കുവൈറ്റ് സിറ്റി: ബന്ധുക്കളും സുഹൃത്തുക്കളും നാട്ടിലേക്ക് പോകുമ്പോൾ അവരെ യാത്രയയ്ക്കുന്നതിനായി എയർപോർട്ടിലേക്ക് ഇനി പോകേണ്ട. യാത്രയയപ്പിന് വിദേശികൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഉത്തരവിറക്കി. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ ഡയറക്ടർ ബ്രിഗേഡിയർ വലീദ് അൽ സലാഹ് ആണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

പ്രധാന ഗേറ്റ് വരെ മാത്രം ഇനി യാത്രയയപ്പിന് എത്തുന്നവർക്ക് പ്രവേശനമുള്ളൂ. ചില സുരക്ഷാ ക്രമീകരണങ്ങൾ മുൻ നിർത്തിയാണ് വിദേശികൾക്ക് വിമാനത്താവളത്തിനുള്ളിൽ യാത്രയയപ്പിന് എത്തുമ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഡിപ്പാർച്ചർ ഏരിയയിൽ ദിവസവും വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് ഒന്നാം നിലയിലെ എൻട്രൻസ് ഗേറ്റുകളിൽ സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കാൻ ബ്രിഗേഡിയർ അൽ സലാഹ് ഉത്തരവിറക്കുകയായിരുന്നു.

ഡിപ്പാർച്ചർ മേഖലയിലെ അമിത തിരക്കിന് കാരണക്കാർ വിദേശികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുടുംബത്തിലെ ഒരാളെ യാത്രയയ്ക്കാൻ പത്തുപേരെങ്കിലും ഒരുമിച്ച് എത്തുന്നുവെന്നും ഇത് മറ്റുള്ളവർക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പല രാജ്യങ്ങളിൽ നിന്നും പല ആവശ്യങ്ങൾക്കായി ആൾക്കാർ എത്താറുണ്ടെന്നും അവർക്ക് ഇവിടെ തങ്ങളുടെ തിരക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.