കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് അർതാൽ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മരിച്ചവരിൽ രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. എതിർ ദിശയിൽ അമിത വേഗതയിൽ വന്ന ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കബ്ദിലെ ബുർഗാൻ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാർ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.

കൂട്ടിയിടിച്ച ഒരു ബസിന്റെ ഡ്രൈവർ ഇന്ത്യക്കാരനാണ്. ഇയാളെ സാരമായ പരിക്കുകളോടെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും അപകടം സ്ഥലം സന്ദർശിച്ചു. കബ്ദ്, വഫ്ര എന്നിവിടങ്ങളിൽ നിന്നും പെട്രോളിയം പ്രോജക്ടുകളിലേയും അഗ്‌നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.