കുവൈത്ത് സിറ്റി: കുവൈത്തിൽ ഗർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിന് നൽകിയിരുന്ന ഇളവുകാലം ഇന്ന് അവസാനിക്കുമെന്ന് മാൻപവർ പബ്‌ളിക് അഥോറിറ്റി ഡയറക്ടർ ജമാൽ അൽദൂസരി അറിയിച്ചു.ഇക്കാര്യത്തിൽ സമയം നീട്ടാൻ സർക്കാറിന് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇനി സമീപഭാവിയിൽ ഇത്തരം സൗകര്യങ്ങൾ നൽകാൻ സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് പകുതിയോടെ ആരംഭിച്ച പദ്ധതിയിലൂടെ 12,000 പേർ  ഗാർഹിക വിസയിൽനിന്ന് തൊഴിൽ വിസയിലേക്ക് മാറി. ഇതോടെ, പ്രാദേശിക വിപണിയിലെ തൊഴിലാളി ആവശ്യം ഏറക്കുറെ നിറവേറ്റപ്പെട്ടതായി അൽദൂസരി പറഞ്ഞു.അതിനിടെ, ഗാർഹിക വിസക്കാർ നിയമം ലംഘിച്ച് പുറത്ത് ജോലി ചെയ്യുന്നത് പിടികൂടാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധക സംഘത്തെ നിയോഗിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോർട്ട്, പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ മാസിൻ ജർറാഹ് അസ്സബാഹിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഗാർഹിക ജോലിക്കാരെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മറ്റും പരിശോധന നടത്തും. പരിശോധനകളിൽ പിടിയിലാവുന്ന നിയമ ലംഘകരെ ഉടൻ നാടുകടത്താനാണ് തീരുമാനം. ഈ ആഴ്ച തന്നെ പരിശോധനകൾക്ക് തുടക്കംകുറിക്കും.