തിരുവനന്തപുരം: നാടെങ്ങും കായികമത്സരങ്ങൾ നടത്തി ജനമനസ്സ് പിടിക്കാൻ ബിജെപി തീരുമാനം. നാടൻ മത്സരങ്ങളാകും സംഘടിപ്പിക്കുക. കളിക്കളങ്ങളിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തലപ്പന്തുകളി, കിളിത്തട്ട്, കുട്ടിയും കോലും ആണ് ബിജെപിക്കാർ വീണ്ടും സജീവമാക്കുക. സംസ്ഥാനത്തുടനീളം ശോഭാ സുരേന്ദ്രന്റെ ചുമതലയിൽ മെഡിക്കൽക്യാമ്പുകളും പി.എസ്. ശ്രീധരൻപിള്ളയുടെ ചുമതലയിൽ സെമിനാറുകളും നടക്കും. അങ്ങനെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് ബിജെപി തീരുമാനം.

സമരങ്ങളിലൂടെ മാത്രം വോട്ട് ബാങ്ക് രാഷ്ട്രീയം അനുകൂലമാക്കാൻ കഴിയില്ലെന്നാണ് ബിജെപിയുടെ തിരിച്ചറിവ്. നാട്ടിൻപുറങ്ങളുടെ മനസ്സ് ബിജെപിക്ക് അനുകൂലമാക്കണം. ഇപ്പോഴും നഗരങ്ങളിലാണ് കേരളത്തിൽ ബിജെപിക്ക് സ്വാധീനമുള്ളത്. ഗ്രാമങ്ങളിലേക്കും സ്വാധീനം കൂട്ടാൻ ഇവിടെയുള്ള യുവാക്കളെ ആകർഷിക്കണം. അതിനായാണ് പ്രാദേശിക വികാരം സജീവമാക്കുന്ന തരത്തിൽ മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റുകളാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ ലക്ഷ്യമിടുന്നത്. ഇതിലേക്ക് അടുക്കാനാണ് കായിക മത്സരവും മെഡിക്കൽ ക്യാമ്പുകളും. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഈ ആശയത്തിന് പിന്നിൽ.

പ്രാദേശികതലത്തിലും ജില്ലാ അടിസ്ഥാനത്തിലും ഇവയുടെ മത്സരങ്ങൾ നടത്തും. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളും സംഘടിപ്പിക്കും. പാലക്കാട് സമാപിച്ച സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരിക്കും മത്സരം. കായിക മത്സരങ്ങളുടെ ചുമതല യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബുവിനാണ്. പഞ്ചായത്ത് ജനറൽ സെക്രട്ടറിമാർ മുതൽ മുകളിലേക്കുള്ള നേതാക്കൾ കുറഞ്ഞത് 15 ദിവസം മറ്റൊരുപ്രദേശത്ത് മുഴുവൻസമയം പ്രവർത്തിക്കണം.

തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് ലക്ഷ്യമെങ്കിലും ദീൻദയാൽ ഉപാധ്യായ ജന്മവാർഷിക പരിപാടികളുടെ ഭാഗമായാണ് പരിപാടിയെന്നാണ് ബിജെപി.യുടെ ഔദ്യോഗികവിശദീകരണം. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശിനാണ് ജന്മവാർഷികപരിപാടികളുടെ ചുമതല. ദീൻദയാൽ ഉപാധ്യായയുടെ ദർശനങ്ങൾ വിശദീകരിക്കുന്ന പുസ്തകങ്ങൾ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിക്കും. ഈ പുസ്തകങ്ങളുടെ രചന സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ നിർവഹിക്കും.

മോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. ഇതിന് പുറമേ സമരങ്ങളും സജീവമാക്കും. മൂന്നാർ വിഷയം ബിജെപി ചർച്ചയാക്കാനാണ് തീരുമാനം.