കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് ഫാമിലി വിസ ലഭിക്കണമെങ്കിലുള്ള അടിസ്ഥാന ശമ്പളപരിധി ഉയർത്തി. നിലവിൽ 250 ദിനാർ എന്നുള്ളത് 450 ദിനാറാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. വിദേശ തൊഴിലാളികളുടെ താമസനിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്.

നിലവിൽ 250 ദിനാർ അടിസ്ഥാന ശമ്പളമുള്ള ഏതു വിദേശിക്കും ഫാമിലി വിസ ലഭിക്കുമായിരുന്നു. എന്നാൽ ഒറ്റയടിക്ക് ശമ്പള നിരക്ക് 200 ദിനാർ ഉയർത്തിയത് പ്രവാസികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇത് വിവിധ മേഖലകളിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വിലയിരുത്തുന്നു. അതേസമയം, നിലവിൽ രാജ്യത്ത് കുടുംബവിസയിൽ കഴിയുന്നവരെയും ഇവിടെ ജനിച്ച മക്കളെയും ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കാൻ റെസിഡൻഷ്യൽ വകുപ്പ് മേധാവിക്ക് അധികാരമുണ്ടാകും.

പ്രവാസി കുടുംബങ്ങളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടി. വിദേശികൾക്കുള്ള താമസ നിയമഭേദഗതി ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ ഖലീദ് അൾ സാബാ പ്രഖ്യാപിച്ചു. ഇതിലൂടെ ആയിരക്കണക്കിന് പ്രവാസികൾക്ക് തങ്ങളുടെ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയക്കേണ്ടി വരും. നേരത്തെ തന്നെ ഇവിടെ താമസിക്കുകയും ഇവിടെ ജനിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്നവരെ പുതിയ നിയത്തിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് പഠിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന നിയമോപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂഷൻ അംഗങ്ങൾ, സ്‌കൂൾ ഡയറക്ടർമാർ, അദ്ധ്യാപകർ, മനഃശാസ്ത്ര വിദഗ്ദ്ധർ, ലാബ് ടെക്‌നീഷ്യന്മാർ, ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സുമാർ, ആംബുലൻസ് ജീവനക്കാർ, ഹെൽത്ത് ടെക്‌നീഷ്യന്മാർ എന്നിവർക്ക് ശമ്പളപരിധി ബാധകമാവില്ല. യൂനിവേഴ്‌സിറ്റി ബിരുദധാരികളായ ധനകാര്യ- സാമ്പത്തിക വിദഗ്ദ്ധർ, എൻജിനീയർമാർ, പള്ളി ഇമാമുമാർ, ബാങ്കുവിളിക്കുന്നവർ, ജുമുഅ പ്രഭാഷകർ, ഖുർആൻ മനഃപാഠമുള്ളവർ എന്നിവർക്കും മിനിമം വേതനം ബാധകമാവില്ല. ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, പ്രഫസർമാർ എന്നിവർക്കും ഇളവുണ്ട്. മാദ്ധ്യമപ്രവർത്തകർ, കായികപരിശീലകർ, സ്പോർട്സ് യൂനിയനുകൾക്കും ക്‌ളബുകൾക്കും കീഴിലെ കളിക്കാർ, പൈലറ്റുമാർ, എയർഹോസ്റ്റസുമാർ, മൃതദേഹങ്ങളുടെ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്നവർ എന്നിവർക്കും കുടുംബ വിസ ലഭിക്കുന്നതിന് 450 ദിനാർ ശമ്പളം വേണമെന്ന നിബന്ധന ബാധകമാവില്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ഓഫിസുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും സെക്രട്ടറിമാർ എന്നിവരും ഈ നിബന്ധനയുടെ പരിധിയിൽ വരില്ല.