കുവൈത്ത് സിറ്റി: മാസങ്ങളായി ശമ്പളം ലഭിക്കാതായതോടെ മലയാളികൾ അടക്കമുള്ള 8000 ത്തോളം തൊഴിലാളികൾ സമരത്തിൽ. കുവൈത്തിലെ പ്രമുഖ കോൺട്രാക്ടിങ് കമ്പനിയായ ഖറാഫി നാഷണലിലെ തൊഴിലാളികൾ ആണ് ശമ്പളം ലഭിക്കാത്തത് മൂലം സമരം തുടങ്ങിയത്. തൊഴിലാളികൾ ജൂലൈ 10 ന് ആരംഭിച്ച പണിമുടക്ക് ഒരാഴ്ച പിന്നിട്ടു . കമ്പനിയുടെ രണ്ടു ക്യാമ്പുകളിലെ 8,000 ഓളം തൊഴിലാളികളാണ് ജോലിക്ക് പോകാതെ സമരംചെയ്യുന്നത്. മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരും ഇവരിൽ ഉൾപ്പെടും.

രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവള നവീകരണമടക്കമുള്ള വൻകിട പദ്ധതികളുടെ നിർമ്മാണക്കരാർ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ് ഖറാഫി നാഷനൽ. മൂന്നു മാസം മുതൽ ആറുമാസം വരെ ശമ്പളം ലഭിക്കാത്തവർ ഇവിടെയുണ്ട്. ഉയർന്ന തലത്തിലുള്ള ജീവനക്കാരിൽ പലർക്കും മാസങ്ങളായി ശമ്പളം മുടങ്ങുകയോ വൈകുകയോ ചെയ്യുന്നുണ്ടെങ്കിലും അവരാരും സമരത്തിനിറങ്ങിയിട്ടില്ല. ശമ്പളമില്ലാതെ മുന്നോട്ടുപോകാൻ കഴിയാത്ത താഴെക്കിടയിലുള്ള തൊഴിലാളികളാണ് ഇപ്പോൾ സമരരംഗത്തുള്ളത്.

നിവൃത്തിയില്ലാത്തതിനാലാണ് പണിമുടക്കേണ്ടിവന്നതെന്ന് ഇവർ പറഞ്ഞു. രണ്ടിടങ്ങളിലെ ക്യാമ്പിലുള്ള ആരും കഴിഞ്ഞ ഞായറാഴ്ച മുതൽ ജോലിക്ക് പോയിട്ടില്ല. ക്യാമ്പിലുള്ള എല്ലാവരും ജോലിക്ക് പോകാതെ പ്രതിഷേധിക്കണമെന്ന് കരുതുന്നവരല്‌ളെങ്കിലും നേതൃത്വം നൽകുന്നവർ
ക്യാമ്പുകളിൽനിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും വിടുന്നില്ല. ജൂലൈ 10ന് ആരംഭിച്ച പണിമുടക്ക് ഒരാഴ്ച പിന്നിട്ടപ്പോഴാണ് തൊഴിലാളികൾ ഉപരോധ സമരമടക്കം കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

പണിമുടക്കിന് നേതൃത്വം നൽകുന്നവർ തൊഴിൽ മന്ത്രാലയം ഓഫിസിലത്തെി പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവർക്കും തൊഴിലാളികൾ തങ്ങളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി വിഡിയോ സഹിതം ഇ-മെയിൽ സന്ദേശം അയച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്‌ളെന്ന് തൊഴിലാളികൾ പറഞ്ഞു. ഈ വിഡിയോ തെളിവായി സ്വീകരിച്ച് പണിമുടക്കിന് േനതൃത്വം നൽകുന്നവരെ കമ്പനി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ട് കുവൈത്തിൽനിന്ന് നാടുകടത്താൻ ഉപയോഗിക്കുക യാണെന്നും അവർ കൂട്ടിച്ചേർത്തു. എംബസിയുടെയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും അടിയന്തര സഹായത്തിനായി കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളും അവരുടെ കുടുംബവും.