തിരുവനന്തപുരം: സഹപാഠിയോടുള്ള പ്രണയം തകർന്നപ്പോൾ അവൾക്കിട്ടൊരു പണികൊടുക്കാനാണ് നഗ്‌ന ചിത്രങ്ങൾ പുറത്ത് വിട്ടത്. എന്നെ തഴഞ്ഞ് മറ്റൊരുത്തനുമായി പ്രണയം തുടങ്ങിയപ്പോൾ സഹിച്ചില്ല. ഒരുപാട് പറഞ്ഞു നോക്കി അവൾ എന്നെ മനസ്സിലാക്കിയില്ല. എന്താണ് എന്നെ കളഞ്ഞിട്ട് മറ്റൊരുത്തനൊപ്പം പോയതെന്നും അറിയില്ല. ഇതോടെയാണ് പക കൂടിയത്.

എങ്ങനെയും അവളെ സമൂഹത്തിന് മുന്നിൽ നാണം കെടുത്തണം. അങ്ങനെയാണ് സ്വകാര്യ നിമിഷങ്ങളിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൂടി പുറത്ത് വിട്ടത്. സഹപാഠിയായ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ബിടെക് വിദ്യാർത്ഥി വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനിൽ ആനന്ദ് ബാബു പൊലീസിനോട് പറഞ്ഞ വിവരങ്ങൾ ഇങ്ങനെയാണ്.

കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പഠിക്കുകയാണ് ആനന്ദ് ബാബുവും പരാതിക്കാരിയായ പെൺകുട്ടിയും. ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. പ്രണയത്തിനിടയിൽ ഇരുവരും പല സ്ഥലങ്ങളിൽ വെച്ചും പലതും കൈമാറി. ഈ സമയത്തൊക്കെ ആനന്ദ് മൊബൈൽ ഫോണിൽ എല്ലാം പകർത്തിയിരുന്നു.

ഒടുവിൽ പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതോടെ പലവട്ടം ഭീഷണിയുമായി പിന്നാലെ നടന്നു. ഇതിനിടയിൽ പെൺകുട്ടി കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകി. അങ്ങനെ ആനന്ദ് കോളേജിൽ നിന്നും പുറത്തായി. ഇതോടെ പക ഇരട്ടിച്ചു. എങ്ങനെയും പ്രതികാരം ചെയ്യണമെന്ന് ചിന്തയായി. ഈ സമയം മറ്റൊരാളുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടെന്ന് മനസ്സിലാക്കി. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു.

വിവിധ പേരുകളിൽ ഫെയ്സ് ബുക്കിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങി. പിന്നീട് ഈ വ്യാജ അക്കൗണ്ടുകൾ വഴി സഹപാഠികളയും അദ്ധ്യാപരെയും സുഹൃത്തുക്കളാക്കി. പിന്നീട് ഇവരുടെ അക്കൗണ്ടുകളിലേക്ക് ആനന്ദും പെൺകുട്ടിയുമായുള്ള നഗ്‌ന ദൃശ്യങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയായിരുന്നു.

ഇതോടെ വിവരം പെൺകുട്ടി വീട്ടിലറിയിക്കുകയും തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. സൈബർ സ്റ്റേഷൻ സിഐ എൻ ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആനന്ദിനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിനെ തുടർന്നുള്ള പ്രതികാരമാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് മനസ്സിലാക്കിയത്. അറസ്റ്റ് ചെയ്ത ആനന്ദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേ സമയം ലൂർദ് മാതാ കോളേജിലെ ലാബിൽ വച്ച് ഭീഷണിപെടുത്തിയാണ് നഗ്‌ന ചിത്രങ്ങൾ പകർത്തിയത് എന്ന പരാതിയാണ് പെൺകുട്ടി നൽകിയത്. കോളേജ് ലാബിനുള്ളിൽ ഇവർമാത്രം എങ്ങനെ കടന്നുവെന്നും ഇവിടെ വച്ച് എങ്ങനെ ചിത്രം പകർത്തി എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി എല്ലാ സ്വകാര്യ കോളേജുകളിലേയും ലാബുകളിൽ ഉണ്ടാവേണ്ടതാണ്.

ഇവിടെ ക്യാമറ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോളേജിൽ വച്ച് നടന്നു എന്നു പറഞ്ഞിരിക്കുന്നതിനാൽ കോളേജിനെതിരെയും നടപടിയുണ്ടാകാനുള്ള സാധ്യതയുണ്ട്.