- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി പിളർത്തുമെന്ന ഭീഷണിയിൽ ഇടതു സ്ഥാനാർത്ഥിയായ കെപി മോഹനൻ; പാനൂരിൽ അടിതടപഠിച്ച പടക്കുറിപ്പിന് എതിരാളി രാഷ്ട്രീയത്തിന്റെ ബലതന്ത്രമറിയുന്ന ഉറ്റചങ്ങാതി; പിആർ കുറുപ്പിന്റെ മകന് വെല്ലുവിളിയായി പൊട്ടങ്കണ്ടി; കൂത്തുപറമ്പിലെ അങ്കത്തട്ടിൽ പ്രവചനങ്ങൾ അസാധ്യം
കണ്ണൂർ: പാനൂരിൽ അടിതടപഠിച്ച പടക്കുറിപ്പിന് എതിരാളി രാഷ്ട്രീയത്തിന്റെ ബലതന്ത്രമറിയുന്ന ഉറ്റചങ്ങാതി. രാഷ്ട്രീയത്തിലെ ചുവടുമാറ്റ കളരികൾക്ക് ആശാനായ കെ.പി മോഹനനാണ് നിഴലുപോലെ കൂടെ നടന്നിരുന്ന പൊട്ടങ്കണ്ടി അബ്ദുള്ള യു.ഡി. എഫ് സ്ഥാനാർത്ഥിയായി വരുന്നത്. ഇതോടെ കെ.പിയുടെ പിതാവും മുടിചൂടാമന്നനുമായ പി. ആർ കുറുപ്പിന് വത്സലശിഷ്യൻ കെ. എം സൂപ്പി എതിരാളിയായതു പോലെ പഴയ പെരിങ്ങളം മണ്ഡലത്തിൽ ചരിത്രമാവർത്തിക്കുകയാണ്.
എൽ.ഡി. എഫിലും യൂ.ഡി. എഫിലും മാറി മാറി കളം ചവുട്ടുന്ന ഒരു പാർട്ടിയുടെ നേതാവായിയിരിക്കുമ്പോഴും കൂത്തുപറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഒരു ഭാഗത്തെന്നും കെ. പി മോഹനനുണ്ട്. പൂച്ച എങ്ങനെ വീണാലും നാലുകാലിൽ എന്നു പറയുന്നതു പോലെയാണ് കെപിക്ക് കാര്യങ്ങൾ. എന്നാൽ കഴിഞ്ഞ തവണ കെ.കെ ശൈലജയോട് യു. ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി ഇത്തവണ എൽ. ഡി. എഫ് കൊടിയുമായി മത്സരിക്കാനിറങ്ങുമ്പോൾ മണ്ഡലത്തിൽ നിന്നും അസ്വാരസ്യങ്ങളും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
പി.കെ പ്രവീണിനു സീറ്റു ഇത്തവണ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സി.പി. എമ്മിനും ഇത്തവണ പ്രവീണിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു താൽപര്യം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാനൂർ നഗരസഭയിലെ പന്ത്രണ്ടാം വാർഡ് യു.ഡി. എഫിൽ നിന്നും എൽ. ഡി. എഫിനായി പിടിച്ചെടുത്തതാണ് സി.പി. എം പ്രാദേശിക നേതൃത്വത്തിന് യുവജനതാദൾ നേതാവുകൂടിയായ പി.കെ പ്രവീൺ സ്വീകാര്യനാവാൻ കാരണം. എന്നാൽ ഓടുന്ന പട്ടിക്ക് ഒരു മുഴം എറിയുന്നതു പോലെ സീറ്റിനായി പിടിമുറുക്കിയ കെ. പി വേണ്ടി വന്നാൽ പാർട്ടി പിളർത്തുമെന്നു വരെ ഭീഷണി മുഴക്കി. ഇതോടെയാണ് എം.വി ശ്രേയസ് കുമാറിന് പാനൂരിലെ പടക്കുറുപ്പിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കേണ്ടി വന്നത്.
എന്നാൽ കെ.പിയെ സ്ഥാനാർത്ഥിയാക്കിയ പാർട്ടി തീരുമാനം പാനൂരിലെ സി.പി. എമ്മിന് കഷായം കുടിക്കുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. ഒന്നാമത് കഴിഞ്ഞ യു.ഡി. എഫ് ഭരണകാലത്ത് കൃഷി മന്ത്രിയായിരുന്ന കെ.പി മോഹനനെതിരെ ഏറ്റവും കൂടുതൽ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച പാർട്ടിയാണ് സി. പി. എം. രണ്ടാമത് പലതവണ ചേരിമാറുന്ന കെ.പി മോഹനനു വേണ്ടി വീണ്ടും വോട്ടുചോദിക്കാൻ പാർട്ടി പ്രവർത്തകർക്കു ജാള്യതയുണ്ട്.കഴിഞ്ഞ തവണ കെ.കെ ശൈലജ കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയായപ്പോൾ കെ.പി മോഹനനെതിരെ ഇനി എൽ.ഡി. എഫ് ഉന്നയിക്കാത്ത ആരോപണങ്ങളില്ല. ഇതൊക്കെ ഇനി വിഴുങ്ങേണ്ടി വരികയെന്ന സങ്കടകരമായ അവ്ഥയിലാണ് അണികൾ.
എൽ.ഡി. എഫ് ചേരിയിലാണെങ്കിലും കെ.പി മോഹനന് ഇക്കുറി കാര്യങ്ങൾ സുഗമമാവില്ലെന്നാണ് സൂചന. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റുകൂടിയായ പൊട്ടങ്കണ്ടി അബ്ദുള്ള മണ്ഡലത്തിൽ ഏറെ സുപരിചതനും സ്വീകാര്യനുമാണ്. ഗ്രൗണ്ട് ലെവൽ പൊളിറ്റിക്സ് നന്നായി അറിയാവുന്ന പൊട്ടങ്കണ്ടിയായിരുന്നു കഴിഞ്ഞ തവണ യു. ഡി. എഫ് സ്ഥാനാർത്ഥിയായി കെ.പി മോഹനൻ സ്ഥാനാർത്ഥിയായപ്പോൾ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നത്. വളരെക്കാലം ഒന്നിച്ചു ഒരേ മുന്നണിയിൽ പ്രവർത്തിച്ചവരും അടുത്ത സുഹൃത്തുക്കളുമാണ് കെ.പി മോഹനനും പൊട്ടങ്കണ്ടിയും.
ഇതോടെ കണ്ണൂർ ജില്ലയിൽ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി കൂത്തുപറമ്പ് മാറിക്കഴിഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ച തുടങ്ങിയതോടെ പൊട്ടങ്കണ്ടിയുടെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ തനിക്ക് താൽപര്യമില്ലെന്നു പൊട്ടങ്കണ്ടി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ മണ്ഡലം മുസ്ലിം ലീഗിന് വീണ്ടും തിരിച്ചു ലഭിച്ച സാഹചര്യത്തിൽ വിജയ സാധ്യതയുള്ള പൊട്ടങ്കണ്ടി തന്നെ സ്ഥാനാർത്ഥിയാകണമെന്നു പാണക്കാടു നിന്നും നിർദ്ദേശിക്കുകയായിരുന്നു. ഇതോടൊയാണ് പാനൂരിൽ ഒക്കച്ചങ്ങാതിമാർ തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങിയത്.
വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവസാന്നിധ്യമാണ് പൊട്ടങ്കണ്ടി. മതവും രാഷ്ട്രീയവും മറ്റു പരിഗണനകളും നോക്കാതെ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന പൊട്ടങ്കണ്ടി ദുർബലവിഭാഗങ്ങൾക്കു പലപ്പോഴും താങ്ങായി നിന്നിട്ടുണ്ട്. യു. എ. ഇയിലെ അൽമദീന ഗ്രൂപ്പു ചെയർമാനും തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി വൈസ് ചെയർമാനുമായ പൊട്ടങ്കണ്ടിയുടെ പിതാവ് പൊട്ടങ്കണ്ടി കുഞ്ഞഹമ്മദ് ഹാജി കാൽനൂറ്റാണ്ടോളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.