കുവൈത്ത് സിറ്റി: കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ചു രണ്ടു മലയാളികൾ ഉൾപ്പെടെ 15 പേർ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരുക്കേറ്റു. രാധാകൃഷ്ണൻ, സനീഷ് എന്നിവരാണു മരിച്ച മലയാളികൾ. ഏഴ് ഇന്ത്യാക്കാരാണ് അപകടത്തിൽ മരിച്ചത്. രണ്ട് ഇന്ത്യാക്കാർക്ക് അതിഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വടക്കൻ കുവൈത്തിലെ കബദിൽ ഉച്ചതിരിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവരെ കെഒസി, സബാഹ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എതിർദിശയിൽ വേഗത്തിൽവന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ബുർഗാൻ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ബുർഗാൻ എണ്ണപ്പാടത്തിനു സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാർ തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. മലയാളികളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് ബന്ധുക്കൾ ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ട്.

അപകടത്തിൽ അഞ്ച് ഈജിപ്തുകാരും മൂന്ന് പാക്കിസ്ഥാനികളും മരിച്ചു. പരിക്കേറ്റവരിൽ ഒരാൾ കുവൈറ്റ് പൗരനാണ്. ശ്രീകണ്ഠപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. ഗൾഫ്‌സ്പിക്, ഹിസ്‌കോ എന്നീ കരാർ കമ്പനികളിൽനിന്നുള്ള ജീവനക്കാരുമായി പോയ ബസുകളാണ് കൂട്ടിയിടിച്ചത്. കബ്ദ്, വഫ്ര എന്നിവിടങ്ങളിൽനിന്നും പെട്രോളിയം പ്രോജക്ടുകളിലെയും അഗ്‌നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽപെട്ട ബസുകളിലൊന്നിന്റെ ഡ്രൈവർ ഇന്ത്യക്കാരനാണ്. ഇയാൾ പരിക്കുകളോടെ അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്. തെളിവെടുപ്പ് വിഭാഗം സ്ഥലത്തെത്തി റോഡിൽ ചിതറിക്കിടന്ന മൃതദേഹങ്ങൾ എടുത്തുമാറ്റി.