കോഴിക്കോട്: കുറ്റ്യാടി കേരള കോൺഗ്രസിന് കൊടുത്തതോടെ സിപിഎമ്മിലുണ്ടായ പൊട്ടിത്തറി ശമിപ്പിക്കാൻ പാടുപെട്ട് നേതൃത്വം. രാവിലെ തന്റെ പേരും ഫോട്ടോയും വെച്ച് പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെട്ട് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നിരുന്നു. കേരള കോൺഗ്രസ് (എം) ന് വിട്ടു നൽകി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും തന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണം. അത്തരം പ്രചാരണങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, കുറ്റ്യാടിയിലെ പ്രശ്‌നങ്ങൾ വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിലെയെും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന് സിപിഎമ്മിന് ആശങ്ക ഉയരുന്നുണ്ട്. കകുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് (എം) ന് വിട്ടുകൊടുത്തതിനെതിരെ സി പി എം പ്രവർത്തകർ ഇന്നലെ കുറ്റ്യാടിയിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കുറ്റ്യാടിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ നൂറു കണക്കിന് പാർട്ടി പ്രവർത്തകരാണ് പങ്കെടുത്തത്. കുറ്റ്യാടി സീറ്റിൽ സിപിഐ എം തന്നെ മത്സരിക്കണമെന്നും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രകടനം.

എന്നാൽ, സംസ്ഥാന നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചതോടെ,് വടകര താലൂക്കിനു കീഴിലുള്ള വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അണികൾക്കാവില്ല. വടകര എൽജെഡിക്കും കുറ്റ്യാടി കേരള കോൺഗ്രസിനും നാദാപുരം സിപിഐയ്ക്കുമാണ് എൽഡിഎഫ് കൊടുത്തത്. ഘടക കക്ഷികളുടെ ശക്തി നോക്കാതെ പാർട്ടി ശക്തികേന്ദ്രങ്ങളെല്ലാം ഘടകകക്ഷികൾക്ക് വിട്ടുകൊടുത്തതാണ് അണികളെ പ്രകോപിപ്പിച്ചത്.

കുറ്റ്യാടി സീറ്റിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെത്തുടർന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങളും ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രണ്ട് വട്ടം എംഎൽഎയായ കെകെ ലതികയ്ക്ക് മൂന്നാം വട്ടവും സീറ്റ് നൽകുന്നതിനു പകരം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരിഗണിക്കണമെന്നതായിരുന്നു താഴെത്തട്ടിലെ അഭിപ്രായം. എന്നാൽ നേതൃത്വം ഈ തീരുമാനത്തിന് വഴങ്ങിയില്ല. ഒടുവിൽ ഫലം വന്നപ്പോൾ കെ.കെ ലതിക 1157 വോട്ടിന് തോറ്റു. ലതികയുടെ തോൽവിക്കു കാരണക്കാരായ കുറ്റ്യാടിയിലെ പാർട്ടി പ്രവർത്തകരോട് കണക്കുതീർക്കാനെന്ന നിലയിലാണ് ജില്ലാ നേതൃത്വം ഈ സീറ്റ് കേരള കോൺഗ്രസിന് നൽകിയതെന്ന് പ്രവർത്തകർ പറയുന്നു.

കെ പി കുഞ്ഞമ്മദ് കുട്ടി ഞങ്ങളുടെ സ്ഥാനാർത്ഥി എന്നെഴുതിയ ബാനൽ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രവർത്തകർ ഉയർത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും പ്രതിഷേധ പോസ്റ്ററുകൾ നിറഞ്ഞു. കെ പി കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഏരിയാ കമ്മിറ്റി യോഗത്തിൽ ബ്രാഞ്ച്, ലോക്കൽ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് പ്രവർത്തകർ രംഗത്തെത്തിയത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണവുമായി കെ പി കുഞ്ഞമ്മദ് കുട്ടി രംഗത്തെത്തിയത്. ഇടതുപക്ഷ സർക്കാറിന്റെ തുടർ ഭരണ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കൾ വീണു പോകരുതെന്ന് ഓർമ്മപ്പെടുത്തിയ കുഞ്ഞമ്മദ് കുട്ടി സിപിഐ എം വിരുദ്ധ മാധ്യമ പ്രചരങ്ങൾക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കി.

സിപിഐ എമ്മിലും സ്ഥാനാർത്ഥി തർക്കമാണെന്ന് വരുത്തി തീർക്കാനുള്ള കൗശലപൂർവ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് വിഷയത്തിന്റെ ഉത്തരവാദിത്തം മാധ്യമങ്ങളുടെ തലയിലും വെക്കുകയാണ് അദ്ദേഹം ഫേസ് ബുക്ക്‌പോസ്റ്റിലൂടെ ചെയ്യുന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയും എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുമാണ് പാർട്ടിയുടെയും മുന്നണിയുടെയും സീറ്റും സ്ഥാനാർത്ഥികളെയും തീരുമാനിക്കുന്നത്.

ആ തീരുമാനങ്ങൾക്ക് വിധേയമായി കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും 2016ൽ ഇടതു പക്ഷത്തിന് നഷ്ടപ്പെട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാനുമുള്ള ഊർജസ്വലമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ഓരോ എൽ ഡി എഫ് പ്രവർത്തകന്റെയും അനുഭാവികളുടെയും കടമ... പിണറായി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾക്കും ക്ഷേമപദ്ധതികൾക്കും തുടർച്ച ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാറിന് ഭരണ തുടർച്ച ഉണ്ടായേ മതിയാവൂ എന്ന രാഷ്ടീയ ബോധ്യത്തോടെ, കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റ്യാടിയിൽ പരസ്യ പ്രതിഷേധത്തിനിറങ്ങിയവർ പാർട്ടിക്കാർ തന്നെയാണ് എന്ന് സ്ഥിരീകരിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തുവന്നിരുന്നു. കുറ്റ്യാടിയിൽ പാർട്ടി മത്സരിക്കമമെന്നാണ് പൊതുവികാരമെന്നും എന്നാൽ കാര്യങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു