കുവൈത്തിൽ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി. ചൊവ്വാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മെയ് 23ന് ഞായറാഴ്ച മുതൽ ഉത്തരവിന് പ്രാബല്യമുണ്ടാവും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരുന്നത്. ആരോഗ്യ മാർഗനിർദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്ന നിബന്ധനയോടെയാണ് നിയന്ത്രണം ലഘൂകരിച്ചത്. നിലവിൽ ഡെലിവറിയോ ടേക്ക് വേ സംവിധാനമാണുള്ളത്.

ഇതിനൊപ്പം രാജ്യത്തേക്ക് വരുന്ന യാത്രക്കാരിൽ കോവിഡ് വാക്‌സിൻ എടുത്തവരെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ ,കോവിഡ് ബാധിക്കുകയും 90 ദിവസത്തിനുള്ളിൽ രോഗമുക്തി നേടുകയും ചെയ്തവർ ആരോഗ്യ പരമായ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്ത സ്വദേശികൾ (ഇവർ കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്).ഗർഭിണികളായ പൗരന്മാർ,(ഇവരും ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് തെളിവായി സമർപ്പിക്കണം).എന്നീ വിഭാഗങ്ങളെയാണ് ക്വാറന്റൈനിൽ നിന്നും ഒഴിവാക്കിയത് .

എന്നാൽ ഇവർ രാജ്യത്ത് എത്തിയതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ കോവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്ന പി സി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.അതേ സമയം പ്രവാസികളുടെ യാത്ര വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും മന്ത്രി സഭ ഇത് വരെ കൈക്കൊണ്ടിട്ടില്ല