കുവൈത്ത് സിറ്റി: എൻജിനീയേഴ്‌സ് സൊസൈറ്റിയുടെ അനുമതി പത്രം കൂടാതെ വിസ പുതുക്കി കൊടുക്കേണ്ടതില്ലെന്ന തീരുമാനം വന്നതോടെ വിസ പുതുക്കാനാവാതെ നിരവധി എഞ്ചിനിയർമാർ വെട്ടിലായി. രാജ്യത്ത് എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് മാൻപവർ അഥോറിറ്റി പുതിയ നിബന്ധന വെച്ചതാണ് നിരവധി പേർക്ക് കുരുക്കുന്നത്.

എൻജിനീയറിങ് ബിരുദം നേടിയ കോളജിന്റെ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ് എൻജിനീയേഴ്‌സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്.കേരളത്തിൽനിന്ന് 18 കോളജുകൾ മാത്രമാണ് ലിസ്റ്റിലുള്ളത്.
കുവൈത്ത് എൻജിനീയേഴ്‌സ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് പരീക്ഷയുൾപ്പെടെ കടുത്ത നിബന്ധനകളുമുണ്ട്. പരീക്ഷ നല്ല നിലവാരമുള്ളതാണ്. 70 ദീനാറാണ് പരീക്ഷാ ഫീസ്. പ്രതിവർഷം 20 ദീനാർ അംഗത്വം പുതുക്കാൻ നൽകണം. സബ്‌സ്‌ക്രിപ്ഷൻ ഫീസായി 30 ദീനാർ വേറെയും നൽകണം. എൻജിനീയേഴ്‌സ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യാത്തവരോ രജിസ്‌ട്രേഷൻ പുതുക്കാത്തവരോ ആയി നിരവധി എൻജിനീയർമാർ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ട്. കമ്പനികൾ എൻജിനീയർമാരോട് അടിയന്തരമായി രജിസ്റ്റർ ചെയ്യാനും പുതുക്കാത്തവരോട് പുതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

20 ദീനാർ, രണ്ട് ഫോട്ടോ, കുവൈത്ത് എംബസിയും വിദേശകാര്യമന്ത്രാലയവും സാക്ഷ്യ പ്പെടുത്തിയ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, പാസ്‌പോർട്ട് കോപ്പി, അതത് രാജ്യങ്ങളിലെ എൻജിനീയേഴ്‌സ് സിൻഡിക്കേറ്റിന്റെ തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ ഇതിനായി അടിയന്തരമായി സമർപ്പിക്കാനാണ് കമ്പനികൾ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പുതിയ വിസക്കും പുതുക്കുന്നതിനും വിസ മാറ്റത്തിനുമെല്ലാം ഇനി എൻജിനീയേഴ്‌സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണം. കുവൈത്തിൽ സ്വകാര്യമേഖലകളിൽ നിർമ്മാണ കമ്പനികളിലും മറ്റുമായി ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് വിദേശ എൻജിനീയർ മാരാണുള്ളത്. ഇതിൽ നിരവധി പേർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. വിദേശ എൻജിനീയർമാരുടെ യോഗ്യത ഉറപ്പാക്കാനും തൊഴിൽ മന്ത്രാലയം കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം, എൻജിനീയേഴ്സ് സൊസൈറ്റി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്.