കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ജൂൺ മുതൽ കോവിഡ് വാക്‌സീൻ നൽകിത്തുടങ്ങും. 3 മാസം കൊണ്ട് എല്ലാവർക്കും വാക്‌സീൻ നൽകാനാണു പദ്ധതി. വാക്‌സീൻ സ്വീകരിക്കാത്തവർക്കു സെപ്റ്റംബർ തൊട്ട് ഇഖാമ (താമസാനുമതി രേഖ) പുതുക്കേണ്ടെന്നാണു സർക്കാർ നിലപാട്.

കുവൈത്തിൽ കോവിഡ് വാക്‌സിൻ വിതരണം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.നിലവിൽ ഫൈസർ ബയോടെക്, ഓക്സ്ഫോഡ്, ആസ്ട്രസെനക വാക്സിനുകളാണ് വിതരണം ചെയ്തുവരുന്നത്. എന്നാൽ ഇതുവരെ കുവൈത്തിൽ കോവിഡ് വാക്സിന് പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു...

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കർഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറിൽ നിന്നു 10 അല്ലെങ്കിൽ 9 മണിക്കൂർ ആയി ചുരുക്കാനും ആലോചിക്കുന്നുണ്ട്.വൈകിട്ട് 5 നു തുടങ്ങുന്ന കർഫ്യൂ 7നോ 8നോ ആരംഭിക്കുന്നതിനെക്കുറിച്ചു മന്ത്രിസഭ ഈയാഴ്ച തീരുമാനമെടുക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതു ശൗചാലയങ്ങൾ അടച്ചിടാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. 6 ഗവർണറേറ്റുകളിലായി 20 പൊതു ശൗചാലയങ്ങളാണു അടച്ചിടുക.