കുവൈത്ത് സിറ്റി: രാജ്യത്ത് താമസാനുമതി രേഖകളില്ലാത്ത വിദേശികൾക്ക് പിഴയടച്ച് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അവസരം ഉണ്ടാകുമെന്നും പൊതുമാപ്പ് ആലോചനയിലില്ലന്നും താമസകാര്യ വകുപ്പ് മേധാവി തലാൽ മഅ്‌റഫി പറഞ്ഞു. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനത്തെിയ വിദേശ മാദ്ധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ സഹായവും ആഭ്യന്തര വകുപ്പ് നൽകും. ഏകദേശം 27,000 ഇന്ത്യക്കാർ താമസനിയമം ലംഘിച്ച് കഴിയുന്നുണ്ടെന്നാണ് കണക്കുകൾ. ഇവരുൾപ്പെടെ ഇഖാമ നിയമലംഘകരായ മുഴുവൻ പേർക്കും സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുന്നതിന് എല്ലാ സഹായങ്ങളും നൽകുമെന്ന് പറഞ്ഞ അദ്ദേഹം രേഖകളില്ലതെ കഴിയുന്നവർ സ്വമേധയാ മുന്നോട്ടുവരണമെന്നും ഇക്കാര്യത്തിൽ അനാവശ്യ ഭീതി വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഴയടക്കാൻ പണമില്ലാത്തവരെയും തിരിച്ചുപോവാൻ അനുവദിക്കും. എന്നാൽ, ഇവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാൻ അനുവാദമുണ്ടാവില്ല. പിഴയടക്കാൻ തയാറാവുന്നവർക്ക് മൂന്നുദിവസത്തെ താൽക്കാലിക താമസാനുമതി നൽകും.
ഇതിനകം ഇവർക്ക് തിരിച്ചുപോവാം. പിന്നീട് പുതിയ വിസയിൽ മടങ്ങിവരുകയും ചെയ്യാം.

എന്നാൽ, പിഴയടക്കാൻ സാധിക്കാത്തവരെ മൂന്നോ നാലോ ദിവസം തടവിൽ പാർപ്പിച്ച ശേഷം നാടുകടത്തും. പിന്നീടവർക്ക് തിരിച്ചുവരാൻ കഴിയില്ല. അതേസമയം, താമസ നിയമലംഘനത്തിന് പുറമെ സിവിൽ, ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർക്ക് കോടതി നടപടികൾ കഴിയുന്നതുവരെ പോവാൻ കഴിയില്ല. ഇത് താമസകാര്യ വകുപ്പിന്റെ പരിധിയിൽപ്പെട്ട കാര്യമല്‌ളെന്നും തലാൽ മഅ്‌റഫി പറഞ്ഞു. താമസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.