കുവൈത്തിൽ മയക്കുമരുന്നുകേസിൽ മൂന്നു മലയാളികളുടെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. മയക്കുമരുന്ന് കടത്തുകയും വിൽപനക്കായി കൈവശംവെക്കുകയും ചെയ്ത കേസിൽ മലപ്പുറം ചീക്കോട് വാവൂർ മാഞ്ഞോട്ടുചാലിൽ ഫൈസൽ (33), പാലക്കാട് മണ്ണാർക്കാട് സ്വദേശി മുസ്തഫ 

ഷാഹുൽ ഹമീദ് (41), കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് (21) എന്നിവരുടെ വധ ശിക്ഷയാണ് തിങ്കളാഴ്ച അപ്പീൽ കോടതി ജഡ്ജി അലി ദിറാഈൻ ശരിവച്ചത്. മറ്റൊരു പ്രതി ശ്രീലങ്കൻ സ്വദേശിനി സക്ലിയ സമ്പത്തിന്റെ (40) വധശിക്ഷയും ശരിവച്ചിട്ടുണ്ട്.

അപ്പീൽ കോടതിയും ശരിവച്ചതോടെ ഇനി സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയാണ് പ്രതികളുടെ മുമ്പിലുള്ള വഴി. ഈവർഷം മാർച്ച് ഏഴിനാണ് കേസിൽ ക്രിമിനൽ കോടതി (ഫസ്റ്റ് കോർട്ട്) ബെഞ്ച് നാലു പേർക്കും വധശിക്ഷ വിധിച്ചത്. 2015 ഏപ്രിൽ 19നാണ് ഇവരിൽനിന്ന് നാലു കിലോയിലധികം ഹെറോയിൻ പിടികൂടിയത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികളിലൊരാളിൽനിന്ന് കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു.

ഇയാളിൽനിന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ജലീബ് അൽശുയൂഖിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നും അവിടെയുണ്ടാ യിരുന്ന ബാക്കി മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് കേസ്.

കുവൈത്തിൽ മയക്കുമരുന്ന് കടത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ചെറിയ അളവിൽ പോലും മയക്കുമരുന്ന് പിടിക്കപ്പെടുന്നത് കുറ്റക്കരമായ സാഹചര്യത്തിൽ കോടികൾ വിലമതിക്കുന്ന ഹീറോയിൻ കടത്താൻ ശ്രമിച്ചതാണ് വധശിക്ഷ വിധിക്കാൻ കാരണമായത്. കുവൈത്ത് നിയമപ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾക്ക് വധശിക്ഷ വിധിക്കുന്നതിന് 1995 ലാണ് നിയമം പാസാക്കിയിരിക്കുന്നത്. മരണം വരെ തടവോ വധശിക്ഷയോ ആണ് നിലവിൽ ശിക്ഷയായി നൽകുന്നത്.