കുവൈത്ത് സിറ്റി : കുവൈറ്റ് മന്ത്രിസഭ രാജി വച്ചു. 16 അംഗ മന്ത്രിസഭയുടെ രാജി പ്രധാനമന്ത്രി ജാബിർ അൽ മുബാറക്ക് അൽ ഹമദ് അൽ സബാ കുവൈത്ത് അമീർ ഷേഖ് സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബയ്ക്ക് സമർപ്പിച്ചു. മന്ത്രിസഭയുടെ രാജി സ്വീകരിച്ച അമീർ അടുത്ത മന്ത്രിസഭ രൂപവത്കരിക്കുന്നതുവരെ അധികാരത്തിൽ തുടരാൻ ആവശ്യപ്പെട്ടു.

രാജകുടുംബാംഗവും ക്യാബിനറ്റ് കാര്യമന്ത്രിയുമായ ഷേഖ് മുഹമ്മദ് അൽ അബ്ദുള്ള അൽ സബയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവച്ചത്. രാജകുടുംബത്തിനെതിരെ അവിശ്വാസം പാസാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമാനമായ സാഹചര്യങ്ങളിൽ മന്ത്രിസഭ രാജിവയ്ക്കുന്ന കീഴ് വഴക്കത്തിന് പ്രേരിപ്പിച്ചത്.

പത്ത് എം പിമാർ ചേർന്നാണ് മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ ക്രമക്കേട് ആരോപിച്ച് അവിശ്വാസ പ്രമേയത്തിന് നോട്ടീസും കുറ്റവിചാരണ നോട്ടീസും നൽകിയത്. എന്നാൽ പാർലമെന്റ് പിരിച്ചു വിടാൻ സാധ്യതയില്ലെന്നു സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. നാളെ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മന്ത്രിമാർ പങ്കെടുക്കില്ലെന്നും സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു.