തൃശൂർ: കുതിരാൻ തുരങ്ക പാതയുടെ അവകാശികൾ സംസ്ഥാന സർക്കാരായിരുന്നുവെന്നാണ് പൊതുജനം കരുതിയത്. പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസ് ഓഗസ്റ്റിൽ പാത തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ എല്ലാവരും അങ്ങനെ കരുതി. മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗവും നടത്തി. പക്ഷേ കരുതലോടെ കേന്ദ്രം തിരിച്ചടിച്ചു. പിണറായിയുടെ ആഗ്രഹത്തിന് അനുസരിച്ച് പാത തുറക്കാൻ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി തയ്യാറായി. അപ്പോഴും ക്രെഡിറ്റ് കേന്ദ്രത്തിനാകുന്ന തരത്തിൽ ഇടപെടൽ വന്നു. 

സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചതിന്റെ തൊട്ടുതലേന്ന് തികച്ചും അപ്രതീക്ഷിതമായി കേന്ദ്രസർക്കാർ ഇടപെട്ട് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. ഇതോടെ സംസ്ഥാന മന്ത്രിമാർക്ക് ആർക്കും പങ്കെടുക്കാനായില്ല. കളക്ടർക്ക് തുറന്നു കൊടുക്കേണ്ടി വന്നു. തുരങ്ക നിർണമാണത്തിന്റെ ക്രെഡിറ്റ് അല്പംപോലും സംസ്ഥാന സർക്കാരിന് കൊടുക്കാതിരിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ തീർത്തും സർജിക്കൽ സ്‌ട്രൈക്ക്. ഓഗസ്റ്റ് 15ന് മുമ്പ് ആഘോഷ പൂർവ്വം പാത തുറക്കാനായിരുന്നു സർക്കാരിന്റെ ഇന്നലത്തെ ആലോചന. ഇതാണ് പൊളിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും ഗഡ്ഗരിയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. കേന്ദ്രമന്ത്രിയെ കാണാനെത്തിയപ്പോൾ മുറി അടച്ചിരുന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഏറെ വാർത്തയുമായി. പിണറായി ആവശ്യപ്പെട്ടതെല്ലാം അന്ന് അനുവദിക്കുകയും ചെയ്തു. അത്രയും അടുപ്പമുള്ള കേന്ദ്രമന്ത്രിയാണ് അതീവ രഹസ്യമായി കുതിരാനിൽ കാര്യങ്ങൾ നീക്കിയത്. ചില ഇടപെടലുകൾ ഇതിന് പിന്നിലുണ്ടെന്ന് മുഖ്യമന്ത്രിക്കും അറിയാം. എന്നാലും തൽകാലം വിവാദങ്ങൾക്ക് നിൽക്കില്ല.

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാനായിരുന്നു പിണറായിയുടെ ഡൽഹി ദൗത്യം. ഇതിനിടെയാണ് ഗഡ്ഗരിയേയും കണ്ടത്. പിണറായി വിജയൻ മുറിയിലേക്ക് കടന്നു വരുന്നത് കണ്ട കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി തന്റെ ഓഫീസിലുണ്ടായിരുന്ന എല്ലാവരോടും പുറത്തു പോകാൻ നിർദ്ദേശിക്കുകയായിരുന്നു. കേന്ദ്ര-കേരള ഉദ്യോഗസ്ഥർക്ക് ഇതുമൂലം പുറത്തു പോകേണ്ടി വന്നു. അതിന് ശേഷം മുറിയിൽ ഉണ്ടായിരുന്നത് ഗഡ്ഗരിയും പിണറായിയും പിന്നെ രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസും മാത്രമായിരുന്നു. ഏറെ നേരം ചർച്ചകൾ നടന്നു. അതിന് ശേഷമായിരുന്നു ഔദ്യോഗിക ചർച്ചയ്ക്ക് ഉദ്യോഗസ്ഥരെ മുറിയിലേക്ക് കേറ്റിയത്.

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ രഹസ്യങ്ങളായിരുന്നു കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും സംസാരിച്ചതെന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് ചില കേന്ദ്രങ്ങളെ ഉദ്ദരിച്ച് അന്ന് റിപ്പോർട്ട് ചെയ്തത്. നാഗ്പൂരിലെ നാട്ടു മരുന്നുകളിൽ വിദഗ്ധനായ ഡോക്ടർ തന്നോട് ഓറഞ്ച് ജ്യൂസും കരിക്കിൻ വെള്ളവും ചേർത്തു കുടിച്ചാൽ കോവിഡിൽ നിന്ന് അതിവേഗ മുക്തിയുണ്ടാകുമെന്ന് പറഞ്ഞതായി പിണറായിയോട് ഗഡ്കരി പറഞ്ഞുവത്രേ. ദിവസം രണ്ടു നേരം താൻ കരിക്കിൻ വെള്ളം കുടിക്കാറുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. ശുദ്ധമായ കരിക്ക് കേരളത്തിൽ എന്ന് എത്തിക്കാമെന്ന് കേന്ദ്രമന്ത്രിക്ക് പിണറായി ഉറപ്പു നൽകിയെന്നും ഇന്ത്യൻ എക്സ്‌പ്രസ് വാർത്തയിലുണ്ട്. ഡൽഹി കോൺഫിഡൻഷ്യൽ എന്ന പംക്തിയിൽ രസകരമായാണ് ഈ കോക്കനട്ട് ഓഫറിനെ ഇന്ത്യൻ എക്സ്‌പ്രസ് അവതരിപ്പിച്ചത്. ഈ സൗഹൃദമെല്ലാം മറന്നാണ് കുതിരാനിലെ ഗഡ്ഗരിയുടെ ഇടപെടൽ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷമാണ് ഇഴഞ്ഞുനീങ്ങിയിരുന്ന തുരങ്കനിർമ്മാണം വേഗത്തിലായത്. പ്രത്യേകം ശ്രദ്ധ നൽകുകയും ചെയ്തു. തുരങ്കനിർമ്മാണം പൂർണമായും കേന്ദ്രത്തിന്റെ കാര്യമാണെങ്കിലും ക്രെഡിറ്റ് സംസ്ഥാന സർക്കാരിനുപോകുന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇതു മനസ്സിലാക്കിയാണ് കേന്ദ്ര ഇടപടെലുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് വന്നു; തുരങ്കം ഇന്ന് തുറന്നുകൊടുക്കും. ഇതോടെയാണ് കാര്യം സംസ്ഥാന സർക്കാർ പോലും കാര്യമറിഞ്ഞത്. ഇതു സംബന്ധിച്ച് കളക്ടർക്കുപോലും നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നില്ല. മനപ്പൂർവ്വം ഒന്നും അറിയിച്ചില്ല. രാത്രി ഏഴിനാണ് ജില്ലാ കളക്ടർ ഹരിത വി. കുമാർ കുതിരാനിലെത്തി സ്ഥിതി വിലയിരുത്തിയത്. തുടർന്ന് എട്ടോടെ വാഹനങ്ങൾ കടത്തിവിടുകയായിരുന്നു.

കാത്തുനിന്ന ഇരുചക്രവാഹന യാത്രികരെയാണ് ആദ്യം കടത്തിവിട്ടത്. തൊട്ടുപിന്നാലെ കളക്ടർ ഹരിത വി. കുമാറും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയും ദേശീയപാത പ്രൊജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവും പ്രവേശിച്ചു. തുടർന്ന് പാലക്കാട്ട് നിന്ന് തൃശൂരിലേക്കുള്ള വാഹനങ്ങൾ കടത്തിവിട്ടു. അതിനിടെ കുതിരാനിലെ രണ്ട് ടണലുകളും തുറന്നശേഷമേ ഉദ്ഘാടന ചടങ്ങിനെപ്പറ്റി ചിന്തിക്കുന്നുള്ളൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ടണൽ ഉദ്ഘാടനം ചെയ്യാൻ നിതിൻ ഗഡ്കരി വരുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആര് ഉദ്ഘാടനം ചെയ്യുന്നു എന്നതല്ല ടണൽ നാടിന് തുറന്നുകൊടുക്കുക എന്നതിലാണ് കാര്യം. ആരുടെയും ക്രെഡിറ്റായി ടണൽ നിർമ്മാണത്തെ കാണാൻ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.