സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കടുപ്പിച്ചിട്ടും കുവൈറ്റിൽ കുറ്റകൃത്യങ്ങൾക്ക് കുറവില്ല.രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്. രണ്ടര മാസങ്ങൾക്കിടെ 380 സൈബർ കേസുകളാണ് നീതിന്യായ മന്ത്രാലയത്തിന്റെ പരിഗണനക്കെത്തിയത്. സൈബർ നിയമം കടുത്തതാക്കിയിട്ടും ഇലക്ട്രോണിക് മീഡിയകളും സാമൂഹിക മാദ്ധ്യമങ്ങളും വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുന്നത് സുരക്ഷാ വിഭാഗത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഫേസ്‌ബുക്ക്, വാട്ട്‌സപ്പ്, ടിറ്റ്‌വർ തുടങ്ങിയ സോഷ്യൽ സൈറ്റുകളിൽ അശ്‌ളീല വാർത്തകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യൽ, ജനങ്ങൾക്ക് അഭിമാനക്ഷതമുണ്ടാക്കുന്ന സന്ദേശങ്ങൾ കൈമാറൽ, നവമാദ്ധ്യമങ്ങളിലൂടെ വഴി ഭീകര സംഘടനകൾക്ക് ആശയപരമായ പിന്തുണ നൽകൽ തുടങ്ങിയ സംഭവങ്ങളാണ് ഇവയിലധികവും. ഇത് കൂടാതെ ഓൺലൈൻ പത്രങ്ങൾ, ചാനലുകൾ എന്നിവ വഴി തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതും മറ്റുള്ളവരുടെ വൈബ് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറിയ സംഭവങ്ങളും പിടികൂടിയിട്ടുണ്ട്.

ജനുവരി 12നായിരുന്നു സൈബർ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക് മീഡിയ നിയമത്തിൽ കുവൈത്ത് ഭേദഗതി നടപ്പാക്കിയത്. കടുത്ത ശിക്ഷാവിധികൾ ഉൾപ്പെടുത്തി നിയമം കർശനമാക്കിയിട്ടും രണ്ടര മാസത്തിനിടെ 380 കേസുകളാണ് സൈബർ
അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തപ്പെട്ടത്.