കുവൈത്ത് സിറ്റി: മലയാളികൾക്കും ആശ്വാസമായി കുവൈത്തിലെ പൊതുമാപ്പ് കാലാവധി നീട്ടി. ഇതോടെ നിയമ ലംഘകരായി രാജ്യത്ത് തുടരുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്കാണ് രക്ഷപ്പെട്ടു പോകാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെ ഏപ്രിൽ 22 വരെയ്ക്കും നീട്ടി നൽകുകയായിരുന്നു.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് പുതിയ ഉത്തരവ്. ബാക്കിയുള്ള നിയമലംഘകർക്ക് കൂടി രാജ്യം വിടാനാണ് പൊതുമാപ്പ് കാലാവധി നീട്ടിയതെന്നാണ് വിവരം. ഇത് മലയാളികൾ അടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാർക്കും ആശ്വാസമായി. കുവൈത്തിൽ ഏതാണ്ട് ഒരു ലക്ഷത്തോളം അനധികൃത തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിൽ തന്നെ 30,000 ത്തോളം പേർ ഇന്ത്യക്കാരാണ്. നിരവധി മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ഏതാണ്ട് 9000ത്തോളം ഇന്ത്യാക്കാർ എംബസിൽ ഔട്ട്പാസിനായി രജിസ്റ്റർ ചെയതിട്ടുണ്ട്.

നിയമലംഘകരായി കഴിയുന്നവർക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാനുള്ള അവസരമാണിത്. ഇത് ഉപയോഗപ്പെടുത്തുന്നവർക്ക് വീണ്ടും നിയമാനുസൃതമായി രാജ്യത്ത് ജോലിയക്ക് എത്താനുള്ള അവസരവും ഒരുക്കുമെന്ന് മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി.

എന്നാൽ പൊതുമാപ്പ് കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന ഇക്കൂട്ടർക്ക് പിന്നീട് കുവൈത്തിലേക്ക് തിരിച്ചു വരാനും കഴിയില്ല. അതുകൊണ്ട് തന്നെ പൊതുമാപ്പ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.