കൊച്ചി: കുട്ടനാടൻ മാർപ്പാപ്പ പേരിൽ തന്നെ വ്യത്യസ്ഥമാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. നർമത്തിൽ ചാലിച്ചൊരുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്റേയും ശാന്തി കൃഷ്ണയുടേയും മാരി സ്‌റ്റൈലിൽ എത്തുന്ന ധർമ്മജന്റേയും കിടിലൻ പെർഫോമൻസാണ് ഗാനത്തിലുള്ളത്.

നവാഗതനായ ശ്രീജിത്ത് വിജയൻ തിരക്കഥയും സംവിധാനം ചെയ്യന്ന 'കുട്ടനാടൻ മാർപാപ്പ'യിലെ താമരപ്പൂ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.രാജീവ് ആലുങ്കലിന്റേ വരികൾക്ക് രാഹുൽ രാജാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ജോൺ എന്ന കുട്ടനാടൻ മാർപ്പാപ്പയായെത്തുന്നത് കുഞ്ചാക്കോ ബോബനാണ്.കുഞ്ചാക്കോ ബോബന്റെ മുൻവിധികളെ പാടെ തകർക്കുന്ന ഒരു കഥാപാത്രമാണ് കുട്ടനാട്ടിലെ ന്യൂജനറേഷൻ വെഡ്ഡിങ് വീഡിയോ ക്യാമറാമാനായ ജോൺ. ജോണിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. അതിനിടയിൽ കുട്ടനാടിന്റെ സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും പ്രണയവും കിടമത്സരവുമെല്ലാം കടന്നുവരുന്നുണ്ട്.

മലയാളം മൂവി മേക്കേഴ്‌സ് ആൻഡ് ഗ്രാൻഡെ ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അതിഥി രവി, അജു വർഗീസ്, ശാന്തി കൃഷ്ണ, സൗബിൻ ഷാഹിർ, ഇന്നസെന്റ്, രമേശ് പിഷാരടി, ധർമ്മജൻ, സലിംകുമാർ, ടിനി ടോം എന്നിവരാണ് മറ്റ് താരങ്ങൾ.