാകും കാര്യങ്ങൾ നിശ്ചയിക്കുക.
ദേശീയപാത അഥോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് വിഭാഗത്തിന്റെ ഫിറ്റ്്‌നസ് സർട്ടിഫിക്കറ്റാണ് ഇനി കിട്ടാനുള്ള പ്രധാന രേഖ. തുരങ്കത്തിനുള്ളിൽ 570 മീറ്റർ നീളത്തിൽ ഉരുക്കു പാളികൾ കമാനാകൃതിയിൽ ഘടിപ്പിച്ച് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തണമെന്നും മലയിൽ നിന്നുള്ള വെള്ളത്തിന്റെ ചോർച്ച അവസാനിപ്പിക്കാൻ ശാശ്വത പരിഹാരം കാണണമെന്നും 22നു നടന്ന പരിശോധനയ്ക്കു ശേഷം ദേശീയപാത അഥോറിറ്റി നിർദേശിച്ചിരുന്നു. ഇതെല്ലാം ചെയ്തു തീർക്കേണ്ടതുണ്ട്.
മുകൾഭാഗത്ത് ഇതുവരെ പൂർണമായി കോൺക്രീറ്റിങ് നടത്തിയിട്ടില്ല. രണ്ടാമത്തെ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം ഗതാഗതം അതിലേക്കു മാറ്റുകയും ആ സമയത്ത് ഒന്നാം തുരങ്കത്തിലെ പണികൾ പൂർത്തീകരിക്കുകയും ചെയ്യാമെന്നാണ് കേരളം പറയുന്നത്. അതിനിടെ തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ സജ്ജമാണെന്നു നിർമ്മാണ കരാർ കമ്പനി ദേശീയ പാത അഥോറിറ്റിയെ അറിയിച്ചിട്ടുണ്ട്.
അതിനിടെ ദേശീയപാതയിൽ വഴക്കും പാറ ഭാഗത്ത് റോഡ് വീതികൂട്ടി ടാറിങ് ആരംഭിച്ചു. വഴുക്കുംപാറ മേൽ പാത മുതൽ കുതിരാൻ തുരങ്കത്തിലേക്കുള്ള പുതിയറോഡ് വരെയാണ് നിലവിലുള്ള ദേശീയപാത വീതി കൂട്ടുന്നത്. തുരങ്കത്തിൽ നിന്നുള്ള റോഡ് തൃശൂർ ഭാഗത്തേക്കു പ്രവേശിക്കുന്ന സ്ഥലത്തെ വീതി കുറവ് ഗതാഗത കുരുക്കിനു കാരണമാകുമെന്ന് വിലിയിരുത്തലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ