രാജ്യത്ത് ആശ്രിത വിസയിൽ താമസിക്കുന്ന 24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ സ്‌പോൺസർഷിപ്പിൽ താമസാനുമതി നൽകില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ് വ്യക്തമാക്കി.ഇത്തരത്തിൽ ആശ്രിത വിസയിൽ കഴിയുന്നവർ തൊഴിൽ വിസയിലേക്ക് മാറുകയോ രാജ്യംവിടുകയോ ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

ഇതിനായി നാല് മാസത്തെ സമയ പരിധി അനുവദിക്കുമെന്നും റിപ്പോർട്ട്. ഈ നിബന്ധനയിൽനിന്ന് സ്വദേശികളുമായി കുടുംബ ബന്ധമുള്ള ആശ്രിത വിസക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇക്കൂട്ടർക്ക് നിലവിലേത് പോലെ ഇൻഷുറൻസ് ഫീസും ഇഖാമ ഫീസും കൊടുത്ത് വിസ പുതുക്കാൻ അവസരം നൽകും.

ആശ്രിത വിസയിൽ ഉള്ള മാതാപിതാക്കളുടെ ഇൻഷുറൻസ് ഫീസ് ഭാവിയിൽ പ്രതിവർഷം 300 മുതൽ 600 ദീനാറായി വർധിപ്പിക്കുമെന്നും താമസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ആശ്രിത വിസയിലുള്ള മാതാപിതാക്കളുടെ പ്രായം 65 ൽ കുറവാണെങ്കിൽ പ്രതിവർഷംഒരാൾക്ക് 300 ദിനാറും 75നു മുകളിലാണെങ്കിൽ 600 ദിനാറുംവീതം ഈടാക്കാനാണ് നീക്കം.

മാതാപിതാക്കൾ അംഗപരിമിതരോ ബുദ്ധിമാന്ദ്യമുള്ളവരോ ആണെങ്കിൽ ഇൻഷുറൻസ് ഈടാക്കില്ല. ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ളവരെ കുടുംബവിസയിൽ കൊണ്ടുവരുന്നത് വിലക്കിയുള്ള തീരുമാനം ഉടൻ പിൻവലിക്കുന്നത? കടുത്ത നിബന്ധനകൾക്ക്? വിധേയമായാണ്. ഭാര്യക്കും കുട്ടികൾക്കും പുറമെ രക്ഷിതാക്കളെയും സഹോദരങ്ങളെയും ആശ്രിത വിസയിൽ കൊണ്ടുവരണമെങ്കിൽ പ്രതിവർഷം ഒരാളിൽനിന്ന് 300 ദീനാർ ആരോഗ്യ ഇൻഷുറൻസ് ഈടാക്കണമെന്നതാണ് പ്രധാന നിബന്ധന. ഒരു വർഷത്തേക്ക് ഇഖാമ അടിക്കുന്നതിന് കൊടുക്കേണ്ട 200 ദീനാറിന് പുറമെയാണിത്.