കോഴിക്കോട്: ബഹ്‌റൈനിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് യാത്രക്കാർക്കു കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തിനു കണക്ഷൻ വിമാനം. ബഹ്‌റൈനിൽനിന്നു കോഴിക്കോട് വഴി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിനാണു 16 മുതൽ ഈ സൗകര്യം ലഭിക്കുക. ബഹ്‌റൈൻ-തിരുവനന്തപുരം ടിക്കറ്റ് എടുക്കാനും സൗകര്യമുണ്ട്. കുവൈത്തിൽനിന്നുള്ള വിമാനത്തിനു 15 മുതലും കുവൈത്തിലേക്കുള്ളതിനു 17 മുതലുമാണ് ഈ സൗകര്യം

ബഹ്‌റൈൻ വിമാനത്താവളത്തിൽനിന്ന് ഉച്ചയ്ക്കു 2.45ന് ആണ് എയർ ഇന്ത്യ എക്സ്‌പ്രസ് ഐഎക്‌സ് 474 പുറപ്പെടുക. രാത്രി 9.20നു കോഴിക്കോട്ട് എത്തുന്നവർക്കു രാത്രി 10.50ന് അവിടെ നിന്നുള്ള ഐഎക്‌സ് 374 വിമാനത്തിൽ തിരുവനന്തപുരത്തേക്കു പോകാം. 11.45നു തിരുവനന്തപുരത്തെത്തും. തിരികെ ബഹ്‌റൈനിലേക്കും ഇതേ സൗകര്യം ലഭിക്കും. തിരുവനന്തപുരത്തുനിന്നു രാവിലെ ഏഴിനു പുറപ്പെടുന്ന വിമാനം 7.50നു കോഴിക്കോട്ടെത്തും. അവിടെനിന്നു 11.30നു പുറപ്പെടുന്ന വിമാനം 1.20നു ബഹ്‌റൈനിലെത്തും. ട്രാൻസിറ്റ് സൗകര്യത്തോടെയാണു ബഹ്‌റൈൻ-തിരുവനന്തപുരം സർവീസ്.

ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്തിനു പോകാൻ ഉപയോഗിക്കുന്ന അതേ വിമാനം കുവൈത്തിൽനിന്നു ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് യാത്രക്കാർക്കും പ്രയോജനപ്പെടും. കുവൈത്തിൽനിന്ന് ഉച്ചയ്ക്കു 2.10നു പുറപ്പെടുന്ന വിമാനം രാത്രി 9.20നു കോഴിക്കോട്ടെത്തും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന വിമാനം 7.50നു കോഴിക്കോട്ടെത്തും. തുടർന്ന് ഇവിടെനിന്നു 10.50നു പുറപ്പെട്ട് 1.10നു കുവൈത്തിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാം.