പ്രവാസികൾക്ക് താത്കാലിക ആശ്വാസം നല്കി കുവൈത്തിൽ നിർദ്ദിഷ്ട ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തനസജ്ജമാകുന്നത് വരെ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അമ്പത് ദിനാർ ആയി തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 2020 ൽ ആശുപത്രികളുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

നിർദ്ദിഷ്?ട ആശുപത്രി പൂർണമായും പ്രവർത്തനസജ്ജമായാൽ ഹെൽത് ഇൻഷുറൻസ് പ്രീമിയം 130 ദീനാറാക്കി വർധിപ്പിക്കും. അതുവരെ നിലവിലെ 50 ദീനാർ തോതിൽ തന്നെയായിരിക്കും വാർഷിക പ്രീമിയം ഈടാക്കുക. തുടക്കത്തിൽ ജഹറ, അഹ്മദി എന്നിവിടങ്ങളിൽ 600 രോഗികളെ വീതം കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള രണ്ട് ആശുപത്രികളാണ് പ്രവർത്തിക്കുക. പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തികളും പുരോഗമിക്കുകയാണ്. ഇതിന് പുറമെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ചിലത് വാടകക്ക് എടുക്കാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

അതിനിടെ നിലവിൽ ആരോഗ്യ ഇൻഷുറൻസ്? സേവനങ്ങൾ നൽകിവരുന്ന കമ്പനിയുമായുള്ള കരാർ അടുത്ത വർഷം ജനുവരി 27 വരെ നീട്ടിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.