- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറ്റ്യാടിയിലെ അസാധാരണ പ്രതിഷേധത്തിൽ ഞെട്ടി സിപിഎം; എങ്കിലും സീറ്റ് കേരളാ കോൺഗ്രസിൽ നിന്നും തിരികെ ചോദിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം; പ്രശ്നം രമ്യമായി പരിഹരിക്കും; സീറ്റ് തർക്കം വലുതാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജോസ് കെ മാണിയും; സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെയും ബാധിക്കുമെന്ന് വിലയിരുത്തൽ
കോട്ടയം: കുറ്റ്യാടി സീറ്റിനെ ചൊല്ലി ഉടലെടുത്ത പ്രതിഷേധം സമീപ മണ്ഡലങ്ങളെയും ബാധിക്കുമോ ആശങ്കയിലാണ സിപിഎം. ഇതോടെ കുറ്റ്യാടി സീറ്റ് വെച്ചുമാറുമോ എന്ന ചർച്ചകളും തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കേരളാ കോൺഗ്രസിൽ നിന്നും സീറ്റ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുറ്റ്യാടി സീറ്റ് സിപിഎം തിരിച്ചു ചോദിക്കില്ല. കേരള കോൺഗ്രസിന് സ്വതന്ത്ര തീരുമാനം എടുക്കാമെന്നും കുറ്റ്യാടി പൊന്നാനി പ്രതിഷേധങ്ങളുടെ പേരിൽ പ്രവർത്തകർക്കും പ്രാദേശിക നേതാക്കൾക്കുമെതിരെ നടപടി ഉണ്ടാവില്ലെന്നും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. പ്രാദേശിക വികാരമാണ് പാർട്ടി അണികൾ ഉൾപ്പടെ പ്രകടിപ്പിച്ചത്. സിപിഎം തീരുമാനം സംസ്ഥാന-ദേശീയ താല്പര്യം കണക്കിലെടുത്തുള്ളതാണ്.
പുതുമുഖങ്ങളെ കൊണ്ടുവരാനാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ശ്രമിച്ചത്. പൊളിറ്റ്ബ്യുറോയിൽ വിശദമായ ചർച്ച ഇക്കാര്യത്തിൽ ഇപ്പോൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടിയിലെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണ്ട് പാർട്ടിയിൽ പുനഃപരിശോധന ഉണ്ടാകില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദൻ മാസ്റ്ററും ഇന്ന് രാവിലെ പറഞ്ഞിരുന്നു. പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാർത്ഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം. പാർട്ടി ഒരു തീരുമാനമെടുത്താൽ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പ്രവർത്തകർക്കുള്ളതെന്നം അദ്ദേഹം പറയുകയുണ്ടായി.
അതേസമയം കുറ്റ്യാടി നിയോജക മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വുമായുള്ള അഭിപ്രായ വ്യത്യാസം രമ്യമായി പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി വ്യക്തമാക്കി. അഭിപ്രായ വ്യത്യാസം കണക്കിലെടുത്ത് താൽക്കാലികമായി സ്ഥാനാർത്ഥി പ്രഖ്യാപനം മാറ്റിവെച്ചു. സിപിഐഎമുമായി ചർച്ച ചെയ്ത ശേഷം വിഷയത്തിൽ പരിഹാരമുണ്ടാവുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
'സിപിഐഎം നേതൃത്വവുമായി ചർച്ച ചെയ്ത പിന്നീട് തീരുമാനിക്കും. എൽഡിഎഫിലായാലും യുഡിഎഫിലായാലും സീറ്റ് സംബന്ധിച്ച് തർക്കം സ്വാഭാവികമായി ഉണ്ടാവാറുണ്ട്. അത് രമ്യമായി പരിഹരിക്കാനാവും,' ജോസ് കെ മാണി പറഞ്ഞു. സീറ്റ് നൽകിയതിൽ ചില അഭിപ്രായ വ്യത്യാസം സിപിഐഎമ്മിൽ നിന്ന് വന്നിട്ടുണ്ട്. ആ അഭിപ്രായ വ്യത്യാസം വീണ്ടും വലുതാക്കാനാഗ്രഹിക്കുന്നില്ല. അതിനാൽ തൽക്കാലത്തേക്ക് സ്ഥാനാർത്ഥി നിർണയം മാറ്റിവെച്ചതാണെന്നും ജോസ് കെ മാണി പറഞ്ഞു. വിഷയത്തിൽ സിപിഐഎം നേതൃത്വവും ജോസ് കെ മാണിയും ഇന്ന് ചർച്ച നടത്തുന്നുണ്ട്. പക്ഷെ ഔദ്യോഗികമായി സീറ്റ് വേണമെന്ന കാര്യം സിപിഐഎം ഉന്നയിക്കില്ല. ജോസ് കെ മാണി സീറ്റ് തിരികെ നൽകാൻ സിപിഐഎം സീറ്റ് ഏറ്റെടുക്കും. പകരം സീറ്റ് വെച്ച് മാറൽ ഉണ്ടാവില്ലെന്നാണ് സൂചന.
കുറ്റ്യാടിയിൽ അനുനയ ശ്രമങ്ങളുമായി സിപിഎം നേതൃത്വം രംഗത്തെത്തി. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. സിപിഎം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനമെടുക്കാമെന്ന് കേരളാ കോൺഗ്രസിനോട് സിപിഎം ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകരെ അനുനയിപ്പിച്ച ശേഷം സ്ഥാനാർത്ഥിയുടെ കാര്യം ആലോചിക്കാമെന്ന് കേരളാ കോൺഗ്രസിനോട് സിപിഎം ആവശ്യപ്പെട്ടു. കുറ്റ്യാടി ഒഴിച്ചിട്ട് മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണമെന്ന് ജോസ് കെ മാണിയോട് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാമ്പ്രയോ തിരുവമ്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്. തിരുവമ്പാടി സീറ്റ് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരുവമ്പാടിയിൽ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് സിപിഎം തടസമായി പറയുന്നത്. കുറ്റ്യാടിയിൽ ഇന്നലെ ഉണ്ടായ വലിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ഒഴിവാക്കിയത്. ഇന്നലെ നടന്ന പരസ്യ പ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയർന്നതിനെതിരെ പാർട്ടി അന്വേഷണം തുടങ്ങി.
കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെതിരെ മണ്ഡലത്തിൽ സിപിഎം പ്രവർത്തകരുടെ അസാധാരണ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പാർട്ടി സ്ഥാനാർത്ഥിയെ മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുനയശ്രമം വകവയ്ക്കാതെയായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധം സിപിഎമ്മിനെ ആശങ്കയിലാക്കി. തൊട്ടടുത്ത നാദാപുരം മണ്ഡലത്തെ ബാധിക്കുമോ എന്ന പേടി സിപിഐയ്ക്കുമുണ്ട്. ഒപ്പം ഇത്രയും പ്രതിഷേധത്തിനിടെ സ്ഥാനാർത്ഥിയെ നിർത്തിയാൽ പ്രചാരണം ഉൾപ്പടെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക കേരള കോൺഗ്രസിനും.
പൊതു സ്വതന്ത്രനെ മൽസരിപ്പിക്കുക, തിരുവമ്പാടി കുറ്റ്യാടി സീറ്റുകൾ വച്ചുമാറുക ഈ രണ്ടു തരത്തിലാണ് ചർച്ച. എന്നാൽ തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ മണ്ഡലം വച്ചുമാറൽ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ കേരള കോൺഗ്രസ് കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കേണ്ടിവരും. കുറ്റ്യാടിയിൽ സിപിഎം സ്ഥാനാർത്ഥി മൽസരിക്കണമെന്ന പൊതുവികാരം പ്രവർത്തകർക്കുണ്ടെന്നു പറയുന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണോ ഇത്തരം പ്രതിഷേധങ്ങൾ എന്നും ചർച്ചകളുണ്ട്.
2008 ലെ പുനർനിർണയത്തെത്തുടർന്ന് നിലവിൽവന്ന മണ്ഡലമാണ് കുറ്റ്യാടി. പഴയ മേപ്പയൂർ മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇവിടെ 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കെ.കെ. ലതിക (സിപിഎം) 6,972 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്ലിംലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തി. 2016 ൽ ലതികയെ ലീഗിന്റെ പാറയ്ക്കൽ അബ്ദുല്ല 1,157 വോട്ടിനു പരാജയപ്പെടുത്തി. എളുപ്പത്തിൽ തിരിച്ചുപിടിക്കാവുന്ന മണ്ഡലമാണ് ഇതെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. യുഡിഎഫിലായിരിക്കെ കേരള കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണനോട് തോറ്റു. ഇവിടെ ഇത്തവണയും രാമകൃഷ്ണൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. പേരാമ്പ്രയ്ക്കു പകരം കേരള കോൺഗ്രസിന് നൽകിയതാണ് കുറ്റ്യാടി.
മറുനാടന് മലയാളി ബ്യൂറോ