കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘത്തിന്റെ കേരള സന്ദർശനം വീണ്ടും മാറ്റിയതോടെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വീണ്ടും പ്രതിസന്ധിയിലായി.16, 17 തിയ്യതികളിലായി കേരളത്തിലെത്തുമെന്ന് അറിയിച്ചിരുന്ന സംഘം എത്തുന്നില്ലായെന്ന് ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു.നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി നിയോഗിക്കപ്പെട്ട സർക്കാർ ഏജൻസികളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം മെഡിക്കൽ സർവീസ് വിഭാഗം മേധാവി ഡോ ജമാൽ അല ഹർബി, നിയമ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ മഹമൂദ് അബ്ദുൽ ഹാദി എന്നിവരടങ്ങുന്ന സംഘം കേരളത്തിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 

ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരള മുഖ്യ മന്ത്രിയുൾപ്പെടെയുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു.ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ യാത്ര തൽക്കാലം മാറ്റിവെക്കുകയാണെന്നും രണ്ടാഴ്ചക്കകം സന്ദർശനമുണ്ടാവുമെന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചത്.ഇത് രണ്ടാം തവണയാണ് കുവൈത്ത് സംഘത്തിന്റെ കേരള യാത്ര മാറ്റി വെക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ സംഘം കേരളത്തിലെത്തുമെന്നു അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം സന്ദർശനം മാറ്റിവച്ചു.

തുടർന്ന് ജനുവരിയിൽ സംസ്ഥാന പ്രവാസികാര്യ മന്ത്രി കെസി ജോസഫിന്റെ നേതൃത്വത്തിൽ നോർക്ക ഒടെപെക് പ്രതിനിധികൾ കുവൈത്തിലെത്തി ഡോ ജമാൽ അൽ ഹർബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 3000ത്തോളം ഇന്ത്യൻ നഴ്‌സുമാരെ ആരോഗ്യമന്ത്രാലയം നേരിട്ട് റിക്രൂട്ട് ചെയ്യുമെന്നും, മാർച്ചിൽ കുവൈത്ത് എംഒഎച്ച് പ്രതിനിധികൾ കേരളം സന്ദർശിക്കുമെന്നും മന്ത്രി കെസി ജോസഫ് എംബസ്സിയിൽ നടന്ന പ്രവാസി പ്രതിനിധികളുടെ യോഗത്തിൽ അറിയിക്കുകയായിരുന്നു. എന്നാൽ രണ്ടാം തവണയും റിക്രൂട്ട്‌മെന്റ് നടക്കാഞ്ഞതോടെ ആശങ്കയിലായിരിക്കുകയാണ് നഴ്‌സുമാർ.