കുവൈറ്റ് സിറ്റി: വിസാ നിരോധനം സംബന്ധിച്ച് അടുത്തിടെ പുറത്തിറങ്ങിയ അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടിയുമായി കുവൈറ്റ് വിദേശ മന്ത്രാലയം. ഒരു രാജ്യത്തെ പൗരന്മാർക്കും വിസാ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഔദ്യോഗിക വിശദീകരണം കുവൈറ്റ് നൽകിയിട്ടുണ്ട്.

സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു കുവൈത്ത് വീസ നിരോധിച്ചെന്നു വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, വിദേശമന്ത്രാലയത്തിലെ കോൺസുലർ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സമി അൽ ഹമദ് പുറത്തിറക്കിയ പ്രസ്താവനയിൽ ഒരു രാജ്യത്തിന്റെയും പേര് പരാമർശിച്ചിട്ടില്ല. വീസ അനുവദിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിൽപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വീസാ നിരോധനം സംബന്ധിച്ച വാർത്തകൾ പൂർണമായും നിഷേധിക്കുന്നു.

പരാമർശിക്കപ്പെട്ട രാജ്യങ്ങളിൽനിന്നുള്ള വലിയ സമൂഹം കുവൈത്തിലുണ്ട്. ഇപ്പോഴും അവിടങ്ങളിൽനിന്നു നേരിട്ടുള്ള വിമാനങ്ങളിൽ ഒട്ടേറെപ്പേർ സന്ദർശക വീസയിൽ കുവൈത്തിൽ എത്തുന്നുണ്ട്. കുവൈത്തിലെ വാണിജ്യസമൂഹം പതിവുപോലെ അത്തരം രാജ്യങ്ങളുമായി ബന്ധപ്പെടുന്നുമുണ്ട്. വീസ അനുവദിക്കുക എന്നത് ഓരോ രാജ്യത്തിന്റെയും പരമാധികാരമാണെന്നാണ് കുവൈത്ത് വിശ്വസിക്കുന്നത്. അത് ഭീകരപ്രവർത്തനമായോ സംഘർഷവുമായോ ദേശീയതയുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടതല്ലെന്നും സമി അൽ ഹമദ് പറഞ്ഞു.