കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹത്തിന് നേരെ അക്രമം തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ മലയാളികളടക്കം ഒട്ടേറെ പേർ അക്രത്തിനിരയായതായാണ് സൂചന. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ മേഖലയിൽ ആണ് അക്രമസംഭവങ്ങൾ അരങ്ങേറുന്നത്.

കഴിഞ്ഞദിവസം സബ്ബവേ റസ്റ്റോറന്റിന്റെ സമീപം കാർ പാർക്ക് ചെയ്ത് അടുത്തുള്ള പള്ളിയിലേക്ക് പോകുകയായിരുന്ന കോട്ടയം കുറിച്ചി സ്വദേശിയായ മലയാളി നഴ്‌സിന് നേരെയും അക്രമം ഉണ്ടായതായി റിപ്പോർട്ടുണ്ട്. രണ്ട് ദിവസം മുമ്പ് തമിഴ്‌നാട് തൃശ്നാഗപള്ളി സ്വദേശി സിബ്ബറാജിനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന പണവും തട്ടിയെടുത്ത് വാഹനം ദേഹത്തുക്കൂടെ ഓടിച്ച് കയറ്റി കടന്നതിന് പിന്നാലെയാണ് അബ്ബാസിയായിൽ തന്നെ വീണ്ടുമൊരു സംഭവം റിപ്പോർട്ട് ചെയ്തത്.

പൗരത്വരഹിതരായിട്ടുള്ളവർ, അതായത്, ബിദൂദികൾ എന്നറിയപ്പെടുന്നവരിലെ കൗമാർ ക്കാരാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് ആക്രമണത്തിനിരയായവർ പറയുന്നത്. സംഭവം തുടർക്കഥയായതോടെ എംബസി മുൻകൈയെടുത്ത് കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തണമെന്നും മേഖലയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും വിവിധ ഭാഗങ്ങളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.